കോണ്‍സ്റ്റാന്റിനോപ്പിള്‍, ഒരിക്കലും കീഴടക്കാനാവാത്തത് എന്ന് വിശ്വസിച്ചു പോന്ന ചുവന്ന ആപ്പിള്‍. പതിമൂന്നാം നൂറ്റാണ്ടുവരെ ലോകത്തെ ഏറ്റവും സമ്പന്നമായ നഗരമായിരുന്നു അത്. ഏഷ്യ, യൂറോപ്പ്, ഭൂഖണ്ഡങ്ങളുടെ ഇടയില്‍ പ്രകൃതിദത്തമായ സമുദ്രാതിര്‍ത്തിയും അന്നോളം നിര്‍മ്മിക്കപ്പെട്ട ഏറ്റവും ശക്തമായ കോട്ടമതിലുകളും ചേര്‍ന്ന് അതിനു സംരക്ഷണം ഒരുക്കി. എന്നാല്‍ ഈ ചരിത്രം മാറ്റിയെഴുതിയ വര്‍ഷമായിരുന്നു 1453. തന്റെ ഇരുപത്തിമൂന്നാമത്തെ വയസ്സില്‍ മുഹമ്മദ് രണ്ടാമന്‍ എന്ന ഭരണാധികാരി യുദ്ധരംഗത്ത് അന്ന് ഏറ്റവും നവീനമായ വലിയ പീരങ്കികളുടെ സഹായത്തോടെ 53 ദിവസം നീണ്ടു നിന്ന ഉപരോധത്തിനൊടുവില്‍ കോണ്‍സ്റ്റാന്റിനോപ്പിളിന്റെ അഭേദ്യമായി അന്നോളം കരുതിയിരുന്ന മതിലുകള്‍ തകര്‍ത്ത് നഗരം കീഴടക്കി.
ചരിത്രത്തില്‍ കോണ്‍സ്റ്റാന്റിനോപ്പിളിന്റെ പതനത്തോളം മാറ്റങ്ങള്‍ കൊണ്ടുവന്ന മറ്റൊരു സംഭവം ഉണ്ടായിട്ടുണ്ടോ എന്ന് തന്നെ സംശയമാണ്. ബൈസന്റൈന്‍ സാമ്രാജ്യത്തിന്റെ അവസാന കച്ചിത്തുരുമ്പായിരുന്ന അവരുടെ തലസ്ഥാന നഗരം ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ പുതിയ തലസ്ഥാനമായി പരിവര്‍ത്തനപ്പെട്ടതോടെ ഒരു പുതിയ ലോകമാണ് പിറന്നത്. കുരിശു യുദ്ധങ്ങള്‍ അവസാനിച്ചു, യൂറോപ്പില്‍ നവോത്ഥാനവും മതപരിഷ്‌കരണവും ആരംഭിച്ചു, പുതിയ കടല്‍പ്പാതകള്‍ തേടിയിറങ്ങിയ പാശ്ചാത്യര്‍ കോളനി വത്കരണത്തിലൂടെ ലോകം കീഴടക്കി. അതിന്റെ തുടര്‍ച്ചകള്‍ ഇന്നും അവസാനിച്ചിട്ടില്ല.
ഈ ചരിത്രവസ്തുതകള്‍ ഇപ്പോള്‍ ചര്‍ച്ചയാവുന്നത് കോണ്‍സ്റ്റാന്റിനോപ്പിള്‍ (ഇസ്താംബുള്‍) നഗരത്തിന്റെ ചരിത്രത്തോളം തന്നെ പഴക്കമുള്ള ഹയാ സോഫിയ എന്ന കെട്ടിടം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മുസ്ലിം ആരാധനയ്ക്കായി തുറന്നു കൊടുത്ത തുര്‍ക്കിയുടെ നടപടിയിലൂടെയാണ്. സാമ്രാജ്യങ്ങളിലൂടെ കൈമാറ്റം ചെയ്തു വന്ന അധികാര ചിഹ്നമായിരുന്നു ഹയാ സോഫിയ എന്ന് പറയാം.
ഹയാ സോഫിയ
ഒരു പ്രാദേശിക പാഗന്‍ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ക്ക് മുകളിലാണ് എ.ഡി 325 ല്‍ ആദ്യത്തെ ക്രിസ്ത്യന്‍ ദേവാലയം അവിടെ സ്ഥാപിക്കപ്പെടുന്നത്. അതിനു ശേഷം ഒന്നിലധികം തവണ അഗ്‌നിക്കിരയായ പള്ളി ഇന്ന് കാണുന്ന കെട്ടിടമായി നിര്‍മ്മിച്ചത് എ.ഡി 532 ല്‍ ജസ്റ്റീനിയന്‍ ചക്രവര്‍ത്തിയാണ്. ഡോം ആകൃതിയില്‍ ഒരുക്കിയ അക്കാലത്തെ ഏറ്റവും വലിയ കെട്ടിടമായിരുന്നു അത്, കിഴക്കന്‍ ഓര്‍ത്തഡോക്്‌സ് സഭയുടെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രം. ഭൂകമ്പത്തെ തുടര്‍ന്ന് തകര്‍ന്ന കെട്ടിടം 563 ല്‍ വീണ്ടും പുതുക്കിപ്പണിതു.
കിഴക്കും പടിഞ്ഞാറും അടക്കിഭരിച്ചിരുന്ന ബൈസന്റൈന്‍ സാമ്രാജ്യത്തിനു മേല്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഭീഷണി അധികം വൈകാതെ ആരംഭിച്ചു. ഇസ്‌ലാമിന്റെ ആവിര്‍ഭാവമായിരുന്നു അത്. കുറഞ്ഞ കാലം കൊണ്ട് ശക്തി പ്രാപിച്ച മുസ്ലിം ഖിലാഫത്തിനോട് പിടിച്ചു നില്‍ക്കാനാവാതെ അവരുടെ സാമ്രാജ്യത്തിലെ പല ഭാഗങ്ങളും നഷ്ടപ്പെട്ടു. എങ്കിലും കോണ്‍സ്റ്റാന്റിനോപ്പിള്‍ നഗരം അതിന്റെ പ്രത്യേകതകള്‍ കൊണ്ട് പിടിച്ചു നിന്നു.
8-9 നൂറ്റാണ്ടുകളില്‍ ഉയര്‍ന്നു വന്ന Iconoclast ഭരണത്തിന് കീഴില്‍ ഹയാ സോഫിയയിലെ മനുഷ്യ രൂപമുള്ള ചിത്രങ്ങളും പ്രതിമകളും തകര്‍ക്കപ്പെടുകയോ മറയ്ക്കപ്പെടുകയോ ചെയ്തു. മനുഷ്യ രൂപം കൊത്തിവെക്കുന്നതും വിഗ്രഹാരാധനയും ക്രിസ്ത്യന്‍ വിശ്വാസത്തിനെതിരാണ് എന്ന വാദമാണ് ഈ കാലത്ത് ഭരണത്തില്‍ ഉണ്ടായിരുന്ന ലിയോ മൂന്നാമന്‍, തിയോഫിലസ് എന്നീ ഭരണാധികാരികള്‍ ഉയര്‍ത്തിയത്. എന്നാല്‍ ഈ ഭരണത്തിന് ശേഷം ചിത്രങ്ങള്‍ പുനഃസ്ഥാപിക്കപ്പെട്ടു. 9-10 നൂറ്റാണ്ടുകളില്‍ ഉണ്ടായ ഭൂകമ്പങ്ങളില്‍ വീണ്ടും കെട്ടിടത്തിന് കേടുപാടുകള്‍ ഉണ്ടായി.
ബൈസന്റൈന്‍ സാമ്രാജ്യത്തെ സംബന്ധിച്ചിടത്തോളം പിന്നീടുള്ള സമയം ഒട്ടും നല്ലതായിരുന്നില്ല. പടിഞ്ഞാറ് കത്തോലിക്കരും കിഴക്ക് ഇസ്‌ലാമും അവരുടെ പ്രദേശങ്ങള്‍ ഒന്നൊന്നായി കീഴടക്കുകയായിരുന്നു. എങ്കില്‍ തന്നെയും കുരിശു യുദ്ധം പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ അതൊരു അവസരമായി കണ്ട് മുസ്‌ലിം ഭീഷണിക്കെതിരെ അവര്‍ കുരിശുയുദ്ധക്കാരെ സഹായിച്ചു. രണ്ടാം കുരിശു യുദ്ധത്തോടെ ജറുസലേമിന്റെ ആധിപത്യം നഷ്ടമായ പടിഞ്ഞാറന്‍ ശക്തികള്‍ക്ക് മൂന്നാം കുരിശു യുദ്ധത്തിലും പരാജയം തന്നെ നേരിട്ടു. നാലാം കുരിശു യുദ്ധത്തിനെത്തിയ വെനീഷ്യന്‍ പട പക്ഷേ കോണ്‍സ്റ്റാന്റിനോപ്പിളിന് നേരെ തിരിഞ്ഞു.
ചതിയിലൂടെ ലാറ്റിന്‍ സൈന്യം നഗരത്തില്‍ പ്രവേശിക്കുകയും ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ക്ക് മേലെ അക്രമം അഴിച്ചു വിടുകയും ചെയ്തത് 1204 ലാണ്. ദിവസങ്ങളോളം നഗരത്തില്‍ കൊള്ളയും കൊലയും നടന്നു, ഹയാ സോഫിയ ആക്രമിക്കപ്പെട്ടു, വിശുദ്ധരുടെ അവശേഷിപ്പുകള്‍ നശിപ്പിക്കപ്പെട്ടു. ശേഷം ഹയാ സോഫിയയെ ഒരു കത്തോലിക്ക പള്ളിയായി പരിവര്‍ത്തനപ്പെടുത്തി. ഈ അധിനിവേശം ആറ് പതിറ്റാണ്ടോളം തുടര്‍ന്നു. ഇറ്റലിയിലെയും ജര്‍മ്മനിയിലെയും ചില കത്തോലിക്കാ പള്ളികളില്‍ ഇപ്പോഴും കോണ്‍സ്റ്റാന്റിനോപ്പിളില്‍ നിന്നും കൊള്ള ചെയ്ത മുതലുകള്‍ കാണാനാവും.
1261 ല്‍ ബൈസന്റൈനുകള്‍ വീണ്ടും നഗരം പിടിച്ചെടുത്തെങ്കിലും പഴയ പ്രതാപത്തിലേക്ക് തിരിച്ചു വരാന്‍ പിന്നീട് ഒരിക്കലും അവര്‍ക്കു കഴിഞ്ഞില്ല. ഓട്ടോമന്‍ സാമ്രാജ്യം കോണ്‍സ്റ്റാന്റിനോപ്പിളിന്റെ അതിര്‍ത്തികളിലേക്ക് വ്യാപിച്ചു. പതിനഞ്ചാം നൂറ്റാണ്ടു വരെ പലപ്പോഴായി ശ്രമിച്ചെങ്കിലും കോണ്‍സ്റ്റാന്റിനോപ്പിള്‍ കീഴടക്കാന്‍ അവര്‍ക്ക് സാധിച്ചില്ല.
‘നിശ്ചയം ഒരു നാള്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ കീഴടക്കപ്പെടും, ആ സൈന്യത്തിന്റെ നായകന്‍ എത്ര പ്രതാപിയാണ്. ആ സൈന്യം എത്ര മഹത്തരമാണ്.’ പ്രവാചകന്‍ മുഹമ്മദിന്റെ ഈ വചനം വളരെ ചെറുപ്പം തൊട്ട് സുല്‍ത്താന്‍ മുഹമ്മദിനെ സ്വാധീനിച്ചിരുന്നു. ഏഴോളം ഭാഷകളില്‍ പ്രാവീണ്യമുണ്ടായിരുന്ന മുഹമ്മദ് രണ്ടാമന്‍ ക്ലാസിക്കല്‍ ഗ്രീക്ക് സാഹിത്യത്തെ കുറിച്ച് നല്ല അറിവുണ്ടായിരുന്ന വ്യക്തിയായിരുന്നു. സ്വയം ഒരു കവിയായിരുന്ന അദ്ദേഹം ‘അവ്‌നി’ എന്ന തൂലികാ നാമത്തിലായിരുന്നു എഴുതിയിരുന്നത്.
ഓട്ടോമാന്‍ സാമ്രാജ്യം കീഴടക്കിയ പ്രദേശങ്ങള്‍
നഗരം കീഴടക്കി മൂന്ന് ദിവസത്തിന് ശേഷമാണ് സുല്‍ത്താന്‍ അവിടേക്ക് പ്രവേശിക്കുന്നത്. അത് വരെ സൈന്യം കോണ്‍സ്റ്റാന്റിനോപ്പിളിലെ പള്ളികളും വീടുകളും കൊള്ളയടിച്ചു. ഹയാ സോഫിയയില്‍ പ്രവേശിച്ച അദ്ദേഹം നെറ്റി മണ്ണോടു ചേര്‍ത്ത് ദൈവത്തെ പ്രണമിച്ച ശേഷം ആദ്യം ചെയ്തത് അള്‍ത്താര തകര്‍ക്കാന്‍ ഉത്തരവിടുകയാണ് എന്നാണ് പല ചരിത്രകാരന്മാരും രേഖപ്പെടുത്തിയിട്ടുള്ളത്. എങ്കിലും പല അമൂല്യമായ ചിത്രപ്പണികളും അദ്ദേഹം സംരക്ഷിച്ചു. പള്ളി മണിയും ഡോമിന് മുകളിലെ കുരിശും നീക്കം ചെയ്യപ്പെടുകയും മുസ്ലിം രീതിയില്‍ മിമ്പറും മിഹ്റാബും സ്ഥാപിക്കുകയും ചെയ്തു. തന്റെ ഭരണം റോമാ സാമ്രാജ്യത്തിന്റെ അവസാനമല്ല അതിന്റെ തുടര്‍ച്ചയാണ് എന്ന് വിശ്വസിച്ച മുഹമ്മദ് സ്വയം കൈസര്‍ ഇ റൂം (സീസര്‍ ഓഫ് റോം) എന്ന സ്ഥാനപ്പേര് സ്വീകരിച്ചു.
അഞ്ച് നൂറ്റാണ്ട് മുസ്ലിം പള്ളിയായ കെട്ടിടം 1912 ലെ ബാല്‍ക്കന്‍ യുദ്ധവേളയില്‍ കോളറ രോഗികളുടെ ചികിത്സയ്ക്ക് ആശുപത്രിയാക്കി മാറ്റി. ഒന്നാം ലോക മഹായുദ്ധ സമയത്ത് ഗ്രീക്കുകാരുടെ കയ്യില്‍ ഹയാ സോഫിയ തിരിച്ചെത്താതിരിക്കാന്‍ ആ കെട്ടിടം തകര്‍ക്കാന്‍ തുര്‍ക്കി ശ്രമിച്ചതായി പറയപ്പെടുന്നു. ഓട്ടോമന്‍ ഭരണത്തിന്റെ അവസാനത്തിനു ശേഷം മുസ്തഫാ കമാല്‍ അതാ തുര്‍ക്കിന്റെ ഭരണത്തില്‍ അതിനെ 1935 ല്‍ മ്യൂസിയമാക്കി മാറ്റി.
ലോക പൈതൃകമായി യുനെസ്‌കോ അംഗീകരിച്ച ഹയാ സോഫിയ ഇസ്താംബൂളില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തുന്ന ഇടമാണ്. അതാ തുര്‍ക്കിന്റെ ആ നിലപാട് യഥാര്‍ത്ഥത്തില്‍ ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയായിരുന്നു. കാരണം, ആയിരം വര്‍ഷത്തിലധികം ഓര്‍ത്തഡോക്‌സ് പള്ളിയായിരുന്ന ഹയാ സോഫിയ മുസ്ലിം പള്ളിയില്‍ നിന്നും മ്യൂസിയം ആക്കി മാറ്റാതെ ഓട്ടോമന്‍ കാലത്തിന് മുമ്പുള്ള സ്ഥിതിയിലേക്ക് കൊണ്ടുവരാത്തതിനാലാണ് ഇപ്പോള്‍ എര്‍ദോഗന് മതമൗലിക നിലപാട് എളുപ്പത്തില്‍ ഊട്ടിയുറപ്പിക്കാന്‍ സാധിച്ചത്.
ഹയാ സോഫിയ
സുല്‍ത്താന്‍ മുഹമ്മദ് ഹയാ സോഫിയ കെട്ടിടം ഓര്‍ത്തഡോക്‌സ് സഭയില്‍ നിന്ന് പണം നല്‍കി വാങ്ങി എന്ന് രേഖാമൂലം തെളിയിക്കപ്പെട്ടതിനെ തുടര്‍ന്നാണ് കോടതി അതിനെ മുസ്ലിം ആരാധനയ്ക്കായി വിട്ടുകൊടുത്തത് എന്ന് തുര്‍ക്കി ഭരണകൂടം പറയുന്നു. പതിനഞ്ചാം നൂറ്റാണ്ടില്‍ ഓട്ടോമന്‍ സൈന്യം നഗരം പിടിച്ചെടുത്ത വേളയില്‍ ഓര്‍ത്തഡോക്‌സ് സഭ അവരുടെ പൈതൃക കേന്ദ്രം സുല്‍ത്താന് വിറ്റിട്ടുണ്ടെങ്കില്‍ അത് ഏത് സാഹചര്യത്തിലാവും? അങ്ങനെ ഒന്ന് നടന്നിട്ടുണ്ടെങ്കില്‍ അത് അള്‍ത്താരയും കുരിശും തകര്‍ത്ത് കെട്ടിടത്തെ മുസ്ലിം പള്ളിയാക്കി മാറ്റിയതിന് ശേഷമാവാനേ സാധ്യതയുള്ളൂ. തുര്‍ക്കിയില്‍ ഇസ്ലാമിക മത മൗലികവാദത്തിന്റെ തിരിച്ചുവരവ് പൂര്‍ണ്ണമാക്കിയ പ്രസിഡണ്ട് റജബ് ത്വയിബ് എര്‍ദോഗന്റെ ദീര്‍ഘകാല വാഗ്ദാനം പൂര്‍ത്തീകരിക്കപ്പെടുകയായിരുന്നു അതിലൂടെ. കഴിഞ്ഞ് ജൂലൈ 24 ന് എര്‍ദോഗന്റെ മുന്‍കയ്യില്‍ അവിടെ ജുമാ നമസ്‌കാരം നടന്നു.
എര്‍ദോഗന്‍ ഭരണത്തിനു കീഴില്‍ തുര്‍ക്കി ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്കും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും ജനാധിപത്യവാദികള്‍ക്കും എതിരെ നടത്തുന്ന അടിച്ചമര്‍ത്തലുകളും കുര്‍ദുകള്‍ക്ക് നേരെ നടത്തുന്ന വംശഹത്യയും, ശക്തമാവുന്ന മതമൗലികവാദവും എല്ലാം പ്രത്യേകം ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയങ്ങളാണ്. അഴിമതിയിലും ഏകാധിപത്യത്തിലും മുങ്ങിയ തുര്‍ക്കിയില്‍ എര്‍ദോഗനെതിരെ ഉയര്‍ന്നു വരുന്ന ജന രോഷം തെരഞ്ഞെടുപ്പുകളില്‍ അടക്കം പ്രതിഫലിക്കുകയും ഇസ്താംബുളില്‍ മേയര്‍ പദവി അടക്കം നഷ്ടമാവുകയും ചെയ്ത സാഹചര്യത്തിലാണ് മതവികാരം ഉയര്‍ത്തി ഹയാ സോഫിയ വിവാദമാകുന്നത്. മത-ഫാസിസ്റ്റ് ഭരണകൂടങ്ങള്‍ ഇന്ത്യയിലടക്കം പയറ്റിക്കഴിഞ്ഞ തന്ത്രം തന്നെയാണ് എര്‍ദോഗനും പ്രയോഗിച്ചത്. ഇത് അടിവരയിടുന്നത് ഹിന്ദുത്വ ഫാസിസ്റ്റ് ആയ മോദിക്കും ഐ.എസിനെ എല്ലാ കാലത്തും സഹായിച്ചിട്ടുള്ള, കുര്‍ദുകളെ കൂട്ടക്കൊല ചെയ്യാന്‍ ഐ.എസിനെ ഉപയോഗിച്ച എര്‍ദോഗാനും പുരോഗമന മനസ്സുകളില്‍ ഒരേ മുറി തന്നെയാണ്.
എര്‍ദോഗന്‍
കേരളത്തിലെ ഇസ്ലാമിസ്റ്റുകളുടെ പുത്തന്‍ നേതാവായ എര്‍ദോഗന്‍ തുര്‍ക്കിയെ ഒരു ഫാസിസ്റ്റ് മതഭരണകൂടമാക്കി മാറ്റുന്നതിന്റെ ഏറ്റവും പുതിയ ചുവടുവെപ്പാണ് ഹയാ സോഫിയയിലൂടെ നടത്തിയിരിക്കുന്നത്. പലസ്തീനിന്റെ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കുകയും കുര്‍ദുകളുടെ സ്വയംഭരണാവകാശത്തെ വംശഹത്യയിലൂടെ തച്ചടുക്കന്നത് ന്യായീകരിക്കുകയും ചെയ്യുന്ന, ബാബരി മസ്ജിദിന് വേണ്ടി ശബ്ദിക്കുകയും ഹയാ സോഫിയയയില്‍ ആനന്ദിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. ഹിന്ദുത്വ ഫാസിസ്റ്റ് ഭരണകൂടത്തിന് കീഴില്‍ വംശഹത്യയ്ക്കിരയാവുന്ന മുസ്ലിം ന്യൂനപക്ഷമുള്ള ഇന്ത്യയില്‍ ഇരുന്ന് എര്‍ദോഗന്‍ എന്ന ഫാസിസ്റ്റ് ഭരണാധികാരിയെ വിമര്‍ശിക്കുകയും തുര്‍ക്കിയിലെ മര്‍ദ്ദിത ജനതയോട് ഐക്യപ്പെടുകയും ചെയ്തില്ലെങ്കില്‍ കൂടി കുറഞ്ഞ പക്ഷം എര്‍ദോഗന്റെ ചെയ്തികള്‍ക്ക് കയ്യടിക്കാതിരിക്കാനുള്ള മര്യാദയെങ്കിലും ഇവിടുത്തെ ഇസ്ലാമിസ്റ്റുകള്‍ കാണിക്കണം.
ഓര്‍ത്തഡോക്‌സ് ക്രിസ്ത്യാനിറ്റിയുടെ കേന്ദ്രമായ ഹാഗിയ സോഫിയ ആ വിഭാഗം ആഗ്രഹിക്കുന്നുവെങ്കില്‍ അവരിലേക്ക് ചേരലാണ് നീതി. അതല്ലെങ്കില്‍ ഈ പുരാതന നിര്‍മ്മിതി മുഴുവന്‍ ലോകത്തിന്റെയും പൈതൃക സമ്പത്താണ്. 1935 മുതല്‍ 2020 വരെയുള്ള അതിന്റെ സ്ഥിതി മാറ്റിയതിലൂടെ തുര്‍ക്കി ലോകത്തെ മുഴുവന്‍ അധിക്ഷേപിക്കുകയാണ്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ