ന്യൂദല്‍ഹി: വസ്തുനിഷ്ഠവും പക്ഷപാതരഹിതവുമായ പ്രവര്‍ത്തനങ്ങളിലാണ് ഇന്ത്യയില്‍ ഫേസ്ബുക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഫേസ്ബുക്കിന്റെ വൈസ് പ്രസിഡന്റും ഇന്ത്യയിലെ മാനേജിംഗ് ഡയറക്ടറുമായ അജിത് മോഹന്‍. എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്വേഷ പ്രസംഗം നടത്തിയ ബി.ജെ.പി നേതാവിനെതിരായ നടപടി ഫേസ്ബുക്ക് ഇന്ത്യയുടെ മുന്‍ പബ്ലിക് പോളിസി ഡയറക്ടര്‍ ആംഖി ദാസ് തടഞ്ഞതായി പുറത്തു വന്ന വാര്‍ത്തകള്‍ അദ്ദേഹം തള്ളി. ഫേസ്ബുക്കിന്റെ ബിസിനസ് താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ബി.ജെ.പിയുടെ തെലങ്കാന എം.എല്‍.എയായ ടി. രാജാ സിംഗിനെതിരായ നടപടി തടഞ്ഞത് എന്നായിരുന്നു വാര്‍ത്ത പുറത്ത് വന്നത്.
”വിദ്വേഷ പ്രസംഗങ്ങളും അക്രമത്തെ പ്രോല്‍സാഹിപ്പിക്കുന്ന മറ്റ് സംസാരങ്ങളും നിയന്ത്രിക്കേണ്ട കാര്യം വരുമ്പോള്‍ എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങള്‍ക്ക് കൃത്യമായറിയാം. ഫേസ്ബുക്കില്‍ എന്തൊക്കെ അനുവദനീയമാണെന്നതും അല്ലെന്നതും സംബന്ധിച്ചുള്ള കമ്മ്യൂണിറ്റി ഗൈഡ്‌ലൈന്‍ നടപ്പാക്കേണ്ടതില്‍ ഞങ്ങള്‍ക്ക് നല്ല വ്യക്തതയുണ്ട്,” അജിത് മോഹന്‍ പറഞ്ഞു.
ഉപയോക്താവിന്റെ സുരക്ഷ വര്‍ധിപ്പിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെ ന്നും ഇന്ത്യയിലെ നിയമങ്ങളെ തങ്ങള്‍ മാനിക്കുന്നുണ്ടെന്നും അജിത് മോഹന്‍ പറഞ്ഞു.
കമ്പനിയിലെ ഒരു ഉദ്യോഗസ്ഥനും കമ്പനി പോളിസി നടപ്പാക്കുന്നത് തടയുന്നതിനുള്ള അവകാശമില്ലെന്നും ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്ക് വിദ്വേഷ പ്രസംഗങ്ങള്‍ അവതരിപ്പിക്കാന്‍ തങ്ങള്‍ക്ക് യാതൊരു താല്‍പര്യവുമില്ലെന്നും അദ്ദേഹം അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷമായിരുന്നു വിദ്വേഷ പ്രസംഗങ്ങള്‍ പോസ്റ്റ് ചെയ്ത രാജാ സിംഗിന് പോളിസിയ്ക്ക് അതീതമായി അക്കൗണ്ട് ഉപയോഗിക്കാന്‍ സ്വാതന്ത്യം നല്‍കി എന്ന ആരോപണം ആംഖി ദാസിനെതിരെ ഉയര്‍ന്നത്. വാള്‍ സ്ട്രീറ്റ് ജേണല്‍ ആയിരുന്നു വാര്‍ത്ത പുറത്തുവിട്ടത്. ഇതിന് പിന്നാലെ അന്‍ഖി സ്ഥാനമൊഴിയുകയായിരുന്നു.