Opinion
കത്തോലിക്കാപുരോഹിതര്‍ എന്തിന് ബ്രഹ്മചാരികളാവണം?
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Feb 17, 05:48 pm
Sunday, 17th February 2019, 11:18 pm

റോബിന്‍ വടക്കുംചേരി ശിക്ഷിക്കപ്പെട്ടതില്‍ “അതിയായ സന്തോഷം ഉണ്ട്” എന്നാണ് മാനന്തവാടി രൂപത വക്താവ് ഒരു ചാനലില്‍ പ്രതികരിച്ചത്. സാധാരണഗതിയില്‍ എന്തെങ്കിലും നല്ല കാര്യം ചെയ്യുമ്പോഴാണ് “അതിയായ സന്തോഷം” ഉണ്ടാവുന്നത്. ന്യായാധിപന്റെ വിധിയിലാവാം അദ്ദേഹം സന്തോഷിച്ചത്! ഏതായാലും, ഞാന്‍ ഈ മൊത്തം നാടകത്തില്‍ അതീവ ദുഖിതനാണ്. ഒരു മാതൃകാ കുടുംബ സാഹചര്യത്തില്‍ നിന്നുമുള്ള മിടുക്കനായ റോബിനെ ഒരു പരിഹാസപാത്രമാക്കിയത് കത്തോലിക്കാ സഭാ സംവിധാനവും അതിന്റെ വികലമായ ലൈംഗിക ധാരണയുമാണ്.

വൈവിധ്യമാര്‍ന്ന ലൈംഗികാവിഷ്‌കാരവും അതനുസരിച്ചുള്ള ലൈംഗിക പ്രകടനവും ജീവികള്‍ക്ക് നൈസര്‍ഗികമാണ്. എല്ലാ സമൂഹങ്ങളിലും ബഹുഭൂരിപക്ഷം സ്ത്രീ-പുരുഷന്‍മാരും എതിര്‍ലിംഗത്തോട് താല്‍പ്പര്യമുള്ളവര്‍ (heterosexuals) ആണെങ്കിലും ഒരു പത്തു ശതമാനം പേര്‍ പല കാരണങ്ങളാലും സ്വവര്‍ഗാനുരാഗികളാണ് (homosexuals). കുട്ടികളെ ജനിപ്പിക്കാന്‍ മാത്രം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പറ്റുന്നവര്‍ മുതല്‍ നഗ്നത കാണുമ്പോള്‍ പോലും അറപ്പ് ഉളവാകുന്നവര്‍ വരെ ഈ സ്വവര്‍ഗാനുരാഗി വിഭാഗത്തിലുണ്ട്. ഇങ്ങനെ, നൈസര്‍ഗികമായ എതിര്‍ലിംഗ വിരോധമെന്നത് എന്തോ സാധനയിലൂടെയും പ്രാര്‍ത്ഥനയിലൂടെയും ത്യാഗത്തിലൂടെയും ലഭിക്കുന്ന ലൈംഗികാതീത സിദ്ധിയാണെന്നും അക്കാരണത്താല്‍ വിവാഹജീവിതം നയിക്കുന്നവര്‍ രണ്ടാം കിടക്കാരാണെന്നും അശുദ്ധരാണെന്നും വിശ്വാസസമൂഹത്തെ പലവഴിക്കും ബോധ്യപ്പെടുത്തിയതാണ് “ബ്രഹ്മചാരി” പൗരോഹിത്യത്തിന്റെ ആദ്യ വിജയം.

ശുക്ലം പിടിച്ചുവെക്കുന്ന ബ്രഹ്മചാരികള്‍ക്കാണ് കൂടുതല്‍ പൗരുഷമെന്നും അക്കാരണത്താല്‍ വിവാഹിതര്‍ക്ക് പൗരുഷം കുറവാണെന്നും വിശ്വാസ സമൂഹത്തെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞുവെന്നതാണ് ഇവരുടെ രണ്ടാമത്തെ നേട്ടം. സത്യത്തില്‍, ഒരു പിടിച്ചുവെക്കലുമില്ലാത്ത, പൗരുഷവുമില്ലാത്ത, പെണ്ണുങ്ങളുടെ അംഗവിക്ഷേപത്തോടും ശബ്ദതാളത്തോടും ജീവിക്കുന്ന അച്ചന്‍മാരാണ് ഇവരില്‍ അധികവും. ഇങ്ങനെയുള്ള വ്യക്തിത്വങ്ങളിലെ ഒരു പ്രബല വിഭാഗമാണ് ബാലപീഡകര്‍, (ആണ്‍- പെണ്‍ കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നവര്‍). ഇക്കൂട്ടര്‍ക്കു മുന്‍തൂക്കമുള്ള ഇടമാണ് എല്ലാ മതങ്ങളിലെയും പൗരോഹിത്യ മേഖലയെന്നു സമകാലിക സംഭവങ്ങള്‍ തന്നെ തെളിവാണ്. റോബിനും ഇമാമും സന്യാസിയും ഒരേ തൂവല്‍പക്ഷികള്‍.

ഇതിനെ ഏറ്റവും കൂടുതല്‍ സംഘടിതമായി അവരോധിച്ചത് കത്തോലിക്ക സഭാസംവിധാനത്തില്‍ മാത്രമാണ്. ആത്മീയവും സാമ്പത്തികവും സാമൂഹികവും വൈജ്ഞാനികവും ആയ എല്ലാ അധികാരങ്ങളും എല്ലാ മേല്‍ക്കോയ്മകളും ഒരാളില്‍, പുരോഹിതനില്‍, കേന്ദ്രികരിക്കുന്നതാണ് കത്തോലിക്കാ സഭാ സംവിധാനം. ഇവരില്‍ അപൂര്‍വം പേര്‍ ആത്മീയരാവാം. എന്നാല്‍ ബഹുഭൂരിപക്ഷവും ബ്രഹ്മചര്യത്തിന്റെ കുപ്പായം അണിഞ്ഞ് സുഖജീവിതം നയിക്കുന്നവരാണ്. ചിലരാവട്ടെ, ലൈംഗികാസക്തി കൊടുപിരികൊണ്ടവരും.

സമൂഹത്തില്‍ സമുന്നത സ്ഥാനം അനര്‍ഹമായി ലഭിക്കുന്നതിലൂടെ, അതിലെ വീഴ്ചകളുടെ ലജ്ജ, സാമൂഹികമായ ഒറ്റപ്പെടല്‍ ഭയന്ന്, ഭീകരമാം വിധം സാന്ദ്രമാവുന്നു. കത്തോലിക്ക പൗരോഹിത്യത്തില്‍ നിന്നും പുറത്തു പോകുകയോ, പുറത്താക്കപ്പെടുകയോ, ചെയ്യുന്നവര്‍ അനുഭവിക്കുന്ന സാമൂഹിക അയിത്തം അതിഭീതിദമാണ്. അടുത്ത ബന്ധുക്കളാവും സാമ്പത്തികമടക്കം പല കാരണങ്ങള്‍കൊണ്ടും ഏറ്റവും കടുത്ത ശത്രുക്കള്‍.

ഇക്കൂട്ടര്‍ നിത്യപരിഹാസ്യരും ലജ്ജിതരുമായി, മുഖമോ ശബ്ദമോ ഇല്ലാതെ സമൂഹത്തില്‍ അപ്രത്യക്ഷരായി എന്നും കഴിയാന്‍ വിധിക്കപ്പെട്ടവരായി മാറുന്നു. അതാണ് ഏറ്റവും ഹീനമായ രീതിയില്‍, കുഞ്ഞിന്റെ പിതൃത്വം ഗര്‍ഭിണിയാക്കിയ കുട്ടിയുടെ പിതാവിന്റെ തലയില്‍ അദ്ദേഹത്തിന്റെ ദാരിദ്രം മുതലാക്കി കെട്ടിവെക്കാന്‍ ഫാ. റോബിനെയും ബന്ധപ്പെട്ടവരെയും പ്രേരിപ്പിച്ചതും സിസ്റ്റര്‍ അഭയ കൊലപാതകം ഇന്നും തെളിയാതെ കിടക്കുന്നതും. കണ്ടോ, ബ്രഹ്മചര്യ ലജ്ജ എത്ര ഭ്രാന്തമാകാമെന്ന്..!

ഇക്കാര്യം മനസിലാക്കാതെ, ഇനി മനസിലാക്കിയെങ്കില്‍ തന്നെ അത് അംഗീകരിക്കാതെ, ബ്രഹ്മചര്യത്തിനെ കത്തോലിക്ക സഭ മഹത്വവത്കരിക്കുന്നതിന്റെ ഇരയാണ് നേരുപറഞ്ഞാല്‍, റോബിന്‍. ഇവിടെ, റോബിനേക്കാള്‍ അദ്ദേഹത്തെക്കൊണ്ട് ഈ ക്രൂരത ചെയ്യിപ്പിച്ച, സഭാസംവിധാനവും അധികാരികളും വിശ്വാസ സമൂഹവുമാണ് കുറ്റക്കാര്‍. അതുകൊണ്ടാണ്, മറ്റു മതവിശ്വാസികളെപ്പോലും അത്ഭുതപ്പെടുത്തും വിധം പൗരോഹിത്യ വീഴ്ചകളെ ഏറ്റവും കൂടുതല്‍ ആഘോഷിക്കുന്നത് കത്തോലിക്കര്‍ തന്നെയാവുന്നത്.(ചരിത്രപരമായി ക്രിസ്തീയ സഭയില്‍ നിലനില്‍ക്കുന്ന വിമര്‍ശനാത്മക നവോത്ഥന ചിന്തകളും മറ്റൊരു കാരണമാണ്.)


ഫാദര്‍ ജെ.ജെ പള്ളത്ത്

പ്രശസ്ത ആന്ത്രോപ്പോളജിസ്റ്റും മുന്‍ ജെസ്യുട്ട് വൈദികനുമാണ് ലേഖകന്‍. അറിയപ്പെടുന്ന ഫോക്‌ലോറിസ്റ്റ് കൂടിയായ ഫാദര്‍ ജെ.ജെ പള്ളത്ത് ഇപ്പോള്‍ കുടുംബജീവിതം നയിക്കുന്നു.