ഇന്ത്യയുടെ അയര്‍ലന്‍ഡ് പര്യടനത്തിലെ ആദ്യ മത്സരം കഴിഞ്ഞ ദിവസം ദി വില്ലേജില്‍ വെച്ചായിരുന്നു നടന്നത്. മഴ കൊണ്ടുപോയ മത്സരത്തില്‍ ഡക്ക്‌വര്‍ത്ത് – ലൂയീസ് – സ്‌റ്റേണ്‍ നിയമപ്രകാരം ഇന്ത്യ രണ്ട് റണ്‍സിന് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.
ടോസ് നേടിയ എതിരാളികളെ ബാറ്റിങ്ങിനയച്ച ഇന്ത്യ, ആതിഥേയരെ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സില്‍ ഒതുക്കി നിര്‍ത്തി. എട്ടാം നമ്പറില്‍ കളത്തിലിറങ്ങി അര്‍ധ സെഞ്ച്വറി നേടിയ ബാരി മക്കാര്‍ത്തിയാണ് ഐറിഷ് പടയ്ക്ക് തുണയായത്. ഇന്ത്യന്‍ ടീമിനെതിരെ ടി-20യില്‍ ഈ റെക്കോഡ് നേടുന്ന ആദ്യ താരമാണ് മക്കാര്‍ത്തി.
ഒരുവേള 100 കടക്കുമോ എന്ന് തോന്നിച്ച അയര്‍ലന്‍ഡിനെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത് മക്കാര്‍ത്തിയാണ്. 33 പന്തില്‍ പുറത്താകാതെ 51 റണ്‍സാണ് താരം നേടിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യന്‍ ഇന്നിങ്‌സിന്റെ ഏഴാം ഓവറില്‍ മഴയെത്തുകയും മത്സരം അവസാനിപ്പിക്കുകയുമായിരുന്നു.
The two captains shake hands as the play is called off due to incessant rains.#TeamIndia win by 2 runs on DLS.
Scorecard – https://t.co/G3HhbHPCuI…… #IREvIND pic.twitter.com/2v5isktP08
— BCCI (@BCCI) August 18, 2023
മത്സരത്തില്‍ യുവതാരം തിലക് വര്‍മക്ക് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. ഏഴാം ഓവറിലെ മൂന്നാം പന്തില്‍ ഗോള്‍ഡന്‍ ഡക്കായാണ് താരം മടങ്ങിയത്. ക്രെയ്ഗ് യങ്ങിന്റെ പന്തില്‍ ലോര്‍കന്‍ ടക്കറിന് ക്യാച്ച് നല്‍കിയാണ് തിലക് പുറത്തായത്.
ഇതിന് പിന്നാലെ വിമര്‍ശനങ്ങളും കളിയാക്കലുകളുമാണ് തിലക് വര്‍മക്ക് നേരിടേണ്ടി വരുന്നത്. സ്വന്തം ടീമിന്റെ ആരാധകര്‍ തന്നെയാണ് ഒരു ഇന്ത്യയുടെ ഭാവി താരത്തെ ട്രോളുന്നത്.
ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തില്‍ ടീമിന്റെ നെടുംതൂണായി നില്‍ക്കുകയും നിര്‍ണായക മത്സരങ്ങള്‍ വിജയിപ്പിക്കുകയും ചെയ്ത അതേ തിലക് വര്‍മയെ തന്നെയാണ് ഒരു മത്സരത്തില്‍ ഫ്‌ളോപ്പായതിന്റെ പേരില്‍ ക്രൂശിക്കുന്നത്.
Golden duck for Ipeel talunt Tilak Varma 🤡🤣#Tilakvarma #INDvsIRE pic.twitter.com/kRn6tkyOAT
— Abdullah Orakzaiii (@AbdullahOrkzy23) August 18, 2023
പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ ടോപ് സ്‌കോററായ തിലക്, രണ്ടാം മത്സരത്തില്‍ കരിയറിലെ ആദ്യ അന്താരാഷ്ട്ര അര്‍ധ സെഞ്ച്വറിയും പൂര്‍ത്തിയാക്കിയിരുന്നു.
39 (22), 51 (41), 49* (37), 7* (5) 27 (18) എന്നിങ്ങനെയാണ് താരം വിന്‍ഡീസ് പര്യടനത്തില്‍ സ്‌കോര്‍ ചെയ്തത്. 140.65 എന്ന സ്ട്രൈക്ക് റേറ്റിലും 57.67 എന്ന ആവറേജിലും 173 റണ്‍സാണ് തിലക് നേടിയത്. 15 ബൗണ്ടറിയും ഏഴ് സിക്സറുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.
ബാറ്റിങ്ങിന് പുറമെ ബൗളിങ്ങിലും താരം ഒരു കൈ നോക്കിയിരുന്നു. അന്താരാഷ്ട്ര തലത്തില്‍ എറിഞ്ഞ രണ്ടാം പന്തില്‍ തന്നെ വിക്കറ്റ് വീഴ്ത്തിയാണ് തിലക് കയ്യടി നേടുന്നത്. ആദ്യ വിക്കറ്റായി പുറത്താക്കിയതാകട്ടെ സൂപ്പര്‍ താരം നിക്കോളാസ് പൂരനെയും.
കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും താരത്തെ വെറുതെ വിടാന്‍ ആരാധകര്‍ ഒരുക്കമായിരുന്നില്ല. തിലക് വെറും ഐ.പി.എല്‍ ടാലെന്റ് മാത്രമാണെന്നും അന്താരാഷ്ട്ര ക്രിക്കറ്റിന് യോജിച്ചവനല്ല എന്ന് പോലും ഈയൊരു മത്സരത്തില്‍ നിന്നും ആരാധകര്‍ പറയുന്നു.
എന്നാല്‍ തിലകിനെ പിന്തുണയ്ക്കുന്നവരും കുറവല്ല. അടുത്ത മത്സരത്തില്‍ തിലക് മടങ്ങിയെത്തുമെന്നും അവര്‍ പറയുന്നുണ്ട്.
ഓഗസ്റ്റ് 20നാണ് പരമ്പരയിലെ അടുത്ത മത്സരം. ദി വില്ലേജ് തന്നെയാണ് വേദി.
Content Highlight: Fans brutally trolls Tilak Varma