'ക്യാപ്റ്റനെന്ന നിലയിലെ അവസാന മത്സരമാണ്, ആസ്വദിച്ച് കളിച്ചോ, ഇനി അവന്‍ മതി'; രോഹിത്തിനെ നായകസ്ഥാനത്ത് നിന്നും മാറ്റാന്‍ ആരാധകരുടെ മുറവിളി
World Test Championship
'ക്യാപ്റ്റനെന്ന നിലയിലെ അവസാന മത്സരമാണ്, ആസ്വദിച്ച് കളിച്ചോ, ഇനി അവന്‍ മതി'; രോഹിത്തിനെ നായകസ്ഥാനത്ത് നിന്നും മാറ്റാന്‍ ആരാധകരുടെ മുറവിളി
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 9th June 2023, 7:10 pm

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ മോശം പ്രകടനത്തിന് പിന്നാലെ രോഹിത് ശര്‍മയെ ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറ്റാന്‍ ആരാധകരുടെ മുറവിളി. രോഹിത് ശര്‍മക്ക് പകരം അജിന്‍ക്യ രഹാനെയെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് കൊണ്ടുവരണമെന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്.

ഒരു ആത്മവിശ്വാസവുമില്ലാതെയാണ് രോഹിത് ശര്‍മ കളത്തില്‍ തുടരുന്നതെന്നും ഈ നെഗറ്റിവിറ്റി മറ്റ് താരങ്ങളെയും അവരുടെ പ്രകടനത്തെയും ബാധിക്കുന്നുണ്ടെന്നുമാണ് ആരാധകര്‍ പറയുന്നത്. ഫൈനലിലെ ആദ്യ ഇന്നിങ്‌സിലെ രോഹിത്തിന്റെ ബോഡി ലാംഗ്വേജ് അടക്കം ചൂണ്ടിക്കാണിച്ചാണ് ആരാധകര്‍ രോഹിത്തിനെ ക്രൂശിക്കുന്നത്.

വിരാട് കോഹ്‌ലി ക്യാപ്റ്റനായപ്പോള്‍ സഹതാരങ്ങള്‍ക്ക് പകര്‍ന്നുകൊടുത്ത എനര്‍ജി കൈമാറാന്‍ രോഹിത്തിന് സാധിക്കുന്നില്ലെന്നും ആരാധകര്‍ പറയുന്നു. ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയില്‍ രോഹിത്തിന്റെ അവസാന മത്സരമാകട്ടെ ഇതെന്നും ആരാധകര്‍ പറയുന്നു.

നിലവില്‍ ഇന്ത്യയുടെ ഓള്‍ ഫോര്‍മാറ്റ് നായകനായ രോഹിത്തിന് പഴയ മികവ് പുറത്തെടുക്കാന്‍ സാധിക്കുന്നില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. ക്യാപ്റ്റന്‍സിയില്‍ മാത്രമല്ല, ബാറ്റങ്ങിലും രോഹിത്തിന്റെ ഗ്രാഫ് താഴേക്കാണ്.

ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍സി അജിന്‍ക്യ രഹാനെയെ ഏല്‍പിക്കാനാണ് ആരാധകര്‍ പറയുന്നത്. ഇന്ത്യ ഗാബ കീഴടക്കിയപ്പോള്‍ ടീമിനെ മുമ്പില്‍ നിന്നും നയിച്ച രഹാനെയെ തന്നെ ക്യാപ്റ്റന്‍സിയേല്‍പിക്കണമെന്നാണ് ആരാധകര്‍ പറയുന്നത്.

ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റന്‍ എന്ന നിലയില്‍ മികച്ച റെക്കോഡാണ് രഹാനെക്കുള്ളത്. ക്യാപ്റ്റനായി രഹാനെ ഇന്ത്യയെ നയിച്ച ഒരു മത്സരവും ഇന്ത്യ തോറ്റിട്ടില്ല. ആറ് മത്സരത്തില്‍ നാല് വിജയവും രണ്ട് സമനിലയുമാണ് രഹാനെക്ക് കീഴില്‍ ഇന്ത്യ നേടിയത്.

ഓസീസിനെതിരെ കളിച്ച നാല് മത്സരത്തില്‍ മൂന്ന് വിജയവും ഒരു സമനിലയും നേടിയപ്പോള്‍ ന്യൂസിലാന്‍ഡിനെതിരെ ഒരു സമനിലയും അഫ്ഗാനിസ്ഥാനെതിരെ ഒരു വിജയവുമാണ് രഹാനെയുടെ അക്കൗണ്ടിലുള്ളത്.

അതേസമയം, ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ 296 റണ്‍സിന് ഒന്നാം ഇന്നിങ്‌സ് അവസാനിപ്പിച്ചു. അര്‍ധ സെഞ്ച്വറി നേടിയ അജിന്‍ക്യ രഹാനെയുടെയും ഷര്‍ദുല്‍ താക്കൂറിന്റെയും ഇന്നിങ്‌സിന്റെ കരുത്തിലാണ് ഇന്ത്യ ഫോളോ ഓണ്‍ ഒഴിവാക്കിയത്.

രഹാനെ 129 പന്തില്‍ നിന്നും 89 റണ്‍സ് നേടിയപ്പോള്‍ താക്കൂര്‍ 109 പന്തില്‍ നിന്നും 51 റണ്‍സും നേടി. 51 പന്തില്‍ നിന്നും 48 റണ്‍സ് നേടിയ രവീന്ദ്ര ജഡേജയുടെ ഇന്നിങ്‌സും ഇന്ത്യന്‍ നിരയില്‍ നിര്‍ണായകമായി.

ഓസീസിനായി ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്, സ്‌കോട് ബോളണ്ട്, കാമറൂണ്‍ ഗ്രീന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നേടി. നഥാന്‍ ലിയോണാണ് ശേഷിക്കുന്ന വിക്കറ്റ് സ്വന്തമാക്കിയത്.

 

Content Highlight: Fans wants to sack Rohit Sharma from Test captaincy