Advertisement
Entertainment
ബാപ്പയ്ക്ക് ചീത്തപ്പേര് ഉണ്ടാക്കിയല്ലോ എന്നതായിരുന്നു അന്നത്തെ എന്റെ സങ്കടം: ഫഹദ് ഫാസിൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 17, 08:41 am
Monday, 17th February 2025, 2:11 pm

കയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് ഫഹദ് ഫാസിൽ. ചിത്രം ബോക്സ്‌ ഓഫീസിൽ വലിയ പരാജയമായതോടൊപ്പം സംവിധായകൻ ഫാസിലിന്റെ മകൻ എന്ന നിലയിൽ ഫഹദ് ഒരുപാട് വിമർശനവും നേരിട്ടു.

എന്നാൽ പിന്നീട് മലയാള സിനിമ കണ്ടത് ഫഹദ് എന്ന നടന്റെ തിരിച്ചുവരവായിരുന്നു. രണ്ടാം വരവിൽ ചെയ്ത കഥാപാത്രങ്ങളെല്ലാം ഏറ്റവും മികച്ച രീതിയിലാണ് ഫഹദ് അവതരിപ്പിച്ചത്. മലയാളത്തേക്കാൾ ഇപ്പോൾ അന്യഭാഷയിൽ തിരക്കുള്ള നടനാണ് ഫഹദ് ഫാസിൽ.

അഭിനയം പഠിക്കാനായി എവിടെയും പോയിട്ടില്ലെന്ന് പറയുകയാണ് ഫഹദ്. പതിനെട്ടാം വയസിൽ സ്കൂൾ പഠനം കഴിഞ്ഞാണ് കയ്യെത്തും ദൂരത്ത് എന്ന സിനിമ ചെയ്തതെന്നും ബാപ്പയ്ക്ക് ചീത്ത പേര് ഉണ്ടാക്കിയെന്നതായിരുന്നു അന്നത്തെ സങ്കടമെന്നും ഫഹദ് പറയുന്നു. അന്ന് അമേരിക്കയിലേക്ക് പോയത് സത്യത്തിൽ ഒരു ഒളിച്ചോട്ടമാണെന്നും ആ യാത്രയിലാണ് താൻ ജീവിതം പഠിച്ചതെന്നും ഫഹദ് കൂട്ടിച്ചേർത്തു.

‘ഇതുവരെ അഭിനയം പഠിക്കാൻ ഞാൻ എവിടെയും പോയിട്ടില്ല. 18-ാം വയസിൽ കോൺവെന്റ് സ്കൂ‌ൾ പഠനം കഴിഞ്ഞാണ് ഞാൻ കൈയെത്തും ദൂരത്ത് ചെയ്തത്. തികച്ചും യാന്ത്രികമായി അനുഭവത്തിന്റെ കരുത്തൊന്നുമില്ലാതെയാണ് അത് ചെയ്‌തത്. ആ പ്രായത്തിൽ ഞാൻ എന്ത് ചെയ്താലും അങ്ങനെയേ വരു.

ആ ചിത്രം വിചാരിച്ചത് പോലെ വന്നില്ല. ബാപ്പയ്ക്ക് ചീത്തപ്പേര് ഉണ്ടാക്കിയല്ലോ എന്നതായിരുന്നു അന്നത്തെ സങ്കടം. 19-ാം വയസ്സിലാണ് ഞാൻ അമേരിക്കയിലേക്ക് പോയത്. സത്യത്തിൽ അതൊരു ഒളിച്ചോട്ടമായിരുന്നു. ആ അലച്ചിലിലാണ് ഞാൻ ജീവിതം പഠിച്ചത്. അനുഭവിക്കാനുള്ളതെല്ലാം അവിടെ നിന്ന് അനുഭവിച്ചു. ആ യാത്രയിൽ ബാപ്പയ്ക്ക് എന്നോട് വിശ്വാസമുണ്ടായിരുന്നു. പിന്നീട് അവിടെനിന്നും തിരിച്ചുവന്നപ്പോൾ മറ്റൊരാളായിരുന്നു ഞാൻ. വീട്ടുകാരുടെ എന്നിലെ വിശ്വാസമായിരുന്നു കരുത്ത്,’ഫഹദ് പറയുന്നു.

ഓടും കുതിര ചാടും കുതിര എന്ന സിനിമയാണ് ഷൂട്ടിങ്‌ പുരോഗമിക്കുന്ന ഫഹദ് ഫാസിൽ സിനിമ. മമ്മൂട്ടിയും മോഹൻലാലും വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന മഹേഷ് നാരായണൻ ചിത്രത്തിലും ഫഹദ് ഫാസിലും ഭാഗമാവുന്നുണ്ട്.

 

Content Highlight: Fahad Fazil About His Film Career