2002ല്‍ തന്റെ അച്ഛനായ ഫാസില്‍ സംവിധാനം ചെയ്ത കയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കാല്‍വെപ്പ് നടത്തിയ നടനാണ് ഫഹദ് ഫാസില്‍. ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ പരാജയമായിരുന്നു. അന്ന് സിനിമയുടെ പരാജയത്തിന്റെ പേരില്‍ ഫാസിലിനെ എല്ലാവരും കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ തന്റെ പരാജയത്തില്‍ അച്ഛനെ ആരും കുറ്റപ്പെടുത്തരുത്. കാരണം ഇത് എന്റെ തെറ്റാണ്. ഒരു പ്രിപ്പറേഷനും ഇല്ലാതെയാണ് ഞാന്‍ സിനിമയിലേക്ക് എത്തിയതെന്ന് ഫഹദ് പറഞ്ഞു.
പിന്നീട് തുടര്‍ പഠനത്തിനായി ഫഹദ് സിനിമയില്‍ നിന്നും വിട്ട് നിന്നു. സിനിമയെക്കുറിച്ചും അഭിനയത്തെക്കുറിച്ചും പഠിച്ചു വന്ന ഫഹദ് വീണ്ടും അഭിനയ രംഗത്തേക്ക് തിരികെ വന്നു. 2002 ല്‍ സിനിമയിലെത്തിയ ഫഹദ് ഫാസിലിന്റെ അത്ഭുത പ്രകടനം പ്രേക്ഷകര്‍ കണ്ടത് 2012 മുതലാണ്. പിന്നീടിങ്ങോട്ട് ഫഹദിലെ സ്വയം മിനുക്കിയെടുത്ത നടനെ അദ്ദേഹം പ്രേക്ഷകര്‍ക്ക് മുന്നില്‍ തുറന്ന് കാട്ടി.
10 വര്‍ഷത്തെ ഗ്യാപ്പിന് ശേഷം ചാപ്പ കുരിശിലൂടെ ഫഹദ് തന്നിലെ മിനുക്കിയെടുത്ത നടനെ മികച്ച രീതിയില്‍ വേറിട്ട കഥാപാത്രങ്ങളിലൂടെ അവതരിപ്പിക്കുകയായിരുന്നു. ഡയമണ്ട് നെക്‌ലേസ്(2012), 22 ഫീമെയില്‍ കോട്ടയം(2012) തുടങ്ങിയ സിനിമകളാണ് പ്രേക്ഷകര്‍ എടുത്ത് പറയുന്ന 2012ലെ ഫഹദ് ചിത്രങ്ങള്‍. നത്തോലി ഒരു ചെറിയ മീനല്ല(2013), അന്നയും റസൂലും(2013), ആമേന്‍(2013), അകം, നോര്‍ത്ത് 24കാതം(2013), ഒരു ഇന്ത്യന്‍ പ്രണയകഥ(2013) തുടങ്ങിയവ 2013ലെ ഫഹദ് ചിത്രങ്ങളാണ്. അന്നയും റസൂലും സിനിമ ഇന്നും ഏറെ ആരാധകരുള്ള ചിത്രമാണ്. ആമേന്‍, നോര്‍ത്ത് 24 കാതം, ഒരു ഇന്ത്യന്‍ പ്രണയകഥ തുടങ്ങിയ ചിത്രങ്ങളിലൂടെ കൂടുതല്‍ പ്രേക്ഷക പ്രശംസയും അദ്ദേഹത്തിന് ലഭിച്ചു.