ഞാന്‍ ഇനിയും പറയും കേരളത്തിലെ ഒരു വിഭാഗം ജനങ്ങള്‍ മേലാളരല്ലാത്തവര്‍ തെരെഞ്ഞെടുത്ത് നിയമസഭയിലേയ്ക്ക് അയച്ച ബിജിമോളെ വംശീയവും ലിംഗപരവുമായി അവഹേളിക്കുകയും അവരെ കൊല്ലുന്നതില്‍ തെറ്റില്ലെന്ന് സൂചിപ്പിക്കുകയും, സ്ത്രീപീഡനവിരുദ്ധനിയമം ഇല്ലായിരുന്നെങ്കില്‍ എത്ര നന്നായിരുന്നുവെന്ന് പ്രഖ്യാപിക്കുകയും ചെയ്ത വെള്ളാപ്പള്ളി നടേശന്‍ പ്രതിനിധീകരിക്കുന്നതാണ് ശ്രീനാരായണപ്രസ്ഥാനമെങ്കില്‍ അതു നടുകടലില്‍ കൊണ്ടുച്ചെന്ന് തള്ളേണ്ടതുതന്നെ (അവിടവും അത് മലിനപ്പെടുത്തില്ലേ എന്ന് ഭയമുണ്ടെങ്കിലും).
| ഫേസ്ബുക്ക് നോട്ടിഫിക്കേഷന്‍ : ജെ. ദേവിക |
ഞാന്‍ ഇനിയും പറയും കേരളത്തിലെ ഒരു വിഭാഗം ജനങ്ങള്‍ മേലാളരല്ലാത്തവര്‍ തെരെഞ്ഞെടുത്ത് നിയമസഭയിലേയ്ക്ക് അയച്ച ബിജിമോളെ വംശീയവും ലിംഗപരവുമായി അവഹേളിക്കുകയും അവരെ കൊല്ലുന്നതില്‍ തെറ്റില്ലെന്ന് സൂചിപ്പിക്കുകയും, സ്ത്രീപീഡനവിരുദ്ധനിയമം ഇല്ലായിരുന്നെങ്കില്‍ എത്ര നന്നായിരുന്നുവെന്ന് പ്രഖ്യാപിക്കുകയും ചെയ്ത വെള്ളാപ്പള്ളി നടേശന്‍ പ്രതിനിധീകരിക്കുന്നതാണ് ശ്രീനാരായണപ്രസ്ഥാനമെങ്കില്‍ അതു നടുകടലില്‍ കൊണ്ടുച്ചെന്ന് തള്ളേണ്ടതുതന്നെ (അവിടവും അത് മലിനപ്പെടുത്തില്ലേ എന്ന് ഭയമുണ്ടെങ്കിലും).
ഇത് ഞാന്‍ എവിടെയും, ഇനിയും ഇനിയും പറയും. ഇന്ന് മീഡിയാവണ്‍ ചര്‍ച്ചയില്‍ അതു പറഞ്ഞത് എസ്.എന്‍.ഡി.പി ഭാരവാഹിക്ക് വലിയ വെറുപ്പായിപ്പോയി. മാനവും നാണവുമില്ലാതെ നടേശന്റെ വിടുവായെ ന്യായീകരിച്ച ആ മനുഷ്യന്‍ ശ്രീനാരായണപ്രസ്ഥാനത്തെക്കുറിച്ച് ഒരു ക്ലാസ് തന്നെ എടുത്തു. ആ മഹത്തായ ചരിത്രത്തില്‍ ഇത്തരം കീടങ്ങള്‍ എങ്ങനെ കയറിപ്പറ്റി എന്നു മാത്രം പറയാന്‍ അയാള്‍ക്കു കഴിഞ്ഞില്ല.
വെള്ളാപ്പള്ളിയുടെ കൊലവിളിയെയും വംശീയതയെയും ശ്രീനാരായണപ്രസ്ഥാനത്തിന്റെ മഹത്തായ ഭൂതകാലം എങ്ങനെ ന്യായീകരിക്കുന്നുവെന്ന് ചൂണ്ടിക്കാണിക്കാന്‍ അയാള്‍ മെനക്കെട്ടില്ല. ഒരു സ്ത്രീയെ കൊല്ലാനും ബലാത്സംഗം ചെയ്യാനും പ്രേരിപ്പിക്കുന്ന (സ്ത്രീപീഡനനിയമില്ലായിരുന്നെങ്കില്‍ എന്ന പരാമര്‍ശം നല്‍കുന്ന സൂചന അതുതന്നെ) സംസ്‌കാരമായിരുന്നില്ലല്ലോ ആ പ്രസ്ഥാനത്തിന്റേത്.
ബിജിമോള്‍ നടേശനെ വിമര്‍ശിച്ചുകൊണ്ട് നോട്ടീസിറക്കി ഈഴവഭവനങ്ങളില്‍ വിതരണം ചെയ്‌തെന്നും, അതുകൊണ്ട് അവര്‍ക്കെതിരെ കൊലവിളിയും ബലാത്സംഗസൂചനയും ആകാമെന്നാണ് എസ്.എന്‍.ഡി.പി യോഗത്തില്‍ ഉത്തരവാദപ്പെട്ട സ്ഥാനമലങ്കരിക്കുന്ന മഹാന്‍ പറഞ്ഞത്. മറ്റൊരു ബി.ഡി.ജെ.എസ് മഹാന്റെ കണക്കില്‍, തെരെഞ്ഞടുപ്പുകാലത്ത് അങ്ങനെ പലരും പലതും പറയും, അതിനൊക്കെ കേസെടുത്താല്‍ അന്തമുണ്ടാകില്ലത്രെ.
ഇത്തരക്കാരെയാണ് എസ്.എന്‍.ഡി.പി യോഗം പ്രോത്സാഹിപ്പിക്കുന്നതെങ്കില്‍ തെരുവുഗുണ്ടകളുടെയും സ്ത്രീപീഡനക്കാരുടെയും സംസ്‌കാരത്തെ തെല്ലും ഉളുപ്പില്ലാതെ (അതിനെന്താ കുഴപ്പം എന്നാണ് എസ്.എന്‍.ഡി.പി ഭാരവാഹി ചോദിച്ചത്) പരസ്യമായി പ്രചരിപ്പിക്കാന്‍ മടിയില്ലാത്തവരെയാണ് ആ പ്രസ്ഥാനം വളര്‍ത്തുന്നതെങ്കില്‍, അതിനെ കേരളത്തില്‍ നിന്നു പുറത്താക്കുകയാണ് വേണ്ടത്.
ശ്രീനാരായണഗുരുവിനെ ബഹുമാനിക്കുന്നവരുടെ കടമയാണത്. സ്ത്രീകളുടെ സുരക്ഷ ആഗ്രഹിക്കുന്നവുടെയും. ബിജിമോളെ ഭ്രാന്തി എന്നു വിളിച്ചുകൊണ്ടായിരുന്നു തുടക്കം. പെരുമാറ്റം മോശമെന്ന് തോന്നിക്കുന്ന സ്ത്രീയെ ഭ്രാന്തി എന്നു വിളിച്ചുകേട്ട് നമ്മുടെ കാത് അടുത്തിടെ നിറഞ്ഞത് പെരുമ്പാവൂരിലാണ് ജിഷയുടെ അമ്മയെപ്പറ്റി.
വിരോധം തോന്നുന്ന സ്ത്രീയെ കൊല്ലുന്നതും പീഡിപ്പിക്കുന്നതും വലിയ കുഴപ്പമില്ലെന്ന് പ്രവൃത്തികൊണ്ട് പ്രഖ്യാപിച്ചത് ജിഷയുടെ കൊലയാളിയാണ് ആ കൊലയാളിയെ ഫലത്തില്‍ ന്യായീകരിക്കുന്ന വാക്കുകളല്ലേ നടേശന്റെ വായില്‍ നിന്ന് പുറത്തുചാടിയത്? ഇങ്ങനെയുള്ളവരെ താങ്ങാന്‍ നടക്കുന്ന പ്രസ്ഥാനത്തെയും മൗനത്തിലൂടെ സമ്മതം മൂളുന്ന വല്ല്യേട്ടന്‍ ബി.ജെ.പിയും കേരളത്തിലുള്ളിടത്തോളം ജിഷയുടെ അനുഭവം മറ്റുസ്ത്രീകള്‍ക്കുണ്ടാകാന്‍ ഇടയുണ്ടെന്നു തന്നെയാണ് സൂചന.
പൊതുവെ രാഷ്ട്രീയകക്ഷികളില്‍ കള്ളവും അഴിമതിയും വളര്‍ന്നിട്ടുണ്ട്, തീര്‍ച്ച. പക്ഷേ ഇക്കൂട്ടര്‍ കള്ളന്മാര്‍ മാത്രമല്ല, ദുഷ്ടന്മാരാണ് പരമദുഷ്ടന്മാര്‍, കൊലയെയും പീഡനത്തെയും സാധാരണകാര്യം പോലെ അവതരിപ്പിക്കുന്നവര്‍.