മലപ്പുറത്തിന്റെ ജീവിതത്തില്‍ നിന്നും പറിച്ചെടുത്ത ഒരേടാണ് സുഡാനി ഫ്രം നൈജീരിയ, ഇതിന്റെ വക്കില്‍ രക്തം പുരണ്ടിരിക്കുന്നുണ്ട്
Film Review
മലപ്പുറത്തിന്റെ ജീവിതത്തില്‍ നിന്നും പറിച്ചെടുത്ത ഒരേടാണ് സുഡാനി ഫ്രം നൈജീരിയ, ഇതിന്റെ വക്കില്‍ രക്തം പുരണ്ടിരിക്കുന്നുണ്ട്
ശ്രീജിത്ത് ദിവാകരന്‍
Saturday, 24th March 2018, 6:24 am

ദേശത്തെ എഴുതുന്നതാണ് എഴുത്ത് എന്ന് കവി കെ.ജി.ശങ്കരപ്പിള്ള പണ്ട് പറഞ്ഞിട്ടുണ്ട്. ഒരു ദേശം രണ്ട് മണിക്കൂര്‍ പത്ത് മിനുട്ട് നീളുന്ന സിനിമയില്‍, എത്രയോ അകലെയുള്ള മറ്റൊരു ഭൂഖണ്ഡത്തിലുള്ള, ഭാഷയിലും രൂപത്തിനും സംസ്‌കാരത്തിലും സഹജഭാവങ്ങളിലുമെല്ലാം വ്യത്യസ്തമായ ഒരു ദേശത്തെ കൂടെ ചേര്‍ത്ത് നിര്‍ത്തി, ഇടപെടുകയാണിവിടെ. എത്രയും സ്വാഭാവികമായ, ജൈവികമായ ഒരു ലയം അടുത്തിടെ ഒരു സിനിമയിലും നമ്മള്‍ അനുഭവിച്ചിട്ടില്ല.

മലപ്പുറമെന്ന ഒരു ദേശം, അവിടെത്തെ സെവന്‍സ് ഫുട്ബോള്‍ ജ്വരം, അതിലൊരു ക്ലബ്ബായ എം.വൈ.സി ആക്കോടിന്റെ മാനേജറായ മജീദ്, അവന്റെ വീട്, അവന്റുമ്മ, അവരുടെ രണ്ടാം കെട്ടിലുള്ള പുതിയാപ്ല, അവന്റുമ്മയുടെ കൂട്ടുകാരി, അവരുടെ മരിച്ചുപോയ സഞ്ചാരിയായ ഭര്‍ത്താവ്, ദുബായ്ലുള്ള മകന്‍, മജീദിന്റെ കൂട്ടുകാര്‍, അവരുടെ ജീവിതം, എതിര്‍ ക്ലബ്, ഫുട്ബോള്‍ കളി, ടീമില്‍ കളിക്കാന്‍ ആഫ്രിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്തിട്ടുള്ള പ്ലേയേഴ്സ്, അവരുടെ സുഡാനി എന്ന ശാസ്ത്രീയ നാമം, അവരുടെ ജീവിതം, പൊതുവേ മനുഷ്യരുടെ ജീവിതം.. പൈസയുണ്ടാക്കുന്നത് സെവന്‍സ് കളിക്കാനാണ്, അല്ലാതെ സെവന്‍സ് കളിക്കുന്നതും കളിപ്പിക്കുന്നതും പൈസയുണ്ടാക്കാനല്ല എന്ന അവരുടെ അടിസ്ഥാന ഫിലോസഫി..

എഴുതിക്കാണിക്കുമ്പോഴുള്ള ബാക്ക്ഗ്രൗണ്ട് സംഭാഷണങ്ങള്‍ കൊണ്ട് ഒരു സെവന്‍സ് ഫുട്ബോള്‍ മത്സര ഗ്രൗണ്ടിനെ അടയാളപ്പെടുത്തിക്കൊണ്ടാണ് സുഡാനി ആരംഭിക്കുന്നത്. അതിന്റെ തുടര്‍ച്ചയായി മൈതാനം കളി, കമന്ററി, ആവേശം. സെവന്‍സ് എന്നാല്‍ നമുക്ക് പരിചയമുള്ള ഫുട്ബോളിന്റെ നിയമത്തിനും ചിട്ടവട്ടങ്ങളിലും സൗന്ദര്യത്തിലുമല്ല, അതിന് കളിക്കളത്തില്‍ മാത്രം സംഭവിക്കുന്നതല്ല. അത് ഗാലറിയിലും കാണികളിലും ക്ലബ്ബുകളുടെ ഫാന്‍സിലും ക്ലബ്ബുകളുടെ നടത്തിപ്പുകാരിലും ആ ദേശത്തിന്റെ ഞരമ്പുകളിലാകെയും സഞ്ചരിച്ച്, വീടുകളിലും കവലകളിലും കടകളിലും സ്‌ക്കൂളുകളിലും പോലീസ് സ്റ്റേഷനുകളിലും അങ്ങനെയങ്ങനെ നിറഞ്ഞുനില്‍ക്കുന്നതാണ്.

 

നൈജീരിയക്കാരനായ സാമുവേല്‍ അബിയോള റോബിന്‍ എന്ന കളിക്കാരന്‍ മജീദ് മാനേജറായുള്ള എം.വൈ.സി ആക്കോട് എന്ന സെവന്‍സ് ക്ലബ്ബിലെത്തുന്നിടത്താണ് സിനിമ തുടങ്ങുന്നത്. രണ്ട് വരിയില്‍ കഥയൊതുക്കിയാല്‍ അതിസുന്ദരനും ഒരു ചിരിയാല്‍ ലോകത്തെ മോഹിക്കാന്‍ കഴിവുള്ളവനും ആറടിപ്പൊക്കത്തിലും കടഞ്ഞെടുത്ത മനോഹരശരീരത്തിലും ആണളവുകള്‍ ഒത്തവനും ഒക്കെയാണെങ്കിലും സങ്കടം വന്നാല്‍ കരഞ്ഞു തളരുന്ന കുട്ടിയായ സാമുവേല്‍ എന്ന, എം.വൈ.സി ആക്കോടിന്റെ സ്റ്റാര്‍ പ്ലേയര്‍, കുളിമുറിയില്‍ തെന്നിവീണ് കിടപ്പാകുന്നു.


Read more:  ഊറ്റം കൊള്ളാന്‍ കാല്‍പന്തല്ലാതെ സിനിമയുമുണ്ട്; ‘സുഡാനി ഫ്രം നൈജീരിയ’ സംവിധായകന്‍ സക്കരിയ സംസാരിക്കുന്നു


 

അവന്‍ സുഖമായി തിരികെ അവന്റെ നാട്ടിലേയ്ക്ക് പോകുന്നവരെ മനേജര്‍ മജീദിന്റെ വീട്ടിലെ അതിഥിയോ, അംഗമോ ഒക്കെയാകുന്നു. ഈ രണ്ടുവരിയാണ് രണ്ട് മണിക്കൂര്‍ പത്ത് മിനുട്ടില്‍ കണ്ടിട്ടും നമുക്ക് മതിവരാത്ത അനുഭവമായി മാറുന്നത്. ഇതുപോലെ ഒരു ദേശത്തെ പൂര്‍ണ്ണമായും ആവാഹിച്ച സിനിമകള്‍ അപൂര്‍വ്വമായേ സംഭവിച്ചിട്ടുള്ളൂ. അന്നയും റസൂലിലും പറവയിലുമൊക്കെ മട്ടാഞ്ചേരി എന്ന ദേശം സിനിമയെ അതിസുന്ദരമായി നിര്‍ണ്ണയിക്കുന്നുണ്ട്. പക്ഷേ മട്ടാഞ്ചേരിയുടെ ആകാശത്ത് പറക്കുന്ന പറവകള്‍ക്ക് നഗരത്തിന്റെ ഒരു ചിന്ത് കാണാം, അന്നയ്ക്ക് ബോട്ട് കടന്ന് മറ്റ് ദേശങ്ങളുമായുള്ള ബന്ധസ്ഥാപനമുണ്ട്.

 

രണ്ട് പെണ്ണുകാണലുകളുണ്ട് സിനിമയില്‍. ഒന്നില്‍ പെണ്‍കുട്ടിയെ കുറിച്ച് ബാപ്പ അഭിമാനപൂര്‍വ്വം പറയുന്നത് അവള്‍ ഡല്‍ഹിയിലോ ഹൈദരബാദിലോ തുടര്‍പഠനം നടത്താന്‍ ആഗ്രഹിക്കുന്നുവെന്നാണ്. രണ്ടാമത്തേതില്‍ നല്ല മനസുറപ്പോടെ പെണ്ണുകാണാന്‍ വന്ന ആളെ അപമാനിക്കാതെ തന്നെ “നൊ” എന്ന് പറയുന്ന പെണ്‍കുട്ടി. അഥവാ സ്റ്റീരിയോ ടൈപ്പെന്നും വാര്‍പ്പ് മാതൃകകള്‍ എന്നും നമ്മള്‍ വിളിക്കുന്ന ക്ലീഷേകളുടെ പെരുങ്കളിയാട്ടമില്ലാതെ ഒരു ദേശം ഇറങ്ങിവന്ന് പെരുമാറുന്ന കാഴ്ച മലയാള സിനിമയില്‍ നമ്മളധികം കണ്ടിട്ടില്ല. ഒപ്പനയില്ല, പള്ളിയില്‍ നിന്ന് വാങ്ക് വിളിയുടെ ബാക്ക് ഗ്രൗണ്ടില്‍ കയറുകയും ഇറങ്ങുകയും ചെയ്യുന്ന മനുഷ്യരില്ല. സിനിമയിലെ നായകന്‍ മജീദ് ഇടത്തോട്ടല്ല, വലത്തോട്ടാണ് മുണ്ടുടുക്കുന്നത്. നാലുകെട്ടിയ മനുഷ്യരില്ല, അശ്ലീലമായ നോട്ടങ്ങളില്ല, വിശ്വാസവും ജീവിതവും മനുഷ്യരും എത്രയും സ്വാഭാവികമായി അവരുടെ കടന്നുവരികയും പോകുകയും ചെയ്യുന്നതേയുള്ളൂ.

മജീദ് എന്ന മാനേജര്‍ യഥാര്‍ത്ഥത്തില്‍ കളിയില്‍ തോറ്റ ഒരാളാണ്. നഷ്ടങ്ങളുടെ കണക്കുമാത്രമുള്ളയാള്‍. പക്ഷേ ഗോളുകള്‍ക്ക് പിറകിയിലായിരിക്കുമ്പോഴും കളി തീരാന്‍ മിനുട്ടുകള്‍ മാത്രം ബാക്കിയുള്ളപ്പോഴും തിരിച്ചടിക്കുമെന്ന്, ജയിച്ചില്ലെങ്കിലും ഒരു സമനിലയെങ്കിലും സാധ്യമാകുമെന്ന്, ആ വിഫലവ്യാമോഹം പേറാത്ത ഒരുത്തനും ഫുട്ബോളിന്റെ പുറകേ പോയിട്ടില്ല. മജീദും അതുപോലെയാണ്. മെസിയും റൊണാള്‍ഡോയും നെയ്മറും ഈ ദേശക്കാരാണ്, ചെല്‍സിയും ബാഴ്സയും റയലും തമ്മിലുള്ള മത്സരങ്ങളൊക്കെ ഈ ദേശത്തിന്റേതു കൂടിയാണ്. ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്വസ് ആണ് ഏറ്റവും പ്രശസ്തനായ മലയാളി സാഹിത്യകാരന്‍ എന്ന് എന്‍.എസ് മാധവന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ മെസിയാണ് ഏറ്റവും പ്രശസ്തനായ മലപ്പുറത്തുകാരന്‍ എന്ന് പ്രദേശികമായ കൂടിച്ചേര്‍ക്കല്‍ നടത്തും. അല്ലെങ്കിലും എല്ലാ മെസിഫാന്‍സിനും പെനാല്‍റ്റി പേടിയാണെന്ന് പറയുന്ന മജീദിനാകട്ടെ പെനാല്‍റ്റിയെങ്കില്‍ പെനാല്‍റ്റി, അനശ്ചിതത്വങ്ങള്‍ അവസാനിക്കട്ടെ എന്ന മട്ടുകാരനാണ്.

 

പ്രീഡിഗ്രി മാത്രമല്ല, മജീദ് തോറ്റിട്ടുള്ള പരീക്ഷ. ഉമ്മാന്റെ കല്ല്യാണത്തിന് ബിരിയാണി വിളമ്പിയതിന്റെ കളിയാക്കലുകളില്‍ നിന്ന് അവന്‍ മുക്തനല്ല. നിസഹായതയുടെ ആകാശത്ത് നിന്നാണ് തോല്‍വിയുടെ ഗര്‍ത്തങ്ങള്‍ അവന്‍ കാണുന്നത്. ദേഷ്യപ്പെടുന്നത് പോലെ എത്ര സ്വാഭാവികമാണ് അവന്റെ പൊറുക്കലുകള്‍. അവന്റെ ഭാഷയും സംഭാഷണവും ഒരു നിമിഷം പോലും അമിതമാകാതെയുള്ള വൈകാരിക പ്രകടനങ്ങളും സൗബിന്‍ എന്ന അഭിനേതാവില്‍ എത്ര ഭദ്രമാണെന്ന് കണ്ട് നമ്മള്‍ അമ്പരന്ന് പോകും. ആക്ടര്‍ എന്ന നിലയില്‍ സൗബിന്‍ എത്ര ഉയരത്തിലേയ്ക്ക് ഒരു സിനിമകൊണ്ട് സഞ്ചരിക്കുന്നത്. മുഴുനീളം, ഏതാണ്ടെല്ലാ ഫ്രെയ്മും നിറഞ്ഞു നില്‍ക്കുന്ന ഒരു കഥാപാത്രത്തെ കൊണ്ട് കൊണ്ട് രണ്ട് മണിക്കൂര്‍ പത്ത് മിനുട്ടുള്ള സിനിമയെ തന്നെ ഒറ്റയ്ക്ക് എത്രമേല്‍ സ്വഭാവികമായാണ് ചുമലിലേറ്റുന്നത്.

രണ്ടുമ്മമാരാണ് ഈ സിനിമയിലെ നായികമാര്‍. രണ്ട് തവണ നാടകവേദില്‍ മികച്ച നടിയായിട്ടുള്ള സാവിത്രി ശ്രീധരനും സരസ ബാലുശ്ശേരിയുമാണ് യഥാക്രമം മജീദിന്റെ ഉമ്മ ജമീലയേയും ജമീലയുടെ കൂട്ടുകാരി ബീയുമ്മയുമാകുന്നത്. തന്റെ ഭര്‍ത്താവിനെ മനുഷ്യനായി പോലും പരിഗണിക്കാതെ പോകുന്ന മകനെ നോക്കി നിസഹായയായി നില്‍ക്കുന്ന ആദ്യത്തെ ഷോട്ടുമുതല്‍ സാമുവേല്‍ എന്ന സുഡുവെന്ന നൈജീരിയന്‍ പയ്യന്റെ വളര്‍ത്തമ്മയായും വൃദ്ധനും അവശനുമായ പുത്യാപ്ലയുടെ പ്രിയതോഴിയുമായും ബീയുമ്മയുടെ ചങ്ങാതിയായും പൊട്ടിത്തെറിക്കേണ്ടിടത്ത് ക്ഷോഭം പ്രകടിപ്പിക്കുന്ന മലപ്പുറത്തുകാരിയായും ഏറ്റവും സ്വഭാവികമായും സാവിത്രി ശ്രീധരന്‍ ജമീലയെ ഏറ്റെടുത്തു. ഒരു പാസ്പോര്‍ട്ടുമില്ലാതെ കറാച്ചിയില്‍ പോയി വരവ് നടത്തിയ വല്ല്യുപ്പായേയും മകന്റെ ഗള്‍ഫ് വാച്ചിനേയും “അള്ളാ, സുഡുവെന്ന് നിന്റെ പേരല്ലായിരുന്നോ” എന്ന നിഷ്‌കളങ്കതയിലും നിലയ്ക്കാത്ത വര്‍ത്തമാനത്തിലും ഏറ്റവും മനോഹരമായ ചിരികളിലും ബീയുമ്മമായി സരസബാലുശ്ശേരിയും മാറി.

 

വീട്ടില്‍ ഭിക്ഷക്കാരാരെങ്കിലും വന്നാല്‍ കൊടുക്കാന്‍ ചില്ലറയടങ്ങിയ ഒരു പാത്രമുണ്ട്, ഭിക്ഷക്കാരെ വെറുക്കുന്ന കേരളത്തിലെ ജമീലായുടെ വീട്ടില്‍. ആ പാത്രം മാത്രമാണ് സാധാരണ തട്ടത്തില്‍ നിന്ന് ലേശം ഫാഷനാക്കി, മക്കനയിട്ട് മമ്പുറം പള്ളിയില്‍ സാമുവേലെന്ന സുഡാനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ബീയുമ്മയുടെ കൂടെ പോകുമ്പോള്‍ ജമീല ഓര്‍ത്തുവയ്ക്കുന്നത്. അവരുടെ മമ്പുറത്തെ പ്രാര്‍ത്ഥന, ആത്മീയതയ്ക്കെല്ലാം അപ്പുറം എന്തൊരുവലിയ സ്വാഭാവികമായ മാനവികതയിലേയ്ക്ക് മനുഷ്യരെ എത്തിക്കും.

ജമീലയുടെ പുതിയാപ്ലയായ വൃദ്ധന്‍, ഭാര്യയുടെ മകന്‍ തന്നെ ഇഷ്ടമല്ലാത്തതിനാല്‍ സെക്യൂരിറ്റി ജോലിക്കാര്‍ക്കുള്ള ഇടത്ത് തന്നെ കഴിയുന്നത്ര താമസിക്കുന്നയാള്‍, രോഗി, സാമുവേലിന്റെ രോഗക്കിടയ്ക്ക് അരികിലിരുന്ന് “ഫാദര്‍” എന്ന് സ്വയം പരിചയപ്പെടുത്തുന്ന ഒരു രംഗമുണ്ട്. അതിലെ അയാളുടെ കണ്ണിന്റെ ഒരു ക്ലോസപ് ദൃശ്യമുണ്ട്. അന്ന് രാത്രി അവിടെ നില്‍ക്കാതെ ഇരുട്ടത്ത് അയാള്‍ നടന്ന് പോകുമ്പോള്‍ ജനലിലൂടെ തിരിഞ്ഞു നോക്കാതെ സാമുവേലിന് അയാള്‍ പറയുന്ന യാത്രയുണ്ട്, തന്റെ പ്ലാസ്റ്റര്‍ കൈ ഉയര്‍ത്തി സാമുവേലിന്റെ പ്രത്യഭിവാദ്യവും. അതിന് ശേഷം ആ കഥാപാത്രത്തെ നമ്മള്‍ കാണുന്നത് ഇത്തിരി വൈകിയാണ്, പക്ഷേ ഒരോ ഫ്രെയ്മിലും നമ്മളയാളെ ഓര്‍ക്കും. കെ.ടി.സി അബ്ദുള്ള എന്ന നടന്റെ ജീവിതത്തിലെ അതിസുന്ദരമായ ഒരു കഥാപാത്രമാണിത്.

 

ഷൈജുവിന്റെ ക്യാമറയെ കുറിച്ച്, ചെറിയ റോളുകളില്‍ വന്ന് തകര്‍ത്ത് പോകുന്ന മനുഷ്യരെ കുറിച്ച്, എങ്ങനെയാണ് ദേശത്തെ കൂടുതല്‍ കൂടുതല്‍ വ്യക്തമാക്കി സക്കരിയയും കൂട്ടരും ദൃശ്യ രചനടത്തുവെന്നതിനെ കുറിച്ച് കൂടുതല്‍ എഴുതണം എന്നുണ്ട്. പക്ഷേ നിര്‍ത്തുന്നു. ചുരുക്കിയെഴുതിയാല്‍ മലപ്പുറത്തിന്റെ ജീവിതത്തില്‍ നിന്നും പറിച്ചെടുത്ത ഒരേടാണ് സുഡാനി ഫ്രം നൈജീരിയ, അതിന്റെ വക്കില്‍ രക്തം പുരണ്ടിരിക്കുന്നുണ്ട്.

ശ്രീജിത്ത് ദിവാകരന്‍
മാധ്യമ പ്രവര്‍ത്തകന്‍, ഡൂള്‍ന്യൂസ് മുന്‍ എക്‌സിക്യുട്ടീവ് എഡിറ്റര്‍. പത്ര, ദൃശ്യ മാധ്യമങ്ങളിലായി 19 വര്‍ഷത്തെ പ്രവര്‍ത്തന പരിചയം. മാതൃഭൂമി ന്യൂസ്, മീഡിയ വണ്‍ ടി.വി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.