Advertisement
Kerala News
വനിതാ മതില്‍ പൊളിഞ്ഞെന്ന് വരുത്തി തീര്‍ക്കാന്‍ 4 മണിയ്ക്ക് മുമ്പ് വീഡിയോ എടുത്ത് സംഘപരിവാര്‍ പ്രചരണം; പൊളിച്ചടുക്കി സോഷ്യല്‍മീഡിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Jan 01, 05:02 pm
Tuesday, 1st January 2019, 10:32 pm

കൊല്ലം: സർക്കാരും വിവിധ സംഘടനകളും ചേർന്ന് സംഘടിപ്പിച്ച വനിതാ മതിൽ പരാജയമായിരുന്നു വരുത്തിത്തീർക്കാൻ സംഘപരിവാറിന്റെ വ്യാജപ്രചാരണം. വനിതാ മതിലിന്റെ ട്രയൽ തുടങ്ങുന്നതിനു മുൻപേ തന്നെ കൂട്ടം കൂടി നിന്ന് സംസാരിക്കുന്ന സ്ത്രീകളുടേയും മറ്റും വീഡിയോകളും ഫോട്ടോകളും പകർത്തി മതിൽ പരാജയമായിരുന്നു എന്ന് വരുത്തി തീർക്കാനാണ് ഇവർ ശ്രമിച്ചത്.

Also Read 15 ലക്ഷം രൂപയുടെ വാഗ്ദാനത്തെക്കുറിച്ചും കള്ളപ്പണത്തേക്കുറിച്ചും മിണ്ടാത്തതെന്ത്?; മോദിയുടെ അഭിമുഖത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ്

4 മണിക്ക് ആരംഭിക്കുന്ന പരിപാടിയുടെ ദൃശ്യങ്ങൾ ഇവർ പകർത്തുന്നത് 3 മണിക്കാണ്. ഈ സമയത്ത് പരിപാടിയുടെ ട്രയൽ പോലും ആരംഭിച്ചിട്ടുണ്ടായിരുന്നില്ല. മതിലിൽ പങ്കെടുക്കുന്ന സ്ത്രീകൾ എത്തിച്ചേരുന്നതേ ഉണ്ടായിരുന്നുള്ളൂ. വനിതാ മതിൽ തുടങ്ങുന്നതിനു മുൻപേ തന്നെ ബൈക്കിലൂടെ സഞ്ചരിച്ചാണ് ഇവർ വിഡിയോയും ഫോട്ടോകളും പകർത്തുന്നത്.

ഉടൻ തന്നെ ഇത് സംഘപരിവാർ ആഭിമുഖ്യമുള്ള ഫേസ്ബുക് പേജുകളിലും ഗ്രൂപ്പുകളികളിലേക്കും പ്രചാരണത്തിനായി അയച്ചു കൊടുക്കുകയായിരുന്നു. ശബരിമല ന്യൂസ് അപ്ഡേറ്റ്സ് എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചത്. ശബരിമല സ്ത്രീ പ്രവേശനത്തെയും സുപ്രീം കോടതി വിധിയെയും എതിർത്തുപോന്ന ഈ പേജ് ഈ വ്യാജ ദൃശ്യങ്ങൾക്ക് വാൻ പ്രചാരമാണ് കൊടുത്തത്. ചില മാദ്ധ്യമപ്രവർത്തകരും ഈ ദൃശ്യങ്ങൾ ഷെയർ ചെയ്തും മറ്റും പ്രചാരണത്തിന് കൂട്ട് നിന്നു.

വനിതാമതിലിനെതിരെയുളള ഫോട്ടോകള്‍ പരിപാടി തുടങ്ങുന്നതിന് മുമ്പ് ഷൂട്ട് ചെയ്തതാണെന്നും പരിപാടി തകർക്കാനുള്ള ആസൂത്രിതമായ ശ്രമമാണ് ഇതെന്നും പറഞ്ഞുകൊണ്ട് സോഷ്യൽ മീഡിയ വഴി നിരവധി പേര് രംഗത്ത് വന്നു.

എന്നാൽ വന്‍പങ്കാളിത്തമാണ് ഇന്ന് തീര്‍ത്ത വനിതാമതിലുടനീളം ഉണ്ടായത്. രാഷ്ട്രീയ-സാംസ്‌കാരിക മേഖലയിലെ വനിതകളുടെ നീണ്ട നിര വനിതാ മതിലിലുണ്ടായിരുന്നു. വനിതാ മതിലില്‍ 55 ലക്ഷത്തില്‍ കൂടുതല്‍ സ്ത്രീകള്‍ പങ്കാളികളായെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.അതേസമയം, വനിതാ മതില്‍ ഇന്ത്യകണ്ട ഏറ്റവും വലിയ മുന്നേറ്റമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

വനിതാ മതിലില്‍ പങ്കെടുക്കാനെത്തിയ സ്ത്രീകള്‍ക്ക് നേരെ ആര്‍.എസ്.എസ് ആക്രമണം നടന്നിരുന്നു. കാസര്‍കോട് ചേറ്റുകുണ്ടിലാണ് ആര്‍.എസ്.എസ്- ബി.ജെ.പി പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി വനിതാ മതിലിനു നേരെ ആക്രമണമഴിച്ചുവിട്ടത്.

Also Read 15 ലക്ഷം രൂപയുടെ വാഗ്ദാനത്തെക്കുറിച്ചും കള്ളപ്പണത്തേക്കുറിച്ചും മിണ്ടാത്തതെന്ത്?; മോദിയുടെ അഭിമുഖത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ്

മതിലില്‍ പങ്കെടുത്തക്കാനെത്തിയവര്‍ക്ക് നേരെ കല്ലെറിയുകയും തുടര്‍ന്ന് റോഡരികിലുണ്ടായിരുന്ന പുല്ലിന് തീയിടുകയും ചെയ്തു. റെയില്‍വേ ട്രാക്കിന് സമീപമാണ് തീയിട്ടത്.

കാസര്‍കോട് നിന്നും കാഞ്ഞങ്ങാട്ട് പോകുന്ന റോഡിലാണ് സംഭവം നടന്നത്. അക്രമികൾ മനോരമ ന്യൂസിന്റെ ക്യാമറ തകര്‍ത്തു. മനോരമ ന്യൂസിന്റെ റിപ്പോര്‍ട്ടര്‍ ശരത് ചന്ദ്രനെ മർദിക്കുകയും 24 ന്യൂസിന്റെ ക്യാമറയുടെ മെമ്മറി കാര്‍ഡ് ഇവർ നശിപ്പിക്കുകയും ചെയ്തു.