ലീഗുകാരെ... പുര കത്തുമ്പോള്‍ അതില്‍ നിന്നും നൈസായി ബീഡികത്തിക്കരുത്
FB Notification
ലീഗുകാരെ... പുര കത്തുമ്പോള്‍ അതില്‍ നിന്നും നൈസായി ബീഡികത്തിക്കരുത്
ജസീം ചേരാപുരം
Sunday, 6th January 2019, 5:46 pm

ശബരിമലയുടെ മറവില്‍ വ്യാപകമായ അതിക്രമങ്ങളാണ് സംഘപരിവാര്‍ കാഴ്ചവെച്ചത്. കേരളത്തിലെ സാമുദായിക സഹവര്‍ത്തിത്വത്തിന്റെ പ്രതീകമായ ശബരിമല ക്ഷേത്രത്തെത്തന്നെ കേരളത്തിലൊരു വര്‍ഗ്ഗീയ കലാപം സംഘടിപ്പിക്കുന്നതിനുള്ള ടൂളായി ഉപയോഗിക്കുകയാണ് സംഘപരിവാര്‍.

ഇവിടെയൊരറ്റ മുസ്‌ലിം പള്ളിയും ബാക്കിവെക്കില്ല, മുസ്‌ലിംകളെ ജീവിക്കാന്‍ അനുവദിക്കില്ല തുടങ്ങിയ ആക്രോശങ്ങളാല്‍ മുഖരിതമായിരുന്നു കഴിഞ്ഞ ദിവസം നടന്ന ഹര്‍ത്താല്‍. പലയിടങ്ങളിലും മുസ്‌ലിം പള്ളികളുടെ നേര്‍ക്കും മുസ്‌ലിംകളുടെ വ്യാപാര സ്ഥാപങ്ങളുടെ നേര്‍ക്കും സംഘടിതവും ആസൂത്രിതവുമായ അക്രമങ്ങളുണ്ടായി, പക്ഷെ സുശക്തമായ ജനകീയ പ്രതിരോധത്തിനുമുന്നില്‍ അവ വലിയതോതില്‍ നാശനഷ്ടങ്ങളില്ലാതെ ചീറ്റിപ്പോവുകയാണ് ചെയ്തത്.

അക്രമാസക്തരായ സംഘപരിവാര്‍ കാപാലികരെ അയ്യപ്പഭക്തരെന്ന ഓമനപ്പേരില്‍ വിശേഷിപ്പിച്ച്, സംഘപരിവാറിന്റെ വര്‍ഗ്ഗീയ മുതലെടുപ്പിന് ജനകീയമായ അംഗീകാരം നല്‍കാനാണ് യൂ.ഡി.എഫ് ശ്രമിച്ചിട്ടുള്ളതെന്ന് പറയാതിരിക്കാന്‍ നിര്‍വ്വാഹമില്ല.

കേരളത്തിലുടനീളം സംഘപരിവാര്‍ എതിര്‍പക്ഷത്തും ബഹുജനങ്ങള്‍ മറുഭാഗത്തും നിലയുറപ്പിച്ചപ്പോള്‍ പേരാമ്പ്രയില്‍ അതെങ്ങിനെ യൂ.ഡി.എഫ് – സി.പി.ഐ.എം സംഘര്‍ഷമായി എന്ന് എനിക്ക് വ്യക്തമല്ല, പക്ഷേ ഒന്നറിയാം.

Read Also : മുഖ്യമന്ത്രിയെ തെറിവിളിച്ച പെണ്‍കുട്ടിയ്‌ക്കെതിരെ കേസ്

പേരാമ്പ്രയിലെ പള്ളിക്കുനേരെ സംഘടിതമായൊരു അക്രമം നടന്നിട്ടില്ല, ലീഗ് സി.പി.ഐ.എം സംഘര്‍ഷത്തിന്റെ ഭാഗമായി ലീഗാഫീസിനു നേര്‍ക്ക് കല്ലേറ് നടന്നിട്ടുണ്ട്, ലീഗാഫീസും പള്ളിയും തമ്മില്‍ ചേര്‍ന്നാണ് കിടക്കുന്നത്, ഉന്നം തെറ്റി ഏതെങ്കിലുമൊരു കല്ല് പള്ളിക്കുനേരെ വന്നിട്ടുണ്ടാവാം, അതല്ലെങ്കില്‍ ആള്‍ക്കൂട്ടത്തിനിടയില്‍നിന്നും ഏതെങ്കിലും ഒരു വിവരദോഷി അങ്ങിനെയൊരു പണി ചെയ്തിട്ടുണ്ടാവാം.

എന്തൊക്കെയായാലും സി.പി.ഐ.എം അതിനെ അപലപിച്ചിട്ടുണ്ട്, പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറി മോഹനന്‍ മാസ്റ്റര്‍ നേരിട്ടുതന്നെ പള്ളിയിലെത്തി ക്ഷമാപണം നടത്തിയിട്ടുണ്ട്. ആ നിലക്ക് പ്രശ്‌നം അവിടെ അവസാനിക്കേണ്ടതാണ്.

എന്നാല്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട വേളയില്‍ ആത്മസംയമനത്തിന്റെ താരാട്ടുപാടി മലയാളക്കരയുടെ സമാധാനം സംരക്ഷിച്ച മുസ്‌ലിം ലീഗിനേയല്ല നമ്മള്‍ ഇവിടെ കാണുന്നത്, അതിനെ സൈബര്‍ ആയുധമാക്കുന്നു. നടന്നത് സംഘടിതമായ ആക്രമണം തന്നെയാണെന്ന പ്രതീതി സൃഷ്ടിക്കുന്നു, അതുണ്ടാക്കാന്‍ പോവുന്ന സാമൂഹിക പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിക്കുന്നേയില്ല.

Read Also : എസ്.പി- ബി.എസ്.പി സഖ്യം പ്രഖ്യാപിച്ചതോടെ അഖിലേഷിനെതിരെ റെയ്ഡും തുടങ്ങി; ഇതാണ് ബി.ജെ.പി: കപില്‍ സിബല്‍

കഴിഞ്ഞ ദിവസം പള്ളികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ സംഘുപരിവാര്‍ നടത്തിയിട്ടുള്ള സംഘടിതമായ അക്രമങ്ങള്‍ക്കെതിരായി എന്തെങ്കിലുമൊരു പ്രതികരണം ഇവരുടെ ഭാഗത്തുനിന്നും ഉയര്‍ന്നു കേള്‍ക്കുന്നുണ്ടോ? പലയിടങ്ങളിലും സമരാക്രോശങ്ങള്‍ക്ക് അഭിവാദ്യമര്‍പ്പിക്കുന്ന ലീഗിനെയാണ് നമ്മള്‍ കണ്ടിട്ടുള്ളത്, ഞാന്‍ ജനറലൈസ് ചെയ്യുകയല്ല. സമൂഹം ഒരു പൊതുഭീഷണിയെ നേരിടുകയാണ്, പുര കത്തുമ്പോള്‍ അതില്‍നിന്നും നൈസായി ബീഡികത്തിക്കാന്‍ ശ്രമിക്കുന്ന ഏര്‍പ്പാട് ശരിയല്ലെന്ന് സവിനയം ഓര്‍മ്മിപ്പിക്കുയാണ്.

വാല്‍: ദയവുചെയ്ത് ഇതിന്റെ പേരില്‍ എന്നെപ്പിടിച്ച് സി.പി.ഐ.എമ്മുകാരനാക്കരുത്, തലശ്ശേരിയിലെ കുഞ്ഞിരാമന്റെ കഥയടക്കം തള്ളിക്കളയുന്ന, ഒന്നാന്തരമൊരു മാര്‍ക്‌സിസ്‌റ് വിരുദ്ധനാണ് ഞാന്‍.