Advertisement
national news
വോട്ടിങ് മെഷിനുകള്‍ നശിപ്പിച്ച വൈ.എസ്.ആര്‍.സി.പി എം.എല്‍.എക്കെതിരെ എഫ്.ഐ.ആര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 May 22, 10:15 am
Wednesday, 22nd May 2024, 3:45 pm

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ വൈ.എസ്.ആര്‍.സി.പി എം.എല്‍.എ രാമകൃഷ്ണ റെഡ്ഡി വോട്ടിങ് മെഷിന്‍ നശിപ്പിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ നടപടി. പല്‍നാട് ജില്ലയിലെ മച്ചര്‍ള നിയോജക മണ്ഡലത്തിലെ ഒരു പോളിങ് സ്റ്റേഷനില്‍ ആയിരുന്നു സംഭവം.

എം.എല്‍.എ ഇ.വി.എം നശിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പോളിങ് ബൂത്തിലെ വെബ് ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ അടക്കം വ്യാപകമായി പ്രചരിക്കുകയാണ്.

തുടര്‍ന്ന് സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് പാനല്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പാനല്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. മച്ചര്‍ള നിയോജക മണ്ഡലത്തിലെ ബൂത്ത് നമ്പര്‍ 202 സ്റ്റേഷന്‍ ഉള്‍പ്പെടെ ഏഴ് പോളിങ് സ്റ്റേഷനുകളില്‍ സിറ്റിങ് എം.എല്‍.എ അതിക്രമം നടത്തിയിട്ടുണ്ടെന്ന് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ ഔദ്യോഗികമായി അറിയിച്ചു.

ഏഴ് പോളിങ് സ്റ്റേഷനുകളിലെയും ദൃശ്യങ്ങള്‍ പല്‍നാട് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പൊലീസിന് കൈമാറിയതായാണ് റിപ്പോര്‍ട്ട്. എഫ്.ഐ.ആറില്‍ എം.എല്‍.എ രാമകൃഷ്ണന്‍ റെഡ്ഡി പ്രതി ചേര്‍ക്കപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തെ ഗൗരകരമായി കാണുന്നുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതികരിച്ചു. തെരഞ്ഞെടുപ്പ് നടപടികളില്‍ തടസമുണ്ടായതിന് ഉത്തരവാദികള്‍ ആരൊക്കെയാണോ അവര്‍ക്കെതിരെയെല്ലാം നടപടി സ്വീകരിക്കണമെമെന്ന് സി.ഇ.ഒ മുകേഷ് കുമാര്‍ മീണയോട് കമ്മീഷന്‍ നിര്‍ദേശിച്ചു. നടപടിയെടുക്കാന്‍ ഡി.ജി.പിക്ക് ഉത്തരവ് നല്‍കാനാണ് നിര്‍ദേശം.

അതേസമയം തെരഞ്ഞെടുപ്പിലെ തോല്‍വി ഭയന്നുകൊണ്ടാണ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ അനുയായി ഇ.വി.എമ്മുകള്‍ നശിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവും തെലുങ്കുദേശം പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറിയുമായ നാരാ ലോകേഷ് പറഞ്ഞു. എം.എല്‍.എ വോട്ടിങ് മെഷിനുകള്‍ നശിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ എക്സില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വൈ.എസ് ജഗന്‍ മോഹന്‍ റെഡ്ഡി തന്റെ സ്വന്തം അമ്മാവനെ മാത്രമല്ല, അദ്ദേഹത്തിന് വോട്ട് ചെയ്ത ആളുകളെയും ജനാധിപത്യത്തെയും കൊലപ്പെടുത്തിയെന്നും നാരാ ലോകേഷ് പറഞ്ഞു.

Content Highlight: FIR against YSRCP MLA for vandalizing voting machines