രങ്കാറെഡ്ഡി ജില്ലയിലെ ഇബ്രാഹിംപട്ടണത്തില്‍ നിന്ന് അരലക്ഷം രൂപയുടെ വ്യാജനോട്ടുകളും ഫോട്ടോകോപ്പി യന്ത്രങ്ങളും പ്രിന്ററുകളും പൊലീസിലെ പ്രത്യേക സംഘം പിടികൂടിയിട്ടുണ്ട്.
ഹൈദരാബാദ്: 2000 രൂപ ഉള്‍പ്പെടെയുള്ള വ്യാജനോട്ടുകളുമായി ഹൈദരാബാദില്‍ 6 പേര്‍ അറസ്റ്റില്‍. രങ്കാറെഡ്ഡി ജില്ലയിലെ ഇബ്രാഹിംപട്ടണത്തില്‍ നിന്ന് അരലക്ഷം രൂപയുടെ വ്യാജനോട്ടുകളും ഫോട്ടോകോപ്പി യന്ത്രങ്ങളും പ്രിന്ററുകളും പൊലീസിലെ പ്രത്യേക സംഘം പിടികൂടിയിട്ടുണ്ട്.
ഇവിടെ നിന്നാണ് ആറു പേരെ അറസ്റ്റ് ചെയ്തത്. രക്ഷപ്പെട്ട രണ്ടുപേര്‍ക്കായി തിരച്ചില്‍ നടത്തുന്നതായും പൊലീസ് കമ്മിഷണര്‍ മഹേഷ് എം. ഭാഗവത് അറിയിച്ചു. ജമാല്‍പുര്‍ സായിനാഥ്, ജി. അഞ്ജയ്യ, എസ്. രമേഷ്, സി.സത്യനാരായണ, കെ. ശ്രീധര്‍ ഗൗഡ, എ. വിജയകുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. കല്യാണ്‍, ശ്രീകാന്ത് എന്നിവരാണ് പിടിയിലാകാനുള്ളത്.
പുതിയ നോട്ടുകള്‍ പുറത്തിറങ്ങി ദിവസങ്ങള്‍ക്കകം കളര്‍ ഫോട്ടോകോപ്പിയിലൂടെ വ്യാജനിറക്കാന്‍ സംഘത്തിനു സാധിച്ചു. അറസ്റ്റ് ചെയ്ത രമേഷ് എന്നയാളുടെ വീട് പരിശോധിച്ചാണ് നോട്ടുകള്‍ പിടികൂടിയത്. പിന്നാലെ മറ്റുള്ളവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു എന്ന് ഭാഗവത് വിശദീകരിച്ചു.
10, 20, 50, 100, 2000 രൂപകളുടെ വ്യാജനോട്ടുകളാണ് സംഘം നിര്‍മ്മിച്ചത്. ആദ്യം ചെറിയ നോട്ടുകള്‍ ഇവര്‍ ചെലവഴിച്ചു. 2000 നോട്ടുകള്‍ അല്‍പം വ്യാപകമാകാന്‍ ഇവര്‍ കാത്തിരിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
കഴിഞ്ഞ 23-ാം തീയതി ഗുജറാത്തിലെ ഒരു പാന്‍ ഷോപ്പ് ഉടമയ്ക്ക് വ്യാജ നോട്ട് ലഭിച്ചിരുന്നു. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ലാല്‍ ദര്‍വാസ ബ്രാഞ്ചിലെ മാനേജരുടെ പരിശോധനയില്‍ നോട്ട് വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു.