തിരികെ കൊണ്ടുവാടാ ഞങ്ങളുടെ തലയെ; നാലാം തോല്‍വിക്ക് പിന്നാലെ പൊട്ടിത്തെറിച്ചും കരഞ്ഞും സങ്കടം പറച്ചിലുമായി ആരാധകര്‍
IPL
തിരികെ കൊണ്ടുവാടാ ഞങ്ങളുടെ തലയെ; നാലാം തോല്‍വിക്ക് പിന്നാലെ പൊട്ടിത്തെറിച്ചും കരഞ്ഞും സങ്കടം പറച്ചിലുമായി ആരാധകര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 10th April 2022, 10:15 am

സണ്‍റൈസേഴ്‌സിനോടേറ്റ നാലാം തോല്‍വിക്ക് പിന്നാലെ ചെന്നൈ ആരാധകര്‍ ഒരേസമയം നിരാശയിലും ദേഷ്യത്തിലുമാണ്. ഒന്നിന് പിന്നാലെ തുടര്‍ച്ചയായ നാല് തോല്‍വികളേറ്റുവാങ്ങി പോയിന്റ് പട്ടികയിലെ അവസാനക്കാരാണ് നിലവിലെ ചാമ്പ്യന്‍മാര്‍.

ഒന്നിന് പിന്നാലെ ഒന്നായി മത്സരങ്ങള്‍ തോല്‍ക്കുന്നത് മാത്രമല്ല ആരാധകരെ നിരാശരാക്കുന്നത്. രവീന്ദ്ര ജഡേജയുടെ ക്യാപ്റ്റന്‍സിയും അവരെ സംബന്ധിച്ച് പോരായ്മയാണ്.

മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ഏഴയലത്ത് വരാത്ത പ്രകടനമാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ രണ്ടാമത്തെ മാത്രം നായകന്‍ പുറത്തെടുക്കുന്നത്.

ഐ.പി.എല്ലിന്റെ പുതിയ സീസണ്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പായിരുന്നു ധോണി നായകസ്ഥാനമൊഴിയുന്നത്. തല നായകസ്ഥാനത്ത് നിന്നും മാറിയത് ആരാധകരെ തെല്ലൊന്നുമല്ല നിരാശപ്പെടുത്തിയത്.

ക്യാപ്റ്റന്‍സി ജഡേജയ്ക്ക് കൈമാറുമ്പോള്‍ ധോണിയും ഇത്രയ്ക്ക് പ്രതീക്ഷിച്ചുകാണില്ല. ആദ്യ ജയം സ്വന്തമാക്കി പോയിന്റ് പട്ടികയില്‍ അക്കൗണ്ട് തുറക്കാനുള്ള കാത്തിരിപ്പ് തുടരുകമാത്രമാണ് ഇപ്പോള്‍ സി.എസ്.കെയ്ക്ക് ചെയ്യാനുള്ളത്.

ഇതോടെയാണ് ആരാധകരും രംഗത്തെത്തിയിരിക്കുന്നത്. ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും ജഡേജയെ മാറ്റണമെന്നും പകരം ധോണിയെ തിരികെ വിളിക്കണമെന്നുമാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്.

ദേഷ്യവും സങ്കടവും തുടങ്ങി എല്ലാ തരത്തിലുമുള്ള വികാരങ്ങളുയര്‍ത്തിയാണ് ആരാധകര്‍ തങ്ങളുടെ തലയെ തിരികെ വിളിക്കാനാവശ്യപ്പെടുന്നത്. ഇക്കാര്യമാവശ്യപ്പെട്ടുകൊണ്ട് ട്രോളുകളും മീമുകളും സോഷ്യല്‍ മീഡിയയില്‍ കറക്കം തുടങ്ങിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനായിരുന്നു ചെന്നൈ സൂപ്പര്‍ കിംഗ്സ് പരാജയം ഏറ്റുവാങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുക്കുകയായിരുന്നു.

മോയിന്‍ അലിയുടേയും അമ്പാട്ടി റായിഡുവിന്റെയും ക്യാപ്റ്റന്‍ ജഡേജയുടെയും ബലത്തിലാണ് ചെന്നൈ 154 റണ്‍സെടുത്തത്. മോയിന്‍ അലി 35 പന്തില്‍ 48ഉം, റായിഡു 27 പന്തില്‍ 27 റണ്‍സുമെടുത്തു.

നായകന്‍ ജഡേജ 15 പന്തില്‍ ഇരുപത്തിമൂന്നടിച്ചപ്പോള്‍ധോണി വീണ്ടും നിരാശപ്പെടുത്തി. ആറ് പന്തില്‍ മൂന്ന് റണ്‍സ് മാത്രമായിരുന്നു തലയുടെ സമ്പാദ്യം.

മറുപടി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് ഓപ്പണര്‍മാരായ അഭിഷേക് ശര്‍മയുടെയും രാഹുല്‍ ത്രിപാഠിയുടെയും വെടിക്കെട്ടിലാണ് അനായാസ ജയം സ്വന്തമാക്കിയത്.

ശര്‍മ 50 പന്തില്‍ നിന്നും 75 റണ്‍സടിച്ചപ്പോള്‍ ത്രിപാഠി 15 പന്തില്‍ നിന്നും 39 റണ്‍സ് നേടി. പിന്നാലെ വന്ന നായകന്‍ കെയ്ന്‍ വില്യംസണും കത്തിക്കയറിയപ്പോള്‍ 14 പന്ത് ബാക്കി നില്‍ക്കെ ഹൈദരാബാദ് ജയത്തിലേക്ക് നടന്നുകയറുകയായിരുന്നു.

 

CONTENT HIGHLIGHT:  Fans On Twitter Demand MS Dhoni To Return As Captain After CSK’s 4th Consecutive Loss