പെഗാസസിന്റെ അപ്പീല്‍ തള്ളി യു.എസ് കോടതി; വാട്സ്ആപ്പുമായുള്ള നിയമ യുദ്ധത്തില്‍ എന്‍.എസ്.ഒ ഗ്രൂപ്പിന് തിരിച്ചടി
World News
പെഗാസസിന്റെ അപ്പീല്‍ തള്ളി യു.എസ് കോടതി; വാട്സ്ആപ്പുമായുള്ള നിയമ യുദ്ധത്തില്‍ എന്‍.എസ്.ഒ ഗ്രൂപ്പിന് തിരിച്ചടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 10th November 2021, 11:02 am

ന്യൂദല്‍ഹി: വാട്സ്ആപ്പുമായുള്ള കേസില്‍ പെഗാസസ് ചാര സോഫ്റ്റ്‌വെയറിന്റെ ഉടമസ്ഥരായ ഇസ്രഈല്‍ കമ്പനിയായ എന്‍.എസ്.ഒ ഗ്രൂപ്പിന് തിരിച്ചടി.

മാധ്യമപ്രവര്‍ത്തകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍ എന്നിവരുള്‍പ്പെടെ 1,400 പേരെ നിരീക്ഷിക്കാന്‍ അനുവദിക്കുന്ന മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഇസ്രാഈലിലെ എന്‍.എസ്.ഒ ഗ്രൂപ്പ് അതിന്റെ വാട്ട്സ്ആപ്പ് സന്ദേശമയയ്ക്കല്‍ ആപ്പിലെ ബഗ് ചൂഷണം ചെയ്തെന്ന് ആരോപിച്ച് ഫേസ്ബുക്കിന് നിയമനടപടി സ്വീകരിക്കാമെന്ന് യു.എസ് അപ്പീല്‍ കോടതി പറഞ്ഞു.

ഇരകളുടെ മൊബൈലില്‍ പെഗാസസ് മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആറ് മാസം മുമ്പ് അനുമതിയില്ലാതെ വാട്‌സാപ്പ് സെര്‍വറുകള്‍ ആക്സസ് ചെയ്തുവെന്നാരോപിച്ച് 2019 ഒക്ടോബറില്‍ ഫേസ്ബുക്ക് എന്‍.എസ്.ഒയ്ക്കെതിരെ പരാതിപ്പെട്ടിരുന്നു.

വാട്സ് ആപ്പിന്റെ പിഴവ് മുതലാക്കി ഇന്ത്യയില്‍ നിന്നടക്കം പെഗാസസ് വിവരങ്ങള്‍ ചോര്‍ത്തിയെന്ന് കാനഡയിലെ സിറ്റിസണ്‍ ലാബ് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് 2019ല്‍ എന്‍.എസ്.ഒയ്ക്കെതിരെ വാട്സ്ആപ്പ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. 2020 ജൂലൈയില്‍ കാലിഫോര്‍ണിയ കോടതി വാട്സ്ആപ്പിന് അനുകൂലമായി വിധിച്ചിരുന്നു.

കേസില്‍ സര്‍ക്കാരുകള്‍ക്കു മാത്രം ഉല്‍പന്നം വില്‍ക്കുന്നതില്‍ ലഭിക്കേണ്ട പരമാധികാര പരിരക്ഷ ബാധകമാണെന്ന എന്‍.എസ്.ഒയുടെ വാദം അപ്പീല്‍ കോടതി തള്ളി.

അതേസമയം മാധ്യമപ്രവര്‍ത്തകര്‍, മനുഷ്യാവകാശ സംരക്ഷകര്‍, സര്‍ക്കാര്‍ നേതാക്കള്‍ എന്നിവര്‍ക്കെതിരെ എന്‍.എസ്.ഒ മാല്‍വെയറുകള്‍ ദുരുപയോഗം ചെയ്യുന്ന സാഹചര്യത്തില്‍ കോടതി നടപടി നിര്‍ണായകമാണെന്ന് വാട്ട്‌സ്ആപ്പ് വക്താവ് ജോഷ്വാ ബ്രെക്ക്മാന്‍ പറഞ്ഞു.

നേരത്തെ സ്വകാര്യതാ ലംഘനത്തിന്റെ പേരില്‍ യു.എസ് സര്‍ക്കാര്‍ എന്‍.എസ്.ഒ, കാന്‍ഡിരു എന്നിവയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Facebook Can Pursue Malware Lawsuit Against Pegasus Maker NSO Group: US Appeals Court