'ഹിന്ദു പെണ്‍കുട്ടിയെ ഉപദ്രവിച്ചതിന് സവാദിന് അവന്റെ സമുദായത്തില്‍ നിന്ന് സ്വീകരണം'; മോദി ഫോളോ ചെയ്യുന്ന അക്കൗണ്ടിലെ ട്വീറ്റ്
Kerala News
'ഹിന്ദു പെണ്‍കുട്ടിയെ ഉപദ്രവിച്ചതിന് സവാദിന് അവന്റെ സമുദായത്തില്‍ നിന്ന് സ്വീകരണം'; മോദി ഫോളോ ചെയ്യുന്ന അക്കൗണ്ടിലെ ട്വീറ്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 5th June 2023, 1:50 pm

കോഴിക്കോട്: യുവതിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയ കേസില്‍ അറസ്റ്റിലായ സവാദ് ജാമ്യം നേടി പുറത്തിറങ്ങിയപ്പോള്‍ ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ സ്വീകരണം നല്‍കിയതുമായി ബന്ധപ്പെട്ട് ട്വിറ്ററില്‍ വ്യാജ പ്രചരണം. ഹിന്ദു പെണ്‍കുട്ടിയെ ഉപദ്രവിച്ചതിന് മുസ്‌ലിം സമുദായത്തിലുള്ള ആളുകള്‍ സവാദിന് വീരോചിത സ്വീകരണം നല്‍കുന്നുവെന്നാണ് പ്രചരണം.

ബാല എന്ന പേരുള്ള വെരിഫൈഡ് ബ്ലൂ ടിക്കുള്ള അക്കൗണ്ടില്‍ നിന്നാണ് ഇത്തരമൊരു അവകാശവാദമുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം 1,61,000 പേര്‍ ഈ അക്കൗണ്ട് ഫോളോ ചെയ്യുന്നുണ്ട്.

‘ഇവന്‍ സവാദ് ഷാ, നിങ്ങള്‍ ഇവനെ നേരത്തെ ഒരു വീഡിയോയില്‍ കണ്ടിരിക്കാം, ഒരു ബസില്‍വെച്ച് ഇവനോടൊപ്പം ഇരുന്ന ഹിന്ദു പെണ്‍കുട്ടികളെ
സ്വയംഭോഗം ചെയ്തുകൊണ്ട് ഇവന്‍ ശല്യപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഇതിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടെങ്കിലും അടുത്തിടെ ജാമ്യത്തില്‍ പുറത്തിറങ്ങുകയും ചെയ്തും.

ഇനി രണ്ടാമത്തെ ചിത്രം നോക്കൂ. അവന്റെ സമുദായത്തില്‍ നിന്ന് അയാള്‍ക്ക് എത്ര വീരോചിതമായ സ്വീകരണമാണ് ലഭിക്കുന്നത്. താന്‍ പീഡിപ്പിച്ച പെണ്‍കുട്ടികള്‍ ഹിന്ദുക്കളായതിനാല്‍ അവര്‍ ഒരു ക്രമിനലിനെ പരസ്യമായി ആഘോഷിക്കുന്നു. എന്തൊരവസ്ഥയാണിത്. എത്ര ശിക്ഷ നല്‍കിയാലും ഈ മാനസികാവസ്ഥ ഇല്ലാതാക്കാന്‍ കഴിയില്ല,’ എന്നാണ് സവാദ് ഷായെ മെന്‍സ് അസോസിയോഷന് ഭാരവാഹികള്‍ പൂമാലയിട്ട് സ്വീകരിക്കുന്ന ചിത്രം പങ്കുവെച്ച് ഈ അക്കൗണ്ട് കുറിച്ചത്.

കേരള സ്‌റ്റോറി സിനിമയെ ഉപയോഗിച്ചുള്ള വിദ്വേഷ പ്രചരണങ്ങളടക്കം നിരവധി ട്വീറ്റുകള്‍ ഈ അക്കൗണ്ടില്‍ കാണാം.

അതേസമയം, കഴിഞ്ഞ ദിവസമാണ് നഗ്നതാ പ്രദര്‍ശനക്കേസില്‍ അറസ്റ്റിലായിരുന്ന സവാദ് പുറത്തിറങ്ങിയത്. ജയില്‍ മോചിതനായ സവാദിനെ മാലയിട്ടാണ് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ സ്വീകരിച്ചിരുന്നത്.

തൃശൂരില്‍നിന്ന് എറണാകുളത്തേക്ക് പോയിരുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍വെച്ച് നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന യുവനടിയുടെ പരാതിയിലായിരുന്നു കോഴിക്കോട് സ്വദേശിയായ സവാദിനെ നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം എറണാകുളം അഡി. സെഷന്‍സ് കോടതിയാണ് പ്രതിക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

Content Highlight: Fake propaganda on Twitter regarding All Kerala Men’s Association reception to Savad sha