അമേരിക്കയിലെ ഒരു കൊച്ചു ഗ്രാമം… വളരെ കുറച്ച് നിവാസികള്‍ അവിടെയുള്ളൂ. ഇരുട്ട് വീഴാറാകുമ്പോള് ആ ഗ്രാമത്തിലെ ഷെരീഫ് മണിയും മുഴക്കി നടക്കുന്നു. വീടിന് പുറത്ത് നില്‍ക്കുന്നവര്‍ മണിയടി ശബ്ദം കേട്ട് അകത്തേക്ക് കയറുന്നു. ഫ്രം എന്ന സീരീസ് ആരംഭിക്കുന്നത് ഇങ്ങനെയാണ്. ആദ്യ എപ്പിസോഡിന്റെ അഞ്ചാം മിനിറ്റില്‍ തന്നെ നമ്മളെ അതിനുള്ളിലേക്ക് വലിച്ചിടാന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് സാധിച്ചിട്ടുണ്ട്.
ലോകമെമ്പാടും ആരാധകരുള്ള ലോസ്റ്റ് സീരീസിന്റെ നിര്‍മാതാക്കളില്‍ ഒരാളായ ജാക്ക് ബെന്‍ഡറാണ് ഫ്രമ്മിന്റെയും പിന്നില്‍. ലോസ്റ്റിലെ പോലെ ഒരു പ്രത്യേക സ്ഥലത്ത് അകപ്പെട്ട്, പുറംലോകവുമായി ബന്ധപ്പെടാന്‍ സാധിക്കാത്ത ഒരുകൂട്ടം ആളുകളുടെ കഥയാണ് സീരീസ് പറയുന്നത്. ലോസ്റ്റിലെ പോലെ ഒരുപാട് മിസ്റ്ററികളുമായി ആരംഭിച്ച് ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങളുമായാണ് ആദ്യ സീസണ്‍ അവസാനിച്ചത്.
എന്നാല്‍ കഥയില്‍ കാര്യമായ പുരോഗതിയൊന്നുമില്ലാതെയാണ് രണ്ടാം സീസണ്‍ അവസാനിച്ചത്. മൂന്നാം സീസണ്‍ എല്ലാ ചോദ്യത്തിനുമുള്ള ഉത്തരം തരുമെന്ന പ്രതീക്ഷയില്‍ കാത്തിരുന്നെങ്കിലും കൂടുതല്‍ സങ്കീര്‍ണതയിലെത്തിച്ചാണ് അവസാനിപ്പിച്ചത്. നാലാം സീസണ് വേണ്ടി കാത്തിരിക്കാനുള്ള എല്ലാ ടെന്‍ഷനും ബില്‍ഡ് ചെയ്താണ് അണിയറപ്രവര്‍ത്തകര്‍ മൂന്നാം സീസണ് തിരശ്ശീലയിട്ടത്.
എന്നാല്‍ മൂന്നാം സീസണ്‍ അവസാനിച്ചപ്പോഴേക്ക് ജെര്‍മന്‍ സീരീസായ ഡാര്‍ക്കിന് മുകളില്‍ നില്‍ക്കാന്‍ കെല്പുള്ള സീരീസാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ലോസ്റ്റിലേതു പോലെ ഒരുപാട് ഴോണറുകള്‍ കൂടിച്ചേര്‍ന്ന ഒന്നാണ് ഫ്രം. മിസ്റ്ററി, ഹൊറര്‍, ഡ്രാമ, റൊമാന്‍സ്, സസ്‌പെന്‍സ്, ടൈം ട്രാവല്‍ തുടങ്ങി പ്രേക്ഷകനെ പിടിച്ചിരുത്താനുള്ള എല്ലാം ഈ സീരീസിലുണ്ട്.
ലോസ്റ്റിന്റെ ആദ്യ മൂന്ന് സീസണുകള്‍ അവസാനിച്ചപ്പോള്‍ പ്രധാന കഥാപാത്രങ്ങളുടെ ബാക്ക്‌സ്റ്റോറി അണിയറപ്രവര്‍ത്തകര്‍ പ്രേക്ഷകര്‍ക്കുമുന്നില്‍ വിശദീകരിച്ചിരുന്നു. എന്നാല്‍ മൂന്നാം സീസണില്‍ മാത്രമാണ് ഇതിലെ രണ്ട് പ്രധാന കഥാപാത്രങ്ങളുടെ ഫ്‌ളാഷ്ബാക്ക് വ്യക്തമാക്കിയത്. അതും അടുത്ത സീസണെ കൂടുതല്‍ എന്‍ഗേജിങ്ങാക്കാന്‍ പാകത്തിനുള്ള ഫ്‌ളാഷ്ബാക്കുകള്‍.
ഡാര്‍ക്കിന് ശേഷം ഇത്രയേറെ ഫാന്‍ തിയറികള്‍ പുറത്തുവന്ന സീരീസ് വേറെയുണ്ടോ എന്ന് സംശയമാണ്. മൂന്നാം സീസണ്‍ പോലെ തുടര്‍ന്നും മുന്നോട്ടുപോയാല്‍ ഡാര്‍ക്കിനും ലോസ്റ്റിനും മുകളില്‍ നില്‍ക്കുന്ന സീരീസായ ഫ്രം മാറുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. കേരളത്തിലെ സീരീസ് പ്രമികള്‍ക്കിടയില്‍ ഫ്രം ചര്‍ച്ചാവിഷയമായി ഉയര്‍ന്നുവരുന്നതേയുള്ളൂ.
ആ ഗ്രാമത്തില്‍ നിന്ന് പുറത്തുപോകാന്‍ കഴിയാത്തത് എന്തുകൊണ്ട്, രാത്രിയില്‍ പുറത്തിറങ്ങുന്ന മോണ്‍സ്റ്ററുകള്‍ സത്യത്തില്‍ ആരാണ്, അവരുടെ ഉദ്ദേശം എന്താണ് തുടങ്ങി ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങള്‍ ഫ്രം അവശേഷിപ്പിക്കുന്നുണ്ട്. രണ്ടാം സീസണിലെ ചില അനാവശ്യ വലിച്ചുനീട്ടലുകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ അതിഗംഭീര അനുഭവമാണ് ഫ്രം സമ്മാനിക്കുന്നത്.
ലോസ്റ്റിലെ മൈക്കള്‍ എന്ന കഥാപാത്രത്തിലൂടെ പരിചിതനായ ഹാരോള്‍ പെരിന്യൂവാണ് ഫ്രമ്മിലെ പ്രധാന കഥാപാത്രമായ ബോയ്ഡിനെ അവതരിപ്പിക്കുന്നത്. കാറ്റലീന മൊറേനോ, ഇയോണ്‍ ബെയ്‌ലി, ഡേവിഡ് അല്‍പ്പായ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അതിഭീകര വയലന്‍സ് സീരീസിന്റെ ഭൂരിഭാഗം എപ്പിസോഡുകളിലുണ്ട്.
എം.ജി.എം. സ്റ്റുഡിയോസും മിഡ് നൈറ്റ് റേഡിയോയും ചേര്‍ന്നാണ് ഫ്രം നിര്‍മിച്ചത്. എപിക്‌സ് എന്ന സ്ട്രീമിങ് പ്ലാറ്റ്‌ഫോമിലാണ് സീരീസ് സ്ട്രീം ചെയ്യുന്നത്. മൂന്ന് സീസണുകളിലായി 30 എപ്പിസോഡാണ് ഇതുവരെ പുറത്തിറങ്ങിയത്. ആഴ്ചതോറും ഓരോ എപ്പിസോഡ് വീതം പുറത്തിറങ്ങുന്ന സീരീസിന്റെ അടുത്ത സീസണ്‍ 2026ല്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. കാത്തിരിക്കുകയാണ് ആ ഗ്രാമത്തിലെ രഹസ്യങ്ങളുടെ ചുരുളുകള്‍ അഴിയുവാന്‍.
Content Highlight: Fan theories about From series are viral