Hathras Gang Rape
'മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു, മാധ്യമങ്ങളെ കാണുന്നത് വിലക്കി' ; ഹാത്രാസിലെ പെണ്‍കുട്ടിയുടെ കുടുംബം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Oct 02, 09:56 am
Friday, 2nd October 2020, 3:26 pm

ലക്‌നൗ: യു.പിയിലെ ഹാത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ പുറത്തിറങ്ങാന്‍ അനുവദിക്കുന്നില്ലെന്ന് കുടുംബാംഗം. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ച് തങ്ങളുടെ വായടയ്ക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നതെന്ന് കുടുംബം ആരോപിച്ചു.

‘കുടുംബാംഗങ്ങളുടെ മൊബൈല്‍ ഫോണുകള്‍ ഓഫാക്കി വെയ്ക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. ചിലരുടെ ഫോണുകള്‍ അവര്‍ പിടിച്ചെടുത്തു. ഞങ്ങളെ പുറത്തിറങ്ങാന്‍ അനുവദിക്കുന്നില്ല. മാധ്യമങ്ങളോട് സംസാരിക്കരുതെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിരന്തരം ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുകയാണവര്‍- കുടുംബാംഗം വ്യക്തമാക്കി.

പൊലീസിന്റെ കണ്ണുവെട്ടിച്ചാണ് മാധ്യമങ്ങളെ ഇക്കാര്യം അറിയിക്കാന്‍ എത്തിയതെന്നും ഇദ്ദേഹം പറഞ്ഞു.

മാധ്യമങ്ങളോട് സംസാരിക്കവെ ഇദ്ദേഹത്തെ വിലക്കി സ്ഥലത്ത് പൊലീസ് എത്തിയിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബാംഗത്തോട് സംസാരിക്കുന്നത് വിലക്കുകയും ചെയ്തു.

എന്തുകൊണ്ട് അവര്‍ക്ക് മാധ്യമങ്ങളെ കാണാനുള്ള അവസരം നിഷേധിക്കുന്നുവെന്ന് പൊലീസിനോട് ചില മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചിരുന്നു. എന്നാല്‍ യാതൊന്നും പ്രതികരിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ തയ്യാറായില്ല.

അതേസമയം ഹാത്രാസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധിയ്ക്കും ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയ്ക്കുമെതിരെ കേസെടുത്തത് വാര്‍ത്തയായിരുന്നു. നിരോധനാജ്ഞ ലംഘിച്ചു എന്ന കുറ്റം ചുമത്തിയാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്.

203 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേയും എകോടെക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്. സെക്ഷന്‍ 332, 353, 427, 323, 354 (ബി), 147,148 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

നേരത്തെ ഹാത്രാസില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പോയ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും ഉത്തര്‍പ്രദേശ് പൊലീസ് കയ്യേറ്റം ചെയ്തിരുന്നു.

കോണ്‍ഗ്രസ് നേതാക്കളുടെ സന്ദര്‍ശനത്തിന് മുന്നോടിയായി യു.പി ഭരണകൂടം സംസ്ഥാനത്തുടനീളം വലിയ രീതിയിലുള്ള പ്രതിരോധം തീര്‍ത്തിരുന്നു. ഇതിന്റെ ഭാഗമായി ഹാത്രാസ് ജില്ലയില്‍ 144 പ്രഖ്യാപിക്കുകയും മാധ്യമങ്ങള്‍ അടക്കമുള്ളവര്‍ക്ക് പ്രവേശനം നിഷേധിക്കുകയും ചെയ്തിരുന്നു.

ഹാത്രാസില്‍ സെപ്തംബര്‍ 14നായിരുന്നു 19 വയസ്സുള്ള ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്താണ് നാല് പേര്‍ ചേര്‍ന്ന് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്.

കുട്ടിയെ കാണാതായതോടെ കുടുംബാംഗങ്ങള്‍ പ്രദേശം മുഴുവന്‍ തെരച്ചില്‍ നടത്തി. ഒടുവില്‍ ആളൊഴിഞ്ഞ സ്ഥലത്ത് അവശനിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. ക്രൂരമായി ആക്രമിക്കപ്പെട്ട പെണ്‍കുട്ടി ചൊവ്വാഴ്ച ദല്‍ഹിയിലെ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content highlights; Family Member  Complains That  They Are Not Allowed To Meet Media