ന്യൂഡല്‍ഹി' എഴുതിയ ആള്‍ക്ക് പിന്നീട് 'ന' എന്നെഴുതാന്‍ കഴിയാതായതിന്റെ ജീവചരിത്രമാണ് ഈ മനുഷ്യന്‍
Notification
ന്യൂഡല്‍ഹി' എഴുതിയ ആള്‍ക്ക് പിന്നീട് 'ന' എന്നെഴുതാന്‍ കഴിയാതായതിന്റെ ജീവചരിത്രമാണ് ഈ മനുഷ്യന്‍
Vk Jobhish
Tuesday, 11th May 2021, 12:23 pm

മലയാളത്തിലെ മികച്ച തിരക്കഥാകൃത്തുക്കളില്‍ ഒരാളായിരുന്നോ ന്യൂഡല്‍ഹിയും, ആകാശദൂതും, ശ്യാമയും, രാജാവിന്റെ മകനുമൊക്കെ എഴുതിയ ഡെന്നീസ് ജോസഫ്.?

ആണെന്ന് നമ്മള്‍ പറയും. കാരണം നമ്മുടെ കൗമാരത്തിന്റെയും യൗവനത്തിന്റെയും തുടിപ്പുകളില്‍ ഒരു നിഴലുപോലെ ഇദ്ദേഹം കൂടെയുണ്ടായിരുന്നു. എന്നാല്‍ അല്ലെന്ന് ഒരാള്‍ പറയും. അയാളത് ലോകത്തോടു വിളിച്ചു പറഞ്ഞിട്ടുമുണ്ട്. പലവട്ടം. അത് മറ്റാരുമല്ല.
മലയാളി പ്രേക്ഷകര്‍ തിയറ്ററില്‍ ആരവവും ആനന്ദവും കണ്ണീരും നിറച്ച ചിത്രങ്ങള്‍ക്ക് കാരണക്കാരനായ ഒരു എഴുത്തുകാരന്‍.

അറുപത്തിയഞ്ചോളം സിനിമയ്ക്ക് തിരക്കഥ എഴുതുകയും ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിന് കുട്ടികളുടെ മികച്ച സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരവും നേടിയ ആള്‍. ‘ഷോലെ’ കഴിഞ്ഞാല്‍പ്പിന്നെ എന്റെ ഇഷ്ടപ്പെട്ട സ്‌ക്രീന്‍ പ്ലേ ‘ന്യൂഡല്‍ഹി’യാണെന്ന് മണിരത്‌നം പറഞ്ഞ തിരക്കഥാകൃത്ത്.

രണ്ടു രാത്രിയും രണ്ടു പകലും കൊണ്ട് മാത്രം എഴുതിത്തിര്‍ത്ത് പിന്നെ ഒരു വരി പോലും അങ്ങോട്ടുമിങ്ങോട്ടും മാറ്റാതെ സംവിധായകനായ ജോഷി വമ്പന്‍ ഹിറ്റാക്കിയ ‘ശ്യാമ’യുടെ എഴുത്തുകാരന്‍. അതെ; സാക്ഷാല്‍ ഡെന്നീസ് ജോസഫാണത്. മികച്ച സിനിമ എന്നാല്‍ സത്യജിത്‌റേയെപ്പോലെയും കെ.ജി.ജോര്‍ജിനെപ്പോലെയും കാഴ്ചയെ ഭാവന ചെയ്യുന്ന സംവിധായകന്‍ എന്ന് നല്ല ബോധ്യമുള്ള എഴുത്തുകാരന്‍. സംവിധായകന്‍.

ഇത്രയധികം വ്യാപാര വിജയം നേടിയ വാണിജ്യ സിനിമകളൊരുക്കിയ എഴുത്തുകാരനും സംവിധായകനും അദ്ദേഹമെഴുതിയ ഓര്‍മ്മപ്പുസ്തകത്തില്‍ താനൊരു മികച്ച തിരക്കഥാകൃത്തല്ല എന്ന് ഇടയ്ക്കിടക്ക് സാക്ഷ്യപ്പെടുത്തുന്നുണ്ട്. അത്തരം ഒന്നു രണ്ട് അനുഭവങ്ങള്‍ അദ്ദേഹത്തിന്റെ എഴുത്തിലും പറച്ചിലിലുമുണ്ട്.

‘കോട്ടയം കുഞ്ഞച്ചന്‍’ എഴുതിക്കൊണ്ടിരിക്കേ തൊട്ടടുത്ത മുറിയില്‍ എം.ടി. ഉണ്ടെന്നറിഞ്ഞപ്പോള്‍ കാണണമെന്നാഗ്രഹമുണ്ടായിട്ടും ‘എന്നെപ്പോലെ അടിപ്പടങ്ങള്‍ ചെയ്യുന്ന ഒരാള്‍ ‘ എങ്ങനെയാണ് സ്വയം എം.ടിയെ പരിചയപ്പെടുത്തുക എന്ന് അപകര്‍ഷതാബോധം വെച്ച് പുലര്‍ത്തുന്ന ഒരു ഡെന്നീസിനെ നാം കാണുന്നുണ്ട്.

അതുപോലെ സുഹൃത്ത് ജോയി ‘മനുഅങ്കിള്‍’ നാഷണല്‍ അവാര്‍ഡിന് അയക്കുകയാണെന്നറിഞ്ഞിട്ട് ‘ബാലചിത്രം എന്നാല്‍ ബാലിശമായ സിനിമ എന്നാണോ ജോയി ഉദ്ദേശിക്കുന്നത് …?’ എന്നു ചോദിക്കുന്ന ഡെന്നീസിനെയും നമുക്ക് കാണാം. അതുകൊണ്ടു തന്നെ മനുഅങ്കിളിന് ദേശീയ പുരസ്‌കാരം കിട്ടിയിട്ട് അദ്ദേഹം അതുവാങ്ങാന്‍ പോയിട്ടുമില്ല. അക്കാരണത്താല്‍ അവാര്‍ഡും, സ്വര്‍ണ്ണ മെഡലും, പ്രശസ്തിപത്രവും ചെക്കുമൊക്കെ അദ്ദേഹത്തിന് പിന്നീട് പോസ്റ്റല്‍ ആയി അയച്ചു കിട്ടുകയായിരുന്നു.!

‘എന്നെ സംബന്ധിച്ച് ‘മനുഅങ്കിള്‍’ ദേശീയ തലത്തില്‍ അവാര്‍ഡ് കിട്ടാവുന്ന സിനിമയായി തോന്നിയിട്ടില്ല. ആരോടെങ്കിലും അത് പറയാന്‍ തന്നെ നാണക്കേട്’.

ദേശീയപുരസ്‌കാരങ്ങളൊക്കെ മക്കള്‍ക്കും മരുമക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി വീതം വെക്കുന്ന പുതിയ കാലത്തിന്റെ ‘രാഷ്ട്രീയ’ത്തിനിടയില്‍ നിന്ന് ഡെന്നീസിനെപ്പോലുള്ളവര്‍ വിളിച്ചു പറയുന്ന ഈ സത്യത്തിന് രാജ്യത്തെ ഏറ്റവും വലിയ പുരസ്‌കാരത്തേക്കാള്‍ മൂല്യമുണ്ട്. മറ്റൊന്നില്ലാത്തതുകൊണ്ടു മാത്രം താല്‍ക്കാലികമായി മികവിലേക്കുയര്‍ത്തപ്പെടുന്ന അപൂര്‍വ സന്ദര്‍ഭങ്ങള്‍ ഭാവിയിലേക്കുള്ളതല്ലെന്ന ബോധ്യം പല കാരണങ്ങള്‍ കൊണ്ട് സാക്ഷാത്കരിക്കപ്പെടാതെപോയ ഉയര്‍ന്ന ചലച്ചിത്രബോധമുള്ള ഒരാളുടെ കുമ്പസാരക്കുറിപ്പുകൂടിയാണ്.

അറുപത്തഞ്ചോളം ചിത്രങ്ങള്‍ വന്നെങ്കിലും മൂന്ന് തിരക്കഥകള്‍ മാത്രമാണ് അദ്ദേഹത്തിന് കൊള്ളാമെന്ന് തോന്നിയത്. ‘ഞാന്‍ എഴുതിയതില്‍ ഓടിയതും പരാജയപ്പെട്ടതുമായ ഒരു പാട് സിനിമകള്‍ ഉണ്ടെങ്കിലും മികച്ച സിനിമ എന്ന് പലതിനെയും പലരും പറഞ്ഞിട്ടുണ്ടെങ്കിലും തരക്കേടില്ലാത്ത രണ്ടു മൂന്നു തിരക്കഥകള്‍ ഉണ്ടെന്ന് എനിക്കു തന്നെ ബോധ്യമുണ്ട്.’

പക്ഷെ അത് സംവിധായകനായ മണിരത്‌നത്തെപ്പോലെ പ്രേക്ഷകരായ നമ്മളും കരുതുന്ന ‘ന്യൂഡല്‍ഹി’യല്ല. ഓസ്‌കാര്‍ പുരസ്‌കാരം ലഭിച്ച എഴുത്തുകാരന്‍ ഗുല്‍സാര്‍ അഭിനന്ദിച്ച ‘ശ്യാമ’യല്ല. രാഷ്ട്രപതിയുടെ അവാര്‍ഡ് നേടിയ ‘മനുഅങ്കിള്‍’ അല്ല. അതിലൊന്ന് പരാജയപ്പെട്ട മമ്മൂട്ടി ജോഷിച്ചിത്രമായ ‘ദിനരാത്രങ്ങള്‍’ ആണ്. മറ്റൊന്ന് ആറു ദിവസം ഷൂട്ടു ചെയ്ത് ഉപേക്ഷിച്ച മമ്മൂട്ടി ജോഷിച്ചിത്രം ‘വംശ’ത്തിന്റെ തിരക്കഥയാണ്. മൂന്നാമത്തെ ചിത്രം ഏതാണെന്ന് ഡെന്നീസ് വെളിപ്പെടുത്തിയിട്ടില്ല. ഇനി അത് വെളിപ്പെടുത്താന്‍ ഡെന്നീസ് ജോസഫ് നമുക്കൊപ്പമില്ല. കൂടെയുള്ളത് അദ്ദേഹത്തിന്റെ സിനിമകള്‍ മാത്രം.

വലിയ വിജയങ്ങള്‍ നേടിയ ചിത്രങ്ങളുടെ പിന്നാമ്പുറക്കഥകളുമായി ഇനി അയാള്‍ കഥ പറഞ്ഞും വരില്ല. ഇനി അയാളുണ്ടാക്കിയ കഥകളെക്കുറിച്ച് നമുക്കു പറയാമെന്നു മാത്രം.! അദ്ദേഹത്തിന്റെ സിനിമാക്കഥപോലെ മറ്റാര്‍ക്കുമില്ലാത്ത ഒരു ജീവിതകഥ ഡെന്നീസ് ജോസഫിനുണ്ട്. അത് കേട്ടാല്‍ സത്യത്തിന്റെയും മിഥ്യയുടേയും ഇടനാഴിയില്‍പ്പെട്ട് നാം അന്തംവിട്ടു പോകും.

കാരണം സ്‌കൂളിലോ കോളെജിലോ പഠിക്കുമ്പോള്‍ ഒരു കത്തുപോലുമെഴുതാത്ത ഒരാള്‍ 1986 ല്‍ ഒരു വര്‍ഷം പതിമൂന്ന് തിരക്കഥകള്‍ എഴുതിയതിന്റെ ചരിത്രം കൂടിയാണീ മനുഷ്യന്‍. അമേരിക്കയിലേക്ക് പോകാന്‍ വേണ്ടി ഡി ഫാം പഠിക്കാന്‍ ഏറ്റുമാനൂരില്‍ നിന്ന് എറണാകുളം ലിസി ഹോസ്പിറ്റലില്‍ എത്തുക. പഠനശേഷം അവിടുന്ന് കട്ട് – കട്ട് എന്ന സ്ഥാപനത്തില്‍ മാഗസിന്‍ എഡിറ്ററാവുക. അങ്ങനെയിരിക്കെ ജ്യോത്സ്യനായ കോരസാറിന്റെ ചീട്ടിന്റെ പുറത്തുള്ള നിര്‍മ്മാതാക്കളുടെയും സംവിധായകരുടെയും വിശ്വാസത്തിന്റെ പുറത്ത് തിരക്കഥ എഴുതാന്‍ പുറപ്പെടുക. പിന്നീടയാള്‍ മലയാളത്തിലെ വാണിജ്യ സിനിമയെ നിര്‍ണയിച്ച തിരക്കഥാകൃത്താവുക.!

കേള്‍ക്കുമ്പോള്‍ വിചിത്രമാണീ മനുഷ്യ ജീവിതം. ഇതൊക്കെയാണ് കഥയെങ്കിലും ഉള്ളില്‍ സിനിമയില്ലാത്ത ഒരാള്‍ക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുന്ന തിരക്കഥകളല്ല ഡെന്നീസ് എഴുതിയത്. അതില്‍ ആകാശദൂതു പോലെ മികച്ച സാമൂഹിക പ്രസക്തിയുള്ള ദേശീയ പുരസ്‌കാരം നേടിയ സിനിമകളുമുണ്ട്.

നോവലുകളും കഥകളും വായിച്ച് ഉള്ളില്‍ കഥകള്‍ നിറഞ്ഞൊരു സംഭരണിയുണ്ടായിരുന്നു അയാളില്‍. ആവശ്യം വരുമ്പോള്‍ അതിലേക്കൊക്കെ ആ തിരക്കഥാകൃത്ത് ചെന്നുനോക്കിയിരുന്നു എന്നതിന് സിനിമകള്‍ തെളിവ്. പണ്ട് പാലായില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന ‘ദീപനാളം’ എന്ന വാരികയില്‍ വന്ന കുട്ടിക്കാലത്തെ തന്റെ വായനകളിലൊന്നായിരുന്ന മുട്ടത്തു വര്‍ക്കിയുടെ ‘വേലി’യില്‍ നിന്നാണ് അദ്ദേഹം ‘കോട്ടയം കുഞ്ഞച്ച’നുണ്ടാക്കിയത്.

തമിഴിലെ ജ്ഞാനപീഠ അവാര്‍ഡ് ജേതാവായ ജയകാന്തന്റെ ‘പാരീസിലേക്ക് പോരൂ’ എന്ന നോവലില്‍ നിന്നാണ് ‘സരോവരം’ എഴുതിയത്. അപ്പോഴൊന്നും താന്‍ ഒരു നല്ല എഴുത്തുകാരനാണെന്ന ബോധ്യം അദ്ദേഹത്തില്‍ ഒരിക്കലും ഉണ്ടായിട്ടില്ല. സിനിമവേറെ സാഹിത്യം വേറെ.ആനന്ദങ്ങള്‍ വേറെ.!

തന്റെ എഴുത്തിനെക്കുറിച്ച് അദ്ദേഹം തന്നെ ഇങ്ങനെ പറയുന്നുണ്ട്. ‘ഞാന്‍ ജന്മസിദ്ധിയുള്ള എഴുത്തുകാരനല്ല. സിനിമകള്‍ കണ്ടതിന്റെയും നോവലുകളും കഥകളും വായിച്ചതിന്റെയും പുറത്ത്, ഒരു മിനിമം ഭാഷാപരിചയത്തിന്റെയും ബലത്തില്‍ ചെയ്തതാണ് തിരക്കഥ.’. എന്തായാലും ഉള്ളില്‍ സിനിമയുള്ള ഒരാള്‍ക്ക് മാത്രം സാധ്യമാക്കാനായതായിരുന്നു അദ്ദേഹത്തിന്റെ തിരക്കഥകള്‍.

അതുകൊണ്ടാണ് അവയ്ക്കിവിടെ ആനന്ദ സൃഷ്ടാക്കളാകാന്‍ കഴിഞ്ഞത്. മലയാളിയുടെ ആ ആനന്ദമാണ് ഒരു മമ്മൂട്ടിക്കും മോഹന്‍ലാലിനും വാണിജ്യസിനിമയില്‍ ഇവിടെ മേല്‍വിലാസമുണ്ടാക്കിയത്. ഡെന്നീസ് ജോസഫ് എഴുതിയ വരികളില്‍ക്കൂടി പകര്‍ന്നാടിയാണ് അവര്‍ ഈ നാട്ടിലും മറുനാട്ടിലും വേരുകളിറക്കിയത്.

എന്തായാലും ലക്ഷക്കണക്കിനാളുകളെ രസിപ്പിച്ച് സിനിമാക്കമ്പോളത്തെ പിടിച്ചു നിര്‍ത്തിയ ഈ തിരക്കഥാകൃത്തിനെ മലയാളിക്ക് എളുപ്പം മറക്കാന്‍ കഴിയില്ല. കാരണം വര്‍ത്തമാനം ആരവത്തിലേറ്റു വാങ്ങുകയും ഭാവിയില്‍ ഉപേക്ഷിക്കുകയും ചെയ്യുന്ന സിനിമകളുടെ കൂട്ടത്തില്‍പ്പെടുത്താവുന്നവയല്ല അദ്ദേഹത്തിന്റെ സിനിമകളെല്ലാം. അതില്‍ ചിലതിലെല്ലാം ജീവിതമുണ്ടായിരുന്നു. ചിലതിലെല്ലാം ‘വെറും’ സിനിമകളും. ഭാവി ആ ജീവിതത്തിലേക്കു നോക്കുമോ. സിനിമയിലേക്കു നോക്കുമോ. അറിയില്ല.!

എന്തായാലും രണ്ടായിരത്തിനു ശേഷം ഡെന്നീസ് തന്നെത്തന്നെ ആവര്‍ത്തിച്ച് കമ്പോളത്തില്‍ തലയിടിച്ച് വീഴുന്നതിനാണ് സിനിമ സാക്ഷ്യം വഹിച്ചത്. അയാളുടെ സിനിമകളുടെ പരാജയം കൂടിയാണ് ഒരര്‍ത്ഥത്തില്‍ അയാളെ കൊന്നുകളഞ്ഞത്. പിന്നീട് സിഗരറ്റിലും മദ്യത്തിലും മുങ്ങിയ ഡെന്നീസാണ് ജീവിതത്തിലുണ്ടായത്. ആ ലഹരിയിലും അദ്ദേഹം വീണ്ടും സിനിമയെ ആഗ്രഹിച്ചിരുന്നു. സ്വപ്നം കണ്ടിരുന്നു.

‘നിനക്ക് വെള്ളമടിക്കാതെ പഴയതുപോലെ ഇരുന്ന് എഴുതിക്കൂടെ..? നീ വിചാരിച്ചാല്‍ ഒന്നോ രണ്ടോ ന്യഡല്‍ഹി ഇനിയും എഴുതാമല്ലോ…’ എന്നൊക്കെ ആള്‍ക്കാര്‍ ചോദിക്കുന്നുണ്ട്. ഒന്നോ രണ്ടോ അല്ല, ഒരായിരം ന്യൂഡല്‍ഹി എഴുതണം എന്ന് എനിക്ക് ആഗ്രഹമുണ്ട്. പക്ഷേ ‘ന്യൂ’ എന്ന് എഴുതണമെങ്കില്‍ ‘ന’ എങ്ങനെ എഴുതും. ശൂന്യം!’

അതെ പില്‍ക്കാലം മദ്യം അയാളെ കൊല്ലുകയായിരുന്നു. അല്ല അയാള്‍ അയാളെത്തന്നെ കൊല്ലുകയായിരുന്നു. അഞ്ജലി എന്ന സിനിമയില്‍ പ്രഭുവിനെ കാണുമ്പോള്‍ കുട്ടി പറയുന്ന ഒരു വാക്യം മണിരത്‌നം സുഹൃത്ത് ഡെന്നീസ് ജോസഫിനെ ഓര്‍ത്ത് എഴുതിയതാണ്. അതിന്നലെ ഞാനുമോര്‍ത്തു.

‘ഇവന്‍ താന്‍ ഡെന്നീസ് ജോസഫ്…ഇവന്‍ പെരിയ കില്ലര്‍.! ആ ഓര്‍മ്മകള്‍ക്കു മുന്നില്‍ ആദരവോടെ,

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Facebook Notification On Script Writer Dennis Joseph

Vk Jobhish
Teacher, Writter