വാന്‍ഡര്‍ബില്‍റ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരുടേതാണ് കണ്ടെത്തല്‍. വാന്‍ഡര്‍ബില്‍റ്റ് സൂയിസൈഡ് അറ്റംപ്റ്റ് ആന്റ് ഐഡിയേഷന്‍ ലൈക്ലിഹുഡ് എ.ഐ മോഡല്‍ (VSAIL)ന് രോഗികളെ തിരിച്ചറിയാന്‍ സാധിക്കുമോ എന്നാണ് പഠനം നടത്തിയത്.
രണ്ട് വ്യത്യസ്ത സമീപനത്തിലൂടെയാണ് പഠനം പൂര്‍ത്തിയാക്കിയത്. ഒന്ന്, ഡോക്ടര്‍മാരെ നടപടിയെടുക്കാന്‍ പ്രേരിപ്പിക്കാന്‍ ഓട്ടോമാറ്റിക് പോപ്പ്-അപ്പ് അലേര്‍ട്ടുകള്‍ ഉപയോഗിച്ചു. രണ്ടാമത്തേത് രോഗിയുടെ ഇലക്ട്രോണിക് ഹെല്‍ത്ത് റെക്കോര്‍ഡില്‍ അപകട സാധ്യത സംബന്ധിച്ച വിവരങ്ങള്‍ പ്രദര്‍ശിപ്പിച്ചു.
തുടര്‍ന്ന് പോപ്പ്-അപ്പ് അലേര്‍ട്ടുകള്‍ 42 ശതമാനം സമയവും ആത്മഹത്യാസാധ്യത വിലയിരുത്താന്‍ ഡോക്ടര്‍മാരെ സഹായിച്ചതായി കണ്ടെത്തി. സാധാരണ നിലയില്‍ ഇത് നാല് ശതമാനം മാത്രമായിരിക്കും.
മൂന്ന് ന്യൂറോളജി ക്ലിനിക്കുകളിലെ ഡോക്ടര്‍മാരെ എ.ഐ സംവിധാനത്തിന് സഹായിക്കാന്‍ കഴിയുന്നുണ്ടോ എന്നായിരുന്നു പഠനം. അലേര്‍ട്ടുകള്‍ കൃത്യമായി പരിശോധിച്ചില്ലെങ്കില്‍ ഡോക്ടര്‍മാര്‍ക്ക് പിഴവ് സംഭവിക്കാമെന്നും പഠനം പറയുന്നു.
ആത്മഹത്യ ചെയ്തവരില്‍ 77 ശതമാനം ആളുകളും അവര്‍ മരിക്കുന്നതിന് ഒരു വര്‍ഷം മുമ്പ് മാനസിക വെല്ലുവിളികള്‍ നേരിടാതെ തന്നെ ആരോഗ്യ വിദഗ്ധനെ കണ്ടിട്ടുണ്ടെന്ന് വാന്‍ഡര്‍ബില്‍റ്റ് യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററിലെ അസോസിയേറ്റ് പ്രൊഫസര്‍ കോളിന്‍ വാഷ് പറഞ്ഞു.
അതേസമയം പ്രസ്തുത എ.ഐ മോഡല്‍ യൂണിവേഴ്‌സല്‍ സ്‌ക്രീനിങ്ങിന് പ്രായോഗികമല്ലെന്നും കോളിന്‍ വാഷ് വ്യക്തമാക്കി. അപകട സാധ്യത കൂടുതലുള്ള വ്യക്തികളെ തിരിച്ചറിയാനും ഇവരെ കേന്ദ്രീകരിച്ചുള്ള ചികിത്സ വേഗത്തിലാക്കാനും എ.ഐ സഹായകമെന്നാണ് മെഡിക്കല്‍ സംഘം പറയുന്നത്.
എ.ഐ മോഡല്‍ മറ്റ് മെഡിക്കല്‍ മേഖലയിലും ഉപയോഗിക്കാന്‍ കഴിയുമെന്നും മെഡിക്കല്‍ സംഘം പറയുന്നു.
Content Highlight: Finding that AI can detect people who are likely to commit suicide