Sports News
നൂറ്റാണ്ടില്‍ പിറന്ന 'ഏറ്റവും മികച്ച' സെല്‍ഫ് ഗോള്‍, നാണംകെട്ട് യുവന്റസ്; ഒത്തുകളി അന്വേഷിക്കണമെന്ന് ആരാധകര്‍
സ്പോര്‍ട്സ് ഡെസ്‌ക്
2023 Sep 24, 04:39 am
Sunday, 24th September 2023, 10:09 am

കഴിഞ്ഞ ദിവസം സീരി എയില്‍ നടന്ന സാസുവോലോ – യുവന്റസ് മത്സരത്തില്‍ ഇറ്റാലിയന്‍ വമ്പന്‍മാര്‍ നാണംകെട്ട് പരാജയപ്പെട്ടിരുന്നു. സാസുവോലോയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ നാല് ഗോളിനായിരുന്നു യുവന്റസിന്റെ പരാജയം.

ഈ പരാജയത്തെക്കാളേറെ ആരാധകരെ നിരാശരാക്കുന്നത് മത്സരത്തില്‍ കണ്‍സീഡ് ചെയ്യേണ്ടി വന്ന സെല്‍ഫ് ഗോളിനെയോര്‍ത്താണ്. മത്സരത്തിന്റെ ഇന്‍ജുറി ടൈമില്‍, സന്ദര്‍ശകര്‍ 3-2ന് പുറകില്‍ നില്‍ക്കവൊണ് യുവന്റസ് ഡിഫന്‍ഡര്‍ ഫെഡ്രികോ ഗാട്ടി സെല്‍ഫ് ഗോള്‍ നേടിയത്.

മത്സരത്തില്‍ സമനില പിടിക്കാനുള്ള അവസാന ശ്രമത്തിനിടെയാണ് ഈ ഗോള്‍ വീണതെന്നതും ആരാധകരുടെ നിരാശയുടെ ആഴം വര്‍ധിപ്പിക്കുകയാണ്.

ആ സെല്‍ഫ് ഗോളിന്റെ വീഡിയോ കാണാം.

ഈ ഗോളിന് പിന്നാലെ നിരവധി ആരാധകരാണ് പ്രതിഷേധവും നിരാശയും വ്യക്തമാക്കി രംഗത്തെത്തിയത്. ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മോശം ഗോളാണിതെന്നും ഈ ഗോളിനെ കുറിച്ച് അന്വേഷിക്കണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു.

മത്സരത്തില്‍ അര്‍മാഡ് ലോറിയെന്റിന്റെ ഗോളില്‍ ആതിഥേയരാണ് ആദ്യ മുമ്പിലെത്തിയത്. മത്സരത്തിന്റെ 12ാം മിനിട്ടിലായിരുന്നു സാസുവോലോക്കായി ലോറിയന്റ് ഗോള്‍ നേടിയത്. യുവന്റസിന്റെ പിഴവ് മുതലെടുത്താണ് ലോറിയന്റ് ഗോള്‍ നേടിയത്.

ഗോള്‍ വഴങ്ങിയതിന് പിന്നാലെ തിരിച്ചടിക്കാന്‍ യുവന്റസ് ശ്രമം തുടങ്ങി. മത്സരത്തിന്റെ 21ാം മിനിട്ടില്‍ സന്ദര്‍ശകര്‍ ഒപ്പമെത്തി. എന്നാല്‍ മത്തിയാസ് വിനയുടെ സെല്‍ഫ് ഗോളാണ് യുവന്റസിന് ആശ്വാസമായത്.

തുടര്‍ന്ന് ആദ്യ പകുതി അവസാനിക്കാന്‍ നാല് മിനിട്ട് ബാക്കി നില്‍ക്കെ സാസുവാലോ വീണ്ടും യുവന്റസ് വല കുലുക്കി. എം. ഹെന്റിക്വിന്റെ അസിസ്റ്റില്‍ ഡൊമനികോ ബെറാര്‍ഡിയാണ് ഗോള്‍ കണ്ടെത്തിയത്. ഇതോടെ ആദ്യ പകുതി അവസാനിച്ചപ്പോള്‍ ഒരു ഗോളിന്റെ ലീഡുമായി ഹോം ടീം മുന്നിട്ട് നിന്നു.

രണ്ടാം പകുതിയില്‍ ഇരുടീമിന്റെ ഭാഗത്ത് നിന്നും ഗോള്‍ ശ്രമങ്ങളുണ്ടായെങ്കിലും ഗോള്‍ പിറന്നത് 78ാം മിനിട്ടില്‍ മാത്രമാണ്. ഫെഡ്രിക്കോ ചെയ്‌സയിലൂടെ യുവന്റസാണ് രണ്ടാം പകുതിയിലെ ആദ്യ ഗോള്‍ നേടിയത്. ഈ ഗോളിന് പിന്നാലെ സന്ദര്‍ശകര്‍ ഒപ്പമെത്തുകയും ചെയ്തിരുന്നു.

എന്നാല്‍ ഈ സന്തോഷത്തിന് അധികം ആയുസുണ്ടായിരുന്നില്ല. ആന്‍ഡ്രിയ പിനമൊന്റിയിലൂടെ ലീഡെടുത്ത സാസുവോലോ വിജയപ്രതീക്ഷ നിലനിര്‍ത്തി. ഇതിന് പിന്നാലെ 90+5ാം മിനിട്ടിലാണ് യുവന്റസ് ഡിഫന്‍ഡറുടെ കാലില്‍ നിന്നും വിവാദ ഗോള്‍ പിറന്നത്. സീസണില്‍ യുവന്റസിന്റെ ആദ്യ തോല്‍വിയാണിത്.

അഞ്ച് മത്സരത്തില്‍ നിന്നും മൂന്ന് ജയവും ഒരു സമനിലയും ഒരു തോല്‍വിയുമായി നാലാം സ്ഥാനത്താണ് യുവന്റസ്. സെപ്റ്റംബര്‍ 27നാണ് യുവന്റസിന്റെ അടുത്ത മത്സരം. ലീസാണ് എതിരാളികള്‍.

 

Content Highlight: Fans slams Juventus for conceding self goal