ഈ മുന്‍ പൊലീസ് മേധാവി ഒരു മനുവാദിയാണ്, മതവാദിയാണ്
FB Notification
ഈ മുന്‍ പൊലീസ് മേധാവി ഒരു മനുവാദിയാണ്, മതവാദിയാണ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 21st January 2019, 9:56 am

മാതാ അമൃതാനന്ദമയിക്കും ടി പി സെന്‍ കുമാറിനും രാഷ്ട്രീയം പറയാന്‍ പൂര്‍ണ്ണാവകാശമുണ്ട്. അവര്‍ പറയുന്നത് എന്താണ് എന്ന് മനസിലാക്കിയെടുക്കാന്‍ നമുക്കും.

ഒരുപമ, അങ്ങേയറ്റം സംശയാസ്പദമായ ഒരു ഗവേഷണഫലം, പിന്നെ നാട്ടിലെ കെ എസ് യു ക്കാരും എ ബി വി പി ക്കാരും വിളിക്കുന്നപോലെ രണ്ടു “കീജെ”. അതാണ് ഇന്നലെ മാതാ അമൃതാനന്ദമയിയുടെ സംഭാവന.

ശബരിമല വ്രതാനുഷ്ടാനം നടത്തുമ്പോള്‍ നല്ലവരായി നടക്കുന്ന നാട്ടിലെ ഹിന്ദുക്കളെല്ലാം അതുകഴിഞ്ഞാല്‍ എന്ത് ചെയ്യും എന്നാണ് അവര്‍ വിവക്ഷിക്കുന്നത് എന്നൊരു ചോദ്യം ഗവേഷണഫലം കാണുമ്പോള്‍ നമുക്കുണ്ടാകും. അതുപോട്ടെ.

രണ്ട് വ്യവസ്ഥകള്‍ ഒരു പോലിരിലിരിക്കുമെങ്കിലും അവയ്ക്കു ചില വ്യത്യാസങ്ങളുണ്ടാകാം എന്നാണ് ശബരിമല ആചാരവുമായി ബന്ധപ്പെടുത്തി അവര്‍ പറയാന്‍ ശ്രമിച്ചത്. പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള അവര്‍ ഉപയോഗിച്ച ഉപമയോട് എതിര്‍പ്പുണ്ടാകാം, അതിന്റെ രാഷ്ട്രീയത്തോടും. പക്ഷേ വാദം എന്ന നിലയില്‍ അതിനു നിലനില്‍പ്പുണ്ട് എന്ന് ഞാന്‍ കരുതും.

എന്നാല്‍ എന്താണ് ഇന്നലെ സെന്‍കുമാര്‍ പറഞ്ഞത്?

ഇന്ത്യയില്‍ ന്യൂനപക്ഷങ്ങളുടെ എണ്ണം കൂടുന്നത് അയാളെ അസ്വസ്ഥപ്പെടുത്തുന്നു. പാകിസ്ഥാനില്‍ അങ്ങിനെയല്ല എന്നയാള്‍ ആശ്വസിക്കുന്നു. ആ താരതമ്യത്തിലേക്കു ഇന്ത്യ എന്തുകൊണ്ടാണ് എത്താത്തത് എന്നയാള്‍ വേവലാതിപ്പെടുന്നു. ഇന്ത്യ പാകിസ്താനോ ബംഗ്ലാദേശോ ആകാന്‍ പാകത്തില്‍ ഭരണഘടന ഭേദഗതി ചെയ്യണം എന്ന് അയാള്‍ പരസ്യമായി ആവശ്യപ്പെടുന്നു.

പ്രാഥമിക വിദ്യാഭ്യാസമല്ല, ഉന്നത വിദ്യാഭ്യാസം ലഭിച്ച, പരീക്ഷയെഴുതാനും, എഴുതിക്കഴിഞ്ഞും ഭരണഘടന പഠിച്ച, അത് നടപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമായ സര്‍ക്കര്‍ സര്‍വ്വീസില്‍ കയറിയ, അതിനുകിട്ടുന്ന പെന്‍ഷന്‍ ഇപ്പോഴും വാങ്ങുന്ന അയാള്‍ക്ക് സംസ്‌കാരമുള്ള ഏതു സമൂഹവും ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ എഴുതിവച്ചിട്ടുള്ള ഇന്ത്യന്‍ ഭരണഘടന വക്കീലായ മുരളീധരന്‍ ഉണ്ണിത്താനെപ്പോലെ ഒരു ഭാരമാണ്. അത് എത്രയുംവേഗം കുട്ടയിലിടണം.

എന്നിട്ടു പാകിസ്ഥാനെപ്പോലെ ആകണം. പറ്റുമെങ്കില്‍ അഫ്ഗാനിസ്ഥാനെപ്പോലെയോ സിറിയയിലെപ്പോലെയോ ആകണം. മതനിയമങ്ങളായിരിക്കണം അയാള്‍ക്ക് പ്രിയം.

ഇക്കണോമിക്സില്‍ ഡോക്ടറേറ്റുള്ള സെന്‍കുമാറിന് ഒരു കാര്യം അറിയുമോ എന്നറിയില്ല: അറുപതുകളിലും എഴുപതുകളിലും എന്തിനു എണ്‍പതുകളിലും ഇന്ത്യയേക്കാള്‍ കൂടുതല്‍ പ്രതിശീര്‍ഷാവരുമാനം ഉണ്ടായിരുന്ന രാജ്യമായിരുന്നു പാകിസ്ഥാന്‍. മതവാദികള്‍ ആ രാജ്യം കൈയടക്കിക്കഴിഞ്ഞപ്പോള്‍ അതിന്റെ വളര്‍ച്ച താഴോട്ടായി. ന്യൂനപക്ള്‍ഷങ്ങളെയും ദളിതരെയും കൈപിടിച്ചുനടത്താനുള്ള ഭരണഘടനയും വച്ചുകൊണ്ടാണ് ഇന്ത്യ പാകിസ്ഥാനെ മറികടന്നത് എന്നത് സെന്‍കുമാര്‍ അറിഞ്ഞില്ലെങ്കിലും നമ്മള്‍ അറിഞ്ഞിരിക്കണം. ഇയാളുടെ ലക്ഷ്യം എന്താണ് എന്നറിയാന്‍ അത് സഹായിക്കും.

കാരണം, ഉയരത്തില്‍ എന്നത്തേയ്ക്കുമായി ബ്രാഹ്മണനെ ഇരുത്തുന്ന മനുസ്മൃതി എന്തുകൊണ്ട് ഇവിടെ നടപ്പാക്കുന്നില്ല എന്നയാള്‍ നാളെ ആശ്ചര്യപ്പെടും. എന്തുകൊണ്ട് ഇവിടെ ആളുകള്‍ മാംസം ഭക്ഷിക്കുന്നു എന്ന് അയാള്‍ വേദനിക്കും. എന്തിനു പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം നേടണം എന്നയാള്‍ ചോദിക്കും.

കേരളത്തിലെ ബ്രാഹ്മണരെല്ലാം “ഉയര്‍ന്ന” നിലയില്‍ ആയിരുന്നു എന്ന വോട്‌സ്ആപ് വിവരം കൊണ്ടുനടക്കുമ്പോഴും ഒരു കാര്യം ഇദ്ദേഹം അറിയാതെ പോകും: ബ്രഹ്മസ്വം എന്നും ദേവസ്വം എന്നുമൊക്കെപ്പറഞ്ഞു നാടിന്റെ സ്വത്തു മുഴുവന്‍ സമുദായത്തിലെ ചിലര്‍ കൈയടക്കിക്കഴിയുമ്പോഴും അനാചാരങ്ങളുടെയും ആണ്‍ക്രൂരതയുടെയും ഇരകളായി നരകജീവിതം നയിച്ചിരുന്ന ബ്രാഹ്മണര്‍ക്കു ഈ നാട്ടില്‍ കുറവൊന്നുമുണ്ടായിരുന്നില്ല, ദരിദ്രന്മാര്‍ക്കും എന്ന കാര്യം. വാട്‌സ്ആപ്പ് യൂണിവേഴ്സിറ്റിയില്‍ ഈ വിവരങ്ങള്‍ കിട്ടില്ല എന്നത് കൊണ്ട് അതദ്ദേഹം ഇനിയും പരസ്യമായി വിളമ്പിനടക്കും.

മേരി റോയി കേസിലെ സുപ്രീം കോടതി വിധി എന്തുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നില്ല എന്ന അസംബന്ധം ആലോചിച്ചെടുക്കാന്‍ വിധം പരിമിതമായ അറിവ് നിയമത്തെക്കുറിച്ചും , ഭരണഘടനയെക്കുറിച്ചുമുള്ള, അത് പരസ്യമായി എഴുന്നള്ളിക്കാന്‍ മാത്രം വിവരക്കേട് കൊണ്ടുനടക്കുന്ന ഇദ്ദേഹം ഈ സംസ്ഥാനത്തിന്റെ പോലീസ് മേധാവി ആയിരുന്നു എന്നത് നമ്മളെ അലോസരപ്പെടുത്തേണ്ടതാണ്; ഇന്ത്യന്‍ ഭരണഘടന ഇദ്ദേഹത്തെ അലോസരപ്പെടുത്തുന്നതുപോലെത്തന്നെ.

ബ്രാഹ്മണ്യത്തിന്റെ “ഉയര്‍ന്ന” സ്ഥാനത്തെക്കുറിച്ചുള്ള ഭൂതകാലക്കുളിര്‍ കൊണ്ടുനടക്കുന്ന അയാളൊരു മനുവാദിയാണ്, മതവാദിയാണ്.

മതവാദികള്‍ എല്ലായിടത്തും ഒരുപോലെയാണ്. ഇന്ത്യയിലായാലും പാകിസ്ഥാനിലായാലും അഫ്ഘാനിസ്ഥാനിലായാലും സിറിയയിലായാലും.

അവര്‍ ഭീകരവാദികളാണ്
അവരെ കരുതിയിരിക്കണം.

സവര്‍ണ്ണര്‍ക്ക് സര്‍ക്കാര്‍ ഏഴ് ദിവസം കൊണ്ട് സംവരണം നല്‍കി, ഞങ്ങള്‍ വര്‍ഷങ്ങളായി സമരം നടത്തിയിട്ടും തന്നില്ല; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തുമെന്ന് ജാട്ട് സമുദായം