തിരുവനന്തപുരം: സാമൂഹിക പ്രവര്‍ത്തക ദയാബായിയുടെ നിരഹാര സമരത്തെ വിമര്‍ശിച്ചുകൊണ്ടുള്ള സാഹിത്യകാരന്‍ കെ.കെ. കൊച്ചിന്റെ ഫേസ്ബുക്ക് കുറിപ്പിന് പ്രതികരണവുമായി ദളിത് ചിന്തകനും എഴുത്തുകാരനുമായ കെ.കെ. ബാബുരാജും, സാമൂഹ്യപ്രവര്‍ത്തകന്‍ എന്‍. സുബ്രഹ്‌മണ്യനും രംഗത്ത്.
കെ.കെ. കൊച്ചിന്റെ കോണ്‍ഗ്രസ് വിരുദ്ധത വളരെയധികം വ്യക്തമായതുകൊണ്ട് അദ്ദേഹം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കും പിണറായി വിജയനും വേണ്ടി വാദിക്കുകയാണെന്ന് ചിലര്‍ക്കെങ്കിലും തോന്നിയാല്‍ അവരെ കുറ്റപ്പെടുത്താന്‍ ആവില്ലെന്ന് കെ.കെ. ബാബുരാജ് പറഞ്ഞു.
ദയാബായി നാഗരിക ജീവിതത്തെ തന്നെ നിഷേധിച്ചുകൊണ്ട് സവിശേഷമായ കര്‍മ ജീവിതം നയിക്കുന്ന വ്യക്തിത്വമാണ്. ഇക്കൂട്ടര്‍ വികസന വിരുദ്ധര്‍ മാത്രമല്ല ആധുനികതാ വിരുദ്ധരും കൂടിയാണെന്നതാണ് അനുഭവം. ഇത്തരം ആള്‍ക്കാരുടെ ഒറ്റമൂലികളും പരിത്യാഗം നിറഞ്ഞ ജീവിതവും കാല്പനികര്‍ക്ക് കവിതയായി തോന്നുമെങ്കിലും ദളിതരെയും ആദിവാസികളെയും സംബന്ധിച്ച് അവ വംശനാശത്തിനുള്ള ക്ഷണക്കുറിപ്പുകള്‍ മാത്രമാണെന്നും കെ.കെ. ബാബുരാജ് കൂട്ടിച്ചേര്‍ത്തു.
വല്ലാതെ കൊച്ചാകരുത് കൊച്ചേട്ടാ, മനുഷ്യര്‍ ചീഞ്ഞാല്‍ എന്താകുമെന്നതിന് മാതൃകയായി മറ്റനേകം പേരുണ്ട്. മരിക്കുന്നതിന് മുന്നേ ശവമായി നാറുന്നവരുടെ ശ്രേണിയില്‍ നിങ്ങളെ കാണാനാഗ്രഹിക്കാത്തതുകൊണ്ട് ഈ കുറിപ്പെന്നാണ് കെ.കെ. കൊച്ചിന്റെ വിമര്‍ശനത്തിനെതിരെ എന്‍. സുബ്രഹ്‌മണ്യന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചത്.
മധ്യപ്രദേശില്‍ സാമൂഹ്യ പ്രവര്‍ത്തനം നടത്താന്‍ മേഴ്‌സി മാത്യു വെന്ന കേരളീയ ദയാബായിക്കുള്ള സ്വാതന്ത്ര്യം നിങ്ങള്‍ അംഗീകരിക്കുന്നു. എന്നാല്‍ അവര്‍ക്ക് കാസര്‍ഗോഡിനെ പ്രതിനിധീകരിക്കാനുള്ള അവകാശത്തെ കെ.കെ. കൊച്ച് റദ്ദാക്കുകയും ചെയ്യുന്നവെന്നും എന്‍. സുബ്രഹ്‌മണ്യന്‍ പറഞ്ഞു.
സി.ആര്‍. നീലകണ്ഠനോടുള്ള കൊതിക്കെറുവ് തീര്‍ക്കാന്‍ ഈ നിരാഹാര സമരത്തെ പ്രതി ശ്രമിക്കേണ്ടതില്ല. എല്‍.ഡി.എഫ് ഭരിക്കുമ്പോള്‍ മാത്രമല്ല യു.ഡി.എഫ് ഭരിക്കുമ്പോഴും സമരം നടക്കുമ്പോള്‍ അവിടം സന്ദര്‍ശിക്കാന്‍ പലരും വരും. അവരൊക്കെയാണ് സമരം നയിക്കുന്നത് എന്ന് സങ്കല്‍പ്പിക്കാനുള്ള കെ.കെ. കൊച്ചിന്റെ ഭാവനാവിലാസം അപാരം തന്നെയെന്നും എന്‍. സുബ്രഹ്‌മണ്യന്‍ കൂട്ടിച്ചേര്‍ത്തു.
‘പ്രശ്നം എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടേതാണത്രേ! എന്നാല്‍ സമര സമിതി സര്‍ക്കാരിന് നല്‍കിയ നാലാവശ്യങ്ങളുടെ വിശദീകരണത്തില്‍ ദുരിത ബാധിതര്‍ക്ക് വേണ്ടി ക്യാമ്പ് നടത്തുകയെന്ന ഒരാവശ്യം മാത്രമാണുള്ളത്. മറ്റു മുഴുവന്‍ കാര്യങ്ങളും കാസര്‍ഗോഡ് ജില്ലയുടെ നീതിയുക്തമായ ആരോഗ്യാവശ്യങ്ങളാണ്. ഇത്തരം ആവശ്യങ്ങള്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുള്‍പ്പെടുന്ന ജില്ലയിലെ ജനങ്ങളുടെ പ്രാതിനിധ്യത്തില്‍ മുന്നോട്ടുവെക്കാതെ എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ പേരിലായിരിക്കുകയും സമരം ഇറക്കുമതി ചെയ്ത ആയമ്മയുടെ പേരിലായിരിക്കുന്നതെന്തുകൊണ്ടാണ്?
ഇത്തരം പൊറാട്ടു നാടകങ്ങള്‍ക്ക് പിന്നിലെ താല്‍പര്യങ്ങള്‍ തിരിച്ചറിഞ്ഞ് കപട വേഷങ്ങളെ തിരിച്ചറിയാന്‍ നമുക്ക് കഴിയണം. കാരണം നീലകണ്ഠന്മാരുടെ വരുതിയില്‍ വന്ദനാ ശിവ, മേധാ പട്കര്‍, പ്രശാന്ത് ഭൂഷണ്‍ എന്നിങ്ങനെയുള്ള കുലം കുത്തികളുമുണ്ടെന്ന കാര്യം മറക്കാതിരിക്കുക.’ എന്നായിരുന്നു കെ.കെ. കൊച്ചിന്റെ ഫേസ്ബുക്ക് പോസ്റ്റിലെ പരാമര്‍ശം.
Content Highlight: Facebook Posts against KK Koch after Criticizing dayabai’s Hunger Strike In Front of Secretariat