'തലകീഴായ ചുവന്ന ത്രികോണം'; നാസി പ്രത്യയശാസ്ത്രം പ്രചരിപ്പിച്ച ട്രംപിന്റെ പോസ്റ്റുകള്‍ നീക്കം ചെയ്ത് ഫേസ്ബുക്ക്
World News
'തലകീഴായ ചുവന്ന ത്രികോണം'; നാസി പ്രത്യയശാസ്ത്രം പ്രചരിപ്പിച്ച ട്രംപിന്റെ പോസ്റ്റുകള്‍ നീക്കം ചെയ്ത് ഫേസ്ബുക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 19th June 2020, 12:08 pm

വാഷിംഗ്ടണ്‍: ട്വിറ്ററിന് പിന്നാലെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഫേസ്ബുക്കില്‍ നിന്നും തിരിച്ചടി.

ഡൊണാള്‍ഡ് ട്രംപും വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും നടത്തിയ പ്രചാരണ പരസ്യം ഫേസ്ബുക്ക് നീക്കം ചെയ്തു.

കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളിലെ കമ്മ്യൂണിസ്റ്റുകളെയും മറ്റ് രാഷ്ട്രീയ തടവുകാരേയും അടയാളപ്പെടുത്താന്‍ നാസികള്‍ ഉപയോഗിച്ചിരുന്ന തലകീഴായ ചുവന്ന ത്രികോണം ഉപയോഗിച്ചതിനാണ് പരസ്യങ്ങള്‍ നീക്കം ചെയ്തത്.

1930 കളിലാണ് ഇത്തരം തലകീഴായുള്ള ത്രികോണങ്ങള്‍ കമ്മ്യൂണിസ്റ്റുകളേയും സോഷ്യലിസ്റ്റുകളേയും ലിബറലുകളേയും തിരിച്ചറിയാന്‍ വേണ്ടി നാസികള്‍ ഉപയോഗിച്ചു തുടങ്ങിയത്.

പേയ്ഡ് പോസിറ്റലാണ് ട്രംപ് ഈ ചിഹ്നം ഉപയോഗിച്ചത്. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഡസന്‍ കണക്കിന് പരസ്യങ്ങളാണ് ഫേസ് ബുക്ക് നിര്‍ജ്ജീവമാക്കിയത്.

വിദ്വേഷം ജനിപ്പിക്കുന്ന തരത്തിലുള്ള ഉള്ള ഉള്ളടക്കം പങ്കുവെച്ച് ഫേസ്ബുക്കിന്റെ പോളിസി ലംഘിച്ചതുകൊണ്ടാണ് ഫേസ്ബുക്ക് നടപടി സ്വീകരിച്ചത് എന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്.

വിദ്വേഷകരമായ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്ന ചിഹ്നങ്ങള്‍ കമ്പനി അനുവദിക്കില്ലെന്നും ഫേസ് ബുക്ക് വ്യക്തമാക്കി.

വ്യാഴാഴ്ചയാണ് ഫേസ് ബുക്ക് പരസ്യം നീക്കം ചെയ്തത്. എന്നാല്‍ ട്രംപും പെന്‍സും നാസി ചിഹ്നം ഉപയോഗിച്ചുള്ള പരസ്യം പ്രചാരണത്തിനായി രണ്ടുപേരുടേയും പേജില്‍ പോസ്റ്റ് ചെയ്തത് ബുധനാഴ്ചയാണ്. ബുധനാഴ്ച പോസ്റ്റ് ചെയ്ത പരസ്യത്തിന് ട്രംപിന്റെ പേജിലൂടെ വ്യാഴാഴ്ച രാവിലെ വരെ 950000 ഇംപ്രഷന്‍സ് ലഭിച്ചിട്ടുണ്ട്. പെന്‍സിന്റെ പേജില്‍ ഇതിന് 500000 ഇംപ്രഷനാണ് ലഭിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ