ദോഹയില്‍ ഷോപ്പിംഗ് മാളില്‍ തീപ്പിടുത്തം: 19 മരണം
World
ദോഹയില്‍ ഷോപ്പിംഗ് മാളില്‍ തീപ്പിടുത്തം: 19 മരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 29th May 2012, 12:48 am

ദോഹ: ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലെ പ്രമുഖ ഷോപ്പിംഗ് മാളിലുണ്ടായ തീപ്പിടിത്തത്തില്‍ 19 പേര്‍ മരിച്ചു. 17 പേര്‍ക്ക് പരിക്കേറ്റു. ആറ് ആണ്‍കുട്ടികളും ഏഴ് പെണ്‍കുട്ടികളും നാല് അധ്യാപികമാരും രണ്ട് സര്‍ക്കാര്‍ ജീവനക്കാരുമാണ് മരിച്ചത്.

മരിച്ചവരില്‍ ഇന്ത്യക്കാര്‍ ആരുമില്ല. മരിച്ചവരില്‍ ഏറെയും യൂറോപ്യരാണ്.ചൂടും പുക ശ്വസിച്ചതുമാണ് മരണ കാരണം. തീപ്പിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

തിങ്കളാഴ്ച പ്രാദേശിക സമയം പകല്‍ 12 മണിക്കാണ് സംഭവം. ദോഹയിലെ ഏറ്റവും വലിയ ഷോപ്പിങ് സമുച്ചയമായ അസീസിയയിലെ വില്ലേജിയോ മാളില്‍ തീപ്പിടിത്തമുണ്ടായത്. മാളിലെ ഫുഡ്‌കോര്‍ട്ടിന്റെ അടുത്ത് നിന്നാണ് തീപ്പിടിത്തമുണ്ടായത്. ഫുഡ് കോര്‍ട്ടിന്റെ സമീപത്തെ ഡേ കെയര്‍ സെന്ററിലെ കുട്ടികളും അധ്യാപികമാരുമാണ് അപകടത്തില്‍പ്പെട്ടത്.

രക്ഷാപ്രവര്‍ത്തനത്തിനിടയിലാണ് രണ്ട് സര്‍ക്കാര്‍ ജീവനക്കാര്‍ മരിച്ചത്. മരിച്ചവരുടെ ആരുടെയും പേരു വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. പരിക്കേറ്റ 17 പേരെ ഹമദ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ നാലു പേരെ പ്രഥമശുശ്രൂഷ നല്‍കി വിട്ടയച്ചു.

ആഭ്യന്തരമന്ത്രി ശൈഖ് അബ്ദുള്ള ബിന്‍ നാസര്‍ ബിന്‍ ഖലീഫ അന്‍സാരി രാത്രി വൈകി ഔദ്യോഗികമായി പ്രഖ്യാപിച്ചപ്പോള്‍ മാത്രമാണ് അപകടത്തിന്റെ വ്യാപ്തി അറിയാനായത്. രണ്ടു മണിയോടെ തീ നിയന്ത്രിക്കാനായതായും ആളുകളെ പൂര്‍ണമായി ഒഴിപ്പിച്ചതായും മന്ത്രി പറഞ്ഞു.

തീപ്പിടിത്തത്തില്‍ ഒട്ടേറെ കടകള്‍ നശിച്ചു. നാശനഷ്ടത്തിന്റെ കണക്ക് തിട്ടപ്പെടുത്തുന്നതേയുള്ളൂ. 2006 തുടങ്ങിയ ഈ മാള്‍ ഖത്തറിലെതന്നെ ഏറ്റവും ജനപ്രിയമായ ഷോപ്പിങ് വിനോദ കേന്ദ്രമാണ്. അമ്യൂസ്‌മെന്റ് പാര്‍ക്കുകളും സേ്കറ്റിങ് റിങ്ങും, തീയേറ്ററുകളും ഇവിടെയുണ്ട്.