14 വയസുള്ള മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് പൊലീസ് എന്നെ ഉപയോഗിച്ചത്; ചാരക്കേസിനെക്കുറിച്ച് ഫൗസിയ ഹസന്‍ പറഞ്ഞത്
Kerala News
14 വയസുള്ള മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് പൊലീസ് എന്നെ ഉപയോഗിച്ചത്; ചാരക്കേസിനെക്കുറിച്ച് ഫൗസിയ ഹസന്‍ പറഞ്ഞത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 15th September 2018, 11:22 am

 

കൊച്ചി: 14 വയസുള്ള മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് ചാരക്കേസില്‍ തന്നെ ഉപയോഗിച്ചതെന്നാണ് മാലി സ്വദേശി ഫൗസിയ ഹസന്‍ പീന്നീട് വെളിപ്പെടുത്തിയത്. നമ്പി നാരായണന്‍ അദ്ദേഹത്തിന്റെ ആത്മകഥയിലും ഇക്കാര്യം പറഞ്ഞിരുന്നു.

നമ്പി നാരായണനെ അറിയില്ലായിരുന്നു. ഐ.ബി ഉദ്യോഗസ്ഥരും കേരളാ പൊലീസും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയാണ് നമ്പി നാരായണന്റെ പേര് പറയിക്കുന്നത്. നമ്പി നാരായണനെ തനിക്ക് അറിയില്ലായിരുന്നെന്നും ഫൗസിയ പറഞ്ഞിരുന്നു.

നാരായണനെ ആദ്യമായി കണ്ടത് സി.ബി.ഐ കസ്റ്റഡിയിലായിരുന്നു. മകളെ മുന്നില്‍ കൊണ്ടുവന്നു നിര്‍ത്തി ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതുകൊണ്ട് ഉദ്യോഗസ്ഥര്‍ പറഞ്ഞ പലതും സമ്മതിക്കുകയായിരുന്നെന്നും അവര്‍ പറഞ്ഞിരുന്നു.

Also Read:ബിഷപ്പിന് അനുകൂലമായി മൊഴിമാറ്റാന്‍ മൂന്ന് കന്യാസ്ത്രീകള്‍ക്ക് ജലന്ധര്‍ രൂപത കോച്ചിങ് നല്‍കിയെന്ന് പൊലീസ്

ജയില്‍ മോചിതയായശേഷം ഫൗസിയ പൊലീസിനും ഐ.ബിക്കുമെതിരെ കേസ് ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ പിന്നീടത് പിന്‍വലിക്കുകയായിരുന്നു. പല ആവശ്യങ്ങള്‍ക്കായി ഇന്ത്യ സന്ദര്‍ശിക്കേണ്ടി വരുന്ന ബന്ധുക്കളോട് പൊലീസ് മോശമായി പെരുമാറുമോയെന്നു ഭയന്നാണ് കേസ് പിന്‍വലിച്ചതെന്ന് ഫൗസിയ പറഞ്ഞതായി മനോരമ പത്രം റിപ്പോര്‍ട്ടു ചെയ്യുന്നു.

വിധിയില്‍ സന്തോഷമുണ്ടെന്നും താന്‍ വിദേശിയായതുകൊണ്ടും ഇന്ത്യയില്‍ വരാനും പോകാനും പരിമിതികളുള്ളതുകൊണ്ടുമാണ് നമ്പി നാരായണനെപ്പോലെ നിയമപോരാട്ടം നടത്താന്‍ മുതിരാതിരുന്നതെന്നും ഫൗസിയ പറഞ്ഞു.

Must Read:ചാരക്കേസ്; കേരള പൊലീസിനും, ഐ.ബിക്കുമെതിരെ മറിയം റഷീദ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കും

1994 നവംബര്‍ 30നാണ് ചാരക്കേസില്‍ നമ്പിനാരായണനെ അറസ്റ്റു ചെയ്തത്. അതിനുശേഷം തിരുവനന്തപുരം സി.ജെ.എം കോടതി പരിസരത്ത് പൊലീസ് വാനില്‍ വെച്ചാണ് മറിയം റഷീദയേയും ഫൗസിയ ഹസനെയും ആദ്യമായി കണ്ടതെന്നാണ് നമ്പി നാരായണന്‍ അദ്ദേഹത്തിന്റെ ആത്മകഥയില്‍ പറയുന്നത്. പിന്നീട് ചെന്നൈയില്‍ സി.ബി.ഐ കസ്റ്റഡിയില്‍ ഇരിക്കെയാണ് ഇവരെ അടുത്തു കാണുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.