ചെന്നൈ: നടി സാമന്തയ്‌ക്കെതിരെ പ്രതിഷേധവുമായി തമിഴ് സംഘടനകള്‍. ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യാനൊരുങ്ങുന്ന ഫാമിലി മാന്‍ 2 സീരിസില്‍ അഭിനയിച്ചതിനെതിരെയാണ് പ്രതിഷേധം.
സീരിസില്‍ തമിഴ് പുലി പ്രവര്‍ത്തകയായിട്ടാണ് സാമന്തയെത്തുന്നത്. എന്നാല്‍ സംഘടനയെ തീവ്രവാദി സംഘടനയായിട്ടാണ് അവതരിപ്പിക്കുന്നതെന്നും തമിഴരുടെ വികാരം വ്രണപ്പെടുത്തുന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് സാമന്ത മാപ്പ് പറയണമെന്നുമാണ് പ്രതിഷേധക്കാര്‍ പറയുന്നത്.
തമിഴ് സംവിധായകനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ സീമാനാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയത്.
വെബ് സീരീസ് പുറത്തിറങ്ങിയാല്‍ സാമന്തയും അണിയറ പ്രവര്‍ത്തകരും ആമസോണും അതിന്റെ ഭവിഷ്യത്തുകള്‍ നേരിടേണ്ടിവരുമെന്ന് സീമാന്‍ പറഞ്ഞു.
എന്നാല്‍ സംഭവത്തില്‍ ഇതുവരെ സാമന്ത പ്രതികരിച്ചിട്ടില്ല. ആമസോണ്‍ പ്രൈമില്‍ ജൂണ്‍ നാല് മുതല്‍ സ്ട്രീം ചെയ്യാനൊരുങ്ങുന്ന ദ ഫാമിലി മാന്‍ -2 എന്ന വെബ് സീരീസില്‍ രാജിയെന്ന കഥാപാത്രത്തെയാണ് സാമന്ത അവതരിപ്പിക്കുന്നത്.
നേരത്തെ മുത്തയ്യ മുരളീധരന്റെ ജീവിതം സിനിമയാക്കാന്‍ തീരുമാനിച്ചപ്പോഴും സമാനമായ രീതിയില്‍ പ്രതിഷേധം നടന്നിരുന്നു. തമിഴ് നടനായ വിജയ് സേതുപതി സിനിമയില്‍ അഭിനയിക്കുന്നതിനെതിരെയായിരുന്നു പ്രതിഷേധം.
മനോജ് ബാജ്‌പേയ് ആണ് സീരിസിലെ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കുടുംബസ്ഥനായ, അതേസമയം തീവ്രവാദ വിരുദ്ധ സേനയിലെ ഉദ്യോഗസ്ഥനുമായ ശ്രീകാന്ത് തിവാരി എന്ന കഥാപാത്രമായാണ് മനോജ് ബാജ്പേയ് ഫാമിലി മാനില്‍ എത്തുന്നത്.