ജി20 വേദിയില്‍ ചര്‍ച്ച നടത്തി ഇന്ത്യ-ചൈന വിദേശകാര്യമന്ത്രിമാര്‍; എല്‍.എ.സി കരാര്‍ ഒപ്പുവെച്ചതിന് ശേഷമുള്ള കൂടിക്കാഴ്ച
World News
ജി20 വേദിയില്‍ ചര്‍ച്ച നടത്തി ഇന്ത്യ-ചൈന വിദേശകാര്യമന്ത്രിമാര്‍; എല്‍.എ.സി കരാര്‍ ഒപ്പുവെച്ചതിന് ശേഷമുള്ള കൂടിക്കാഴ്ച
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 19th November 2024, 12:47 pm

റിയോ ഡി ജനീറോ: ബ്രസീലില്‍ നടക്കുന്ന ജി.20 ഉച്ചകോടിക്കിടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ട്. ഒക്ടോബറില്‍ ഇന്ത്യയും ചൈനയും തമ്മില്‍ എല്‍.എ.സി കരാറില്‍ ഒപ്പുവെച്ചതിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണിത്.

ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നടക്കുന്ന ജി20 ഉച്ചകോടിയില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയ ഇരു രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും യഥാര്‍ത്ഥ നിയന്ത്രണരേഖ (എല്‍.എ.സി) കരാറിനെ കുറിച്ചും മറ്റ് ആഗോള വിഷയങ്ങളെ കുറിച്ചും ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ട്.

അതേസമയം എല്‍.എ.സി കരാറിന്റെ അടിസ്ഥാനത്തില്‍ അതിര്‍ത്തിയില്‍ ഉടമ്പടി പ്രകാരമുള്ള നടപടി ക്രമങ്ങള്‍ പുരോഗമിച്ചതായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ പറഞ്ഞു.

കസാനില്‍ വെച്ച് നടന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഷി ജിങ് പിങ്ങും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതോടെ ഇരു രാജ്യങ്ങളും സമവായത്തിലെത്തിയെന്നും ഉടമ്പടിയുടെ അടിസ്ഥാനത്തില്‍ നടപടി ക്രമങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതായും എസ്. ജയശങ്കര്‍ പറഞ്ഞു.

കൂടാതെ ഇന്ത്യ- ചൈന അതിര്‍ത്തികളിലെ പുരോഗതികളും രാജ്യങ്ങളുടെ ഉഭയകക്ഷി ബന്ധങ്ങളും ചര്‍ച്ച ചെയ്തതായും വിദേശകാര്യ മന്ത്രി കൂട്ടിച്ചേര്‍ത്തു.

ജി20യിലും ബ്രിക്‌സ് ഉച്ചകോടിയിലും ഇരു രാജ്യങ്ങളുടെയും ഇന്താരാഷ്ട്ര തലത്തിലുളള ഇടപെടലുകളും പ്രാധാന്യവും ചര്‍ച്ച ചെയ്യപ്പെട്ടുവെന്നും എസ്. ജയശങ്കര്‍ പറഞ്ഞു.

നേരത്തെ കസാനില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ ഇരു രാജ്യങ്ങളിലെ പ്രധാന മന്ത്രിമാരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയ്ക്ക് ശേഷം വിദേകാര്യ മന്ത്രിമാരുടെ യോഗം പെട്ടെന്നു തന്നെ ഉണ്ടാവുമെന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തുന്നത്.

കസാനില്‍ നടന്ന ബ്രിക്സ് ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയും ചൈനീസ് പ്രസിഡന്റും തമ്മില്‍ കൂടിക്കാഴ്ചയില്‍ നയതന്ത്രവുമായി ബന്ധപ്പെട്ട തീരുമാനങ്ങളിലെത്തുകയും ചെയ്തിരുന്നു.

ബ്രസീലില്‍ നടക്കാനിരിക്കുന്ന ജി20 ഉച്ചകോടിയില്‍ ഇരു രാജ്യങ്ങളുടെയും ഉദ്യോഗസ്ഥര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തിയേക്കുമെന്നും നിലപാടുകളെടുക്കേണ്ടത് ഇന്ത്യയാണെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Content Highlight: Foreign Ministers of India and China discussed at G20; Meeting after signing of LAC agreement