മെസി യുഗത്തിന് ശേഷം ഇതാദ്യം; രണ്ട് വര്‍ഷത്തിന് ശേഷം ബാഴ്‌സക്ക് ഫ്രീ കിക്ക് ഗോള്‍
Sports News
മെസി യുഗത്തിന് ശേഷം ഇതാദ്യം; രണ്ട് വര്‍ഷത്തിന് ശേഷം ബാഴ്‌സക്ക് ഫ്രീ കിക്ക് ഗോള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 17th September 2023, 11:12 am

2021ല്‍ സൂപ്പര്‍ താരം ലയണല്‍ മെസി ടീം വിട്ടതിന് ശേഷമുള്ള ആദ്യ ഫ്രീകിക്ക് ഗോള്‍ നേടി ബാഴ്‌സലോണ. കഴിഞ്ഞ ദിവസം റയല്‍ ബെറ്റിസിനെതിരായ മത്സരത്തില്‍ ഫെറാന്‍ ടോറസാണ് മെസി യുഗത്തിന് ശേഷമുള്ള ആദ്യ ഫ്രീ കീക്ക് ഗോള്‍ ബാഴ്‌സക്കായി നേടിയത്. മത്സരത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളിന് ബാഴ്‌സ ബെറ്റിസിനെ തകര്‍ത്തിരുന്നു.

സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ എതിരാളികളെ തകര്‍ത്തുവിട്ടതിന് പുറമെ 2021ന് ശേഷമുള്ള ആദ്യ ഫ്രീ കിക്ക് ഗോളിന് വഴിയൊരുങ്ങിയതിന്റെ ആവേശത്തിലാണ് ആരാധകര്‍.

മെസി ടീം വിട്ടതിന് ശേഷം നിരവധി താരങ്ങള്‍ ഡയറക്ട് ഫ്രീ കിക്കിന് ശ്രമിച്ചിരുന്നെങ്കിലും ഒന്നുപോലും ഗോളാക്കി മാറ്റാന്‍ കറ്റാലന്‍മാര്‍ക്ക് സാധിച്ചിരുന്നില്ല. മെസി അനായാസം ഫ്രീ കിക്കിലൂടെ ഗോള്‍ നേടുമ്പോഴും നിലവിലെ ബാഴ്‌സ താരങ്ങള്‍ക്ക് അതിന് സാധിക്കാതെ വരുന്നതും ചര്‍ച്ചയായിരുന്നു.

അതേസമയം, കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ആരാധകരെ ആവേശത്തിന്റെ പരകോടിയിലെത്തിച്ചാണ് ബ്ലൂഗ്രാന വിജയക്കുതിപ്പ് തുടര്‍ന്നത്. 25ാം മിനിട്ടില്‍ ജാവോ ഫെലിക്‌സിലൂടെയാണ് ബാഴ്‌സ ഗോളടി തുടങ്ങിയത്. ഒരിയോല്‍ റോമിയുവിന്റെ അസിസ്റ്റില്‍ നിന്നുമാണ് താരം ഗോള്‍ നേടിയത്.

മത്സരത്തിന്റെ 32ാം മിനിട്ടില്‍ ബാഴ്‌സ ഗോള്‍ നേട്ടം ഇരട്ടിയാക്കി. റോബര്‍ട്ട് ലെവന്‍ഡോസ്‌കിയായിരുന്നു ഗോള്‍ നേടിയത്. ലെവയുടെ പിഴവേതുമില്ലാത്ത ഫിനിഷില്‍ പന്ത് ബെറ്റിസ് വലയില്‍ വിശ്രമിച്ചപ്പോള്‍ ആരാധകര്‍ ആവേശത്തിലായി.

രണ്ട് ഗോളിന്റെ ലീഡുമായി രണ്ടാം പകുതിയില്‍ കളത്തിലിറങ്ങിയ ബാഴ്‌സ തുടര്‍ന്നും ആക്രമിച്ചു കളിച്ചു.

മത്സരത്തിന്റെ 62ാം മിനിട്ടിലാണ് ആരാധകര്‍ ഏറെ നാളായി കാത്തിരുന്ന ഗോള്‍ പിറന്നത്. ഫെറാന്‍ ടോറസിന്റെ ഷോട്ട് ബെറ്റിസ് ഗോള്‍കീപ്പര്‍ക്ക് ഒരു അവസരവും നല്‍കാതെ പോസ്റ്റിന്റെ ബോട്ടം റൈറ്റ് കോര്‍ണറിലേക്ക് തുളഞ്ഞുകയറി. ഈ ഗോളിന് തൊട്ടുപിന്നാലെ ടോറസിനെ പിന്‍വലിച്ച സാവി റാഫീന്യയെ കളത്തിലിറക്കി.

ഗ്രൗണ്ടിലെത്തി കൃത്യം രണ്ടാം മിനിട്ടില്‍ റാഫീന്യയും ഗോള്‍ നേടി. 81ാം മിനിട്ടില്‍ ജാവോ കോണ്‍സലോയും ഗോള്‍ നേടിയതോടെ എതിരില്ലാത്ത അഞ്ച് ഗോളിന് ബാഴ്‌സ വിജയിച്ചുകയറി.

 

ഈ വിജയത്തിന് പിന്നാലെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താനും ബാഴ്‌സക്കായി. അഞ്ച് മത്സരത്തില്‍ നിന്നും നാല് ജയവും ഒരു സമനിലയുമായി 13 പോയിന്റാണ് കറ്റാലന്‍മാര്‍ക്കുള്ളത്.

ലാ ലീഗയില്‍ സെപ്റ്റംബര്‍ 23നാണ് ബാഴ്‌സ അടുത്ത മത്സരം കളിക്കുന്നത്. സ്വന്തം തട്ടകമായ എസ്റ്റാഡി ഒളിംപിക് ലൂയീസ് കൊംപാനീസില്‍ നടക്കുന്ന മത്സരത്തില്‍ സെല്‍റ്റ വിഗോയാണ് എതിരാളികള്‍.

 

Content Highlight: Ferran Torres scored first free kick goal for Barcelona after Lionel Messi’s exit