കുറെ നാളുകളായി പ്രേക്ഷകര്‍ കാത്തിരിക്കുന്നതായിരുന്നു മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാലിന്റെ നായകനായുള്ള അരങ്ങേറ്റം. താരപുത്രന്‍ എന്ന ലേബലില്‍ അരേങ്ങറിയ പ്രണവിന് പക്ഷേ മലയാള സിനിമയില്‍ അടയാളപ്പെടുത്താന്‍ കഴിയുന്ന താരം തന്നെയായിരിക്കുമെന്ന് തെളിക്കുകയാണ് ആദി.
ജീത്തു ജോസഫ് എന്ന സംവിധായകനും മോഹന്‍ലാല്‍ എന്ന സൂപ്പര്‍ താരത്തിന്റെ മകന്‍ എന്ന ഇമേജും പ്രണവ് നായകനാവുന്ന ആദിക്ക് ഉണ്ടാക്കിയ പ്രതീക്ഷകള്‍ വളരെ വലുതാണ്. ഇതു മനസിലാക്കി കൊണ്ടു തന്നെയാണ് റിലീസിന്റെ തലേ ദിവസം വന്‍ പ്രതീക്ഷകള്‍ ചിത്രത്തിന് മുകളില്‍ വെക്കരുതെന്ന് ചിത്രത്തിന്റെ സംവിധായകന്‍ ജീത്തു ജോസഫ് പറഞ്ഞത്.
അച്ഛന്റെ ആദ്യ സിനിമയിലെ പാട്ടായ “മിഴിയോരം നനഞ്ഞൊഴുകും” എന്ന പാടി കൊണ്ടുള്ള ഒരു ഹൈപ്പുമില്ലാതെയുള്ള പ്രണവിന്റെ എന്‍ട്രിയോടെയുള്ള സിനിമക്ക് മികച്ച് തുടക്കമേകി. മോഹന്‍വര്‍മ്മയുടെയും റോസിയുടെയും മകനായ ആദി എന്ന ആദിത്യവര്‍മ്മ എന്ന യുവാവായാണ് ചിത്രത്തില്‍ പ്രണവ് എത്തുന്നത്. സംഗീത സംവിധായകന്‍ ആവുക എന്നാണ് ആദിയുടെ ലക്ഷ്യം ഇതിനായി ബാഗ്ലൂരില്‍ എത്തുന്ന ആദി അവിചാരിതമായി ഒരു പ്രശ്‌നത്തില്‍ പെടുകയും പിന്നീട് അതില്‍ നിന്ന് രക്ഷപ്പെടാനുള്ള ആദിയുടെ പ്രയത്‌നങ്ങളുമാണ് സിനിമയുടെ ആകെ തുക.
ആദ്യ പകുതിയില്‍ ചിത്രത്തിന് വലിച്ച് നീട്ടല്‍ ഉണ്ടെങ്കിലും രണ്ടാം പകുതിയെത്തുന്നതോടെ ചിത്രം ത്രില്ലര്‍ സ്വഭാവം കൈവരിക്കുന്നു. എങ്കില്‍ പോലും സ്ഥിരം ഇമോഷണല്‍ രംഗങ്ങളുടെ ആവര്‍ത്തനം ചിത്രത്തില്‍ ഒരു കല്ലു കടി തന്നെയായിരുന്നു. ചിത്രത്തിലെ മറ്റ് താരങ്ങള്‍ എല്ലാം തന്നെ മികച്ച അഭിനയം കാഴ്ച വെച്ചു. ആദിയിലൂടെ തനിക്ക് നെഗറ്റീവ് റോളുകളും തന്മയത്തത്തോടെ അവതരിപ്പിക്കാന്‍ കഴിയുമെന്ന് സൈജു വില്‍സണ്‍ തെളിയിച്ചു. സിദ്ദിഖ്, ലെന, ജഗപതി ബാബു, ഷറഫുദ്ദീന്‍, മേഘനാഥന്‍ തുടങ്ങിയവരും തങ്ങളുടെ റോളുകള്‍ മികച്ചതാക്കി. എടുത്ത് പറയേണ്ടത് അനുശ്രീ അവതരിപ്പിച്ച ജയ എന്ന കഥാപാത്രത്തെയാണ്.
ക്ലീഷേ കഥാ സന്ദര്‍ഭമാണെങ്കിലും ചിത്രത്തിന്റെ അവതരണ രീതിയും സാങ്കേതിക തികവും മികച്ച ഒരു ത്രില്ലര്‍ ആയി ആദിയെ മാറ്റുന്നുണ്ട്. തുടക്കക്കാരന്റെ പ്രശ്‌നങ്ങള്‍ ആദിയില്‍ പ്രണവിന്റെ ഡയലോഗ് ഡെലിവറിയില്‍ നന്നായി അനുഭപ്പെടുന്നുണ്ടെങ്കിലും ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങളില്‍ അസാമാന്യ തികവാണ് പ്രണവ് കാണിച്ചിരിക്കുന്നത്. മലയാള സിനിമയില്‍ നിരവധി യുവ താരങ്ങള്‍ വന്നിട്ടുണ്ടെങ്കിലും ഒരു മികച്ച ആക്ഷന്‍ താരത്തിന്റെ സ്ഥാനം ഒഴിഞ്ഞു കിടക്കുകയായിരുന്നു. എന്നാല്‍ പ്രണവിന്റെ കടന്ന് വരവോടെ അതിനും ഒരു അവകാശിയായി എന്ന് പറയേണ്ടി വരും.
ചിത്രത്തിനായി പ്രണവ് പാര്‍കൗര്‍ അഭ്യസിക്കുന്നു എന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നെങ്കിലും ഇത്രക്ക് തികവോടെ അത് അവതരിപ്പിക്കാന്‍ കഴിയുമെന്ന് പലരും കരുതിയിരുന്നില്ല. പ്രണവിന്റെ രംഗപ്രവേശനത്തിന് ഇരട്ടി മധുരമായി മോഹന്‍ലാലും ചിത്രത്തില്‍ അതിഥി താരമായി എത്തുന്നുണ്ടെന്നത് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റാണ്.
ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍ രചിച്ച് പാടിയ ഒരു പാട്ട് അടക്കം നാല് പാട്ടുകളാണ് ഉള്ളത്. അതില്‍ ഒന്ന് മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ മിഴിയോരം എന്ന പാട്ടാണ്. ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് അനില്‍ ജോണ്‍സണാണ്
സതീഷ് കുറുപ്പിന്റെ ഛായാഗ്രഹണ മികവ് ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളുടെ മികവ് വര്‍ദ്ധിപ്പിച്ചെങ്കിലും ജീത്തു ജോസഫിന്റെ പഴയ കാല സിനിമകളെ പോലെ തന്നെ ചില സീനുകള്‍ അനാവശ്യമായി ഒറ്റ ഷോട്ടില്‍ എടുത്തതും ഗ്രാഫിക്‌സും കല്ലുകടിയായി തോന്നി. ചില രംഗങ്ങളിലെ ഗ്രാഫിസ് വര്‍ക്കുകള്‍ പലപ്പോഴും സാധാ അനിമേഷന്‍ നിലവാരത്തില്‍ ഒതുങ്ങി പോയി. സംവിധാനത്തിലെ മികവ് പലപ്പോഴും തിരക്കഥയില്‍ കാണിക്കാതിരുന്നത് പലപ്പോഴും സീനുകള്‍ അനാവശ്യമായി വലിച്ച് നീട്ടുന്നതാക്കി. എഡിറ്റിംഗ് കൂറച്ച് കൂടിയുണ്ടായിരുന്നെങ്കില്‍ ചിത്രത്തിന്റെ ത്രില്ലര്‍ സ്വഭാവത്തിന് കുറച്ച് കൂടെ സഹായകമാകുമായിരുന്നു.
ധൈര്യ സമേതം ടിക്കറ്റ് എടുത്ത് തിയേറ്ററില്‍ നിന്ന് കാണാവുന്ന മികച്ച ഒരു ആക്ഷന്‍ ത്രില്ലര്‍ മൂവി തന്നെയാണ് ആദി.