ആ ഒരു കഥാപാത്രവുമായി അടുക്കാന്‍ പതിവിലുമധികം സമയമെടുക്കേണ്ടി വന്നു: ഫഹദ് ഫാസില്‍
Entertainment
ആ ഒരു കഥാപാത്രവുമായി അടുക്കാന്‍ പതിവിലുമധികം സമയമെടുക്കേണ്ടി വന്നു: ഫഹദ് ഫാസില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 6th July 2024, 10:18 pm

ആദ്യ സിനിമയിലെ അഭിനയത്തിന് ഒരുപാട് പഴികേട്ട നടനാണ് ഫഹദ് ഫാസില്‍. പിന്നീട് അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത താരം തിരിച്ചുവരവില്‍ ഇന്ത്യയിലെ മികച്ച നടന്മാരുടെ പട്ടികയിലേക്ക് നടന്നുകയറുകയായിരുന്നു. തിരിച്ചുവരവില്‍ രണ്ട് തവണ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ താരം തെണ്ടിമുതലും ദൃക്സാക്ഷിയും സിനിമയിലെ അഭിനയത്തിന് സഹനടനുള്ള ദേശീയ അവാര്‍ഡും നേടി.

മലയാളത്തില്‍ മാത്രമല്ല, തമിഴിലും, തെലുങ്കിലും താരം തന്റെ സാന്നിധ്യമറിയിച്ചു. അല്ലു അര്‍ജുന്‍- സുകുമാര്‍ കൂട്ടുകെട്ടില്‍ പിറന്ന പുഷ്പ, കമല്‍ ഹാസന്‍- ലോകേഷ് കനകരാജ് ഒന്നിച്ച വിക്രം എന്നീ സിനിമയിലും താരം മികച്ച പ്രകടനം കാഴ്ച വെച്ചു. ഈ വര്‍ഷം മലയാളത്തിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ ആവേശത്തിലൂടെ തന്റെ ബോക്സ് ഓഫീസ് പവറും വ്യക്തമാക്കി.

ആവേശത്തിലെ രംഗന്‍ എന്ന കഥാപാത്രവുമായി മാനസികമായി അടുക്കാന്‍ താന്‍ പതിവിലുമധികം സമയമെടുത്തിരുന്നുവെന്ന് ഫഹദ് ഫാസില്‍ പറഞ്ഞു. ഷൂട്ട് തുടങ്ങി ആദ്യത്തെ നാല് ദിവസം സംവിധായകന്‍ ജിത്തു തന്നോട് പറഞ്ഞ കാര്യങ്ങളൊന്നും തനിക്ക് മനസിലായില്ലായിരുന്നുവെന്നും തന്നെക്കൊണ്ട് പറ്റുന്ന രീതിക്കാണ് അതെല്ലാം ചെയ്തതെന്നും താരം പറഞ്ഞു.

നാല് ദിവസം കഴിഞ്ഞ് ബാറിന്റെ സെറ്റുമായി മാനസിക അടുപ്പം വന്നതിന് ശേഷമാണ് ആ കഥാപാത്രം ഈസിയായി പുള്‍ ഓഫ് ചെയ്യാന്‍ പറ്റിയതെന്നും ഫഹദ് കൂട്ടിച്ചേര്‍ത്തു. ഗലാട്ടാ പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

‘ഒരു കഥാപാത്രത്തോട് മാനസികമായി അടുക്കാന്‍ ഏറ്റവും കൂടുതല്‍ സമയമെടുത്തത് ആവേശത്തിലായിരുന്നു. എനിക്ക് ഒട്ടും ഫെമിലിയറല്ലാത്ത ഒരുതരം ക്യാരക്ടറൈസേഷനാണ് രംഗയുടേത്. ഷൂട്ട് തുടങ്ങി ആദ്യത്തെ നാല് ദിവസം എന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് ഒരു പിടിയുമില്ലായിരുന്നു. ജിത്തു എന്നോട് പറയുന്ന ഓരോ കാര്യവും അതുപോലെ ചെയ്യും, അല്ലാതെ മറ്റ് കാര്യങ്ങളൊന്നും അന്വേഷിച്ചില്ല.

നാല് ദിവസം കഴിഞ്ഞപ്പോഴാണ് ആ സെറ്റുമായി എനിക്ക് ഒരു കണക്ഷന്‍ വന്നുതുടങ്ങിയത്. എന്റെ പെര്‍ഫോമന്‍സ് പ്രതീക്ഷിച്ച രീതിയില്‍ വന്നില്ലെങ്കില്‍ മൊത്തം സിനിമയെയും അത് ബാധിക്കും. കാരണം ആ പിള്ളേരും സിനിമയുമായി കണക്ടാക്കുന്നത് രംഗനാണ്. അയാളാണ് ടോട്ടല്‍ സര്‍ക്കിളിന്റെ സെന്റര്‍. അയാളോട് അറ്റാച്ച്‌മെന്റ് തോന്നിയില്ലെങ്കില്‍ പടം കൈയില്‍ നിന്ന് പോകും എന്നത് ഉറപ്പാണ്,’ ഫഹദ് പറഞ്ഞു.

Content Highlight: Fahadh Faasil saying that he took long time than usual to connect with Rangan in Aavesham