'ബില്‍ വാപസി നഹി, ഘര്‍ വാപസി നഹി'; ട്രാക്ടര്‍ റാലിയുമായി മുന്നോട്ട്; നയം വ്യക്തമാക്കി കര്‍ഷകര്‍
national news
'ബില്‍ വാപസി നഹി, ഘര്‍ വാപസി നഹി'; ട്രാക്ടര്‍ റാലിയുമായി മുന്നോട്ട്; നയം വ്യക്തമാക്കി കര്‍ഷകര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 12th January 2021, 5:14 pm

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ താത്കാലികമായി റദ്ദാക്കിയ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് കര്‍ഷകരുടെ സംയുക്ത സമര സമിതി.  കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുകയാണ് വേണ്ടതെന്നും കര്‍ഷകര്‍ വ്യക്തമാക്കി.

റിപ്പബ്ലിക്ക് ദിനത്തില്‍ നടത്താന്‍ തീരുമാനിച്ച ട്രാക്ടര്‍ റാലിയുമായി മുന്നോട്ട് പോകുമെന്നും സമര സമിതി അറിയിച്ചു. കര്‍ഷക നിയമങ്ങള്‍ക്കെതിരെ തലസ്ഥാനത്ത് സമരം തുടരുമെന്നും സമര സമിതി പറഞ്ഞു.

അതേസമയം പ്രശ്‌നം പരിഹരിക്കുന്നതിനായി ഉണ്ടാക്കിയ സമര സമിതിയില്‍ തൃപ്തരല്ലെന്നും സമര സമിതി വക്താവ് രാകേഷ് ടികായത് പറഞ്ഞു. സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘ബില്‍ പിന്‍വലിച്ചില്ലെങ്കില്‍ വീടുകളിലേക്ക് തിരിച്ച് പോക്കും ഉണ്ടാകില്ല,’ അദ്ദേഹം പറഞ്ഞു.

വേനല്‍ കാലത്തും സമര തുടരുന്നതിനായി സമര സ്ഥലത്തത് ശീതീകരണികള്‍ സ്ഥാപിക്കാന്‍ ഒരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.

സുപ്രീംകോടതി നിയോഗിച്ച സമിതിയില്‍ കാര്‍ഷിക നിയമത്തെ പിന്തുണയ്ക്കുന്നവരുണ്ടെന്ന് കര്‍ഷകര്‍ പറഞ്ഞിരുന്നു. അശോക് ഗുലാത്തി ഉള്‍പ്പെടെയുള്ളവര്‍ കേന്ദ്രത്തിന്റെ കാര്‍ഷിക നിയമത്തെ അനുകൂലിക്കുന്നവരാണെന്നാണ് കര്‍ഷക സംഘടനകള്‍ പറഞ്ഞത്. പഞ്ചാബ് കര്‍ഷകരുടെ കോര്‍ കമ്മിറ്റിയിലും സമിക്കെതിരെ അഭിപ്രായം ഉയര്‍ന്നുവന്നിട്ടുണ്ട്.

നിലവില്‍ മൂന്ന് നിയമങ്ങളും സുപ്രീംകോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.
ഒരു വിദഗ്ധ സമിതി രൂപീകരിക്കുമെന്നും ആ സമിതി കര്‍ഷകരുടെ നിലപാടുകള്‍ കേള്‍ക്കുമെന്നും അതിന് ശേഷം എന്തുവേണമെന്ന് തീരുമാനിക്കുമെന്നും അതുവരെ നിയമം നടപ്പാക്കരുതെന്നുമാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

കേന്ദ്രത്തിനോടും കര്‍ഷകരോടും സംസാരിക്കാന്‍ നാലംഗ സമിതിയാണ് രൂപീകരിച്ചത്. അശോക് ഗുലാത്തി, ഭൂപീന്ദര്‍ സിംഗ് മാന്‍, ഡോ. പ്രമോദ് കുമാര്‍ ജോഷി, അനില്‍ ധന്‍വാത് എന്നിവരാണ് സമിതിയില്‍.

കര്‍ഷക ഭൂമി സംരക്ഷിക്കാമെന്ന് സുപ്രീംകോടതി കര്‍ഷകര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. കോടതിയുടെ അധികാരം ഉപയോഗിച്ച് പ്രശ്നം തീര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും കോടതി പറഞ്ഞു. യഥാര്‍ത്ഥ ചിത്രം കോടതിക്ക് മനസ്സിലാകണമെന്നും സംഘടനകളുടെ അഭിപ്രായം കേള്‍ക്കണമെന്നും കോടതി നിലപാട് വ്യക്തമാക്കി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Farmers will continue with Tractor rally on January 26