കോഴിക്കോട്: നാടിന്റെ നൊമ്പരമായി മാറി കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ ആര്‍.ആര്‍.ടി വാച്ചറുടെ മരണം. തോട്ടം-വനം മേഖലയായ തൃശൂര്‍ പാലപ്പിള്ളിയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും കാട്ടാനകളില്‍ നിന്നുള്ള കാവലാളായാണ് കോഴിക്കോട് മുക്കം സ്വദേശി ഹുസൈന്‍ (32) എത്തിയത്.
സെപ്റ്റംബര്‍ നാലിന് ഉച്ചയ്ക്കായിരുന്നു ഹുസൈനെ കാട്ടാന ആക്രമിച്ചത്. ആക്രമണത്തില്‍ വാരിയെല്ല് തകര്‍ന്ന് ശ്വാസകോശത്തില്‍ തുളഞ്ഞുകയറി. ശ്വാസകോശത്തിലുണ്ടായ അണുബാധയായിരുന്നു മരണകാരണം. തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഹുസൈന്‍ കഴിഞ്ഞ ദിവസമാണ് മരണത്തിന് കീഴടങ്ങിയത്.
വയനാട്ടിലെ വിക്രം, ഭരത് എന്നീ കുങ്കിയാനകളോടൊപ്പം വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ എത്തിയ 12 അംഗ സംഘത്തിലെ ആര്‍.ആര്‍.ടി വാച്ചറായിരുന്നു ഹുസൈന്‍.
കാടിറങ്ങി ഭീതി വിതക്കുകയും കാര്‍ഷിക വിളകള്‍ നശിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന കാട്ടാനകളെ തുരത്താന്‍ ഈമാസം രണ്ടിനാണ് കുങ്കി ആന ദൗത്യ സംഘം പാലപ്പിള്ളിയില്‍ എത്തിയത്. നാലിന് കള്ളായി കുട്ടന്‍ച്ചിറ തേക്ക് തോട്ടത്തില്‍ തമ്പടിച്ചിരുന്ന ഒറ്റയാനെ കാടുകയറ്റാന്‍ ശ്രമിച്ചുകൊണ്ടിരിക്കെ അപ്രതീക്ഷിതമായാണ് ആക്രമണമുണ്ടായത്. ദൗത്യ സംഘത്തിനുനേരെ കാട്ടാന പാഞ്ഞടുത്തതോടെ കാലിടറിവീണ ഹുസൈനെ ആക്രമിക്കുകയായിരുന്നു.
ദൗത്യ സംഘത്തില്‍ വളരെ കാര്യപ്രാപ്തിയുള്ള വാച്ചര്‍മാരില്‍ ഒരാളായിരുന്നു ഹുസൈനെന്ന് പാലപ്പിള്ളി റേഞ്ച് ഓഫിസര്‍ പ്രേം ഷെമീര്‍ പറഞ്ഞു. മൃതദേഹം അങ്കമാലി മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.
2010ല്‍ താമരശ്ശേരി വനം റെയ്ഞ്ചില്‍ പാമ്പ് പിടുത്തക്കാരനായാണ് വനം വകുപ്പില്‍ താല്‍കാലിക ജീവനക്കാരനായി ഹുസൈന്‍ സേവനം തുടങ്ങിയത്. പിന്നീട് താമരശ്ശേരി ആര്‍.ആര്‍.ടി അംഗമായി. കഴിവ് തിരിച്ചറിഞ്ഞ വൈല്‍ഡ് ലൈഫ് വെറ്ററിനറി ഓഫിസര്‍ ഡോ. അരുണ്‍ സക്കറിയ 2014ല്‍ വയനാട് വന്യജീവി സങ്കേതം ആര്‍.ആര്‍.ടി അംഗമാക്കുകയായിരുന്നു.
അന്നുമുതല്‍ കേരളത്തിലെ പ്രധാന ആന, കടുവ, പുലി ആക്രമണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയിലുണ്ടായിരുന്നു. ആദ്യ കുങ്കിയാനകളായ വടക്കനാട്, കല്ലൂര്‍ കൊമ്പനാനകളെ പിടികൂടി മെരുക്കുന്നതില്‍ പ്രധാന ജോലി നിര്‍വഹിച്ചത് ഹുസൈനാണ്. മാനന്തവാടി കുറുക്കന്‍മൂലക്കാരുടെ ഉറക്കം കെടുത്തിയ കടുവയെ കണ്ടെത്താന്‍ ഒരുമാസം നീണ്ട ദൗത്യത്തിലെ പ്രധാന സംഘാംഗമായിരുന്നു. ഒടുവില്‍ സുല്‍ത്താന്‍ ബത്തേരി മണ്ഡകമൂലയില്‍ കടുവ കുഞ്ഞിനെ പിടികൂടി തള്ളക്കടുവക്കൊപ്പം വിടാന്‍ നിയോഗിക്കപ്പെട്ട സംഘത്തിലും നിറസാന്നിധ്യമുണ്ടായിരുന്നു.
കാടിനും നാടിനും കാവല്‍ നിന്ന ഹുസൈന്റെ കുടുംബത്തിന് വനംവകുപ്പ് 10 ലക്ഷം രൂപ ധനസഹായം നല്‍കും. ഇതില്‍ ആദ്യ ഗഡുവായി 5 ലക്ഷം രൂപ മന്ത്രി എ.കെ.ശശീന്ദ്രന്‍ നേരിട്ട് വീട്ടിലെത്തി കൈമാറും. ഹുസൈന്റെ മൃതദേഹത്തെ അനുഗമിക്കാന്‍ ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസറെയും രണ്ട് റേഞ്ച് ഓഫിസര്‍മാരെയും ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.