Advertisement
national news
ഒടുവില്‍ രാജാ സിംഗിനെ വിലക്കി ഫേസ്ബുക്ക്; വിവാദങ്ങള്‍ക്കൊടുവില്‍ വിദ്വേഷ പ്രസംഗത്തില്‍ നടപടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Sep 03, 07:39 am
Thursday, 3rd September 2020, 1:09 pm

ന്യൂദല്‍ഹി: വിദ്വേഷ പ്രസ്താവന നടത്തിയ ബി.ജെ.പി എം.എല്‍.എ ടി രാജാസിംഗിനെ ഫേസ്ബുക്ക് നീക്കം ചെയ്തു. ടി രാജാ സിംഗിന്റെ പ്രസ്താവന ഫേസ്ബുക്കിന്റെ നയങ്ങള്‍ക്കെതിരാണെന്ന് കാണിച്ചാണ് നടപടി.

ഫേസ്ബുക്ക് ഇന്ത്യ ഭരണകക്ഷിയായ ബി.ജെ.പിയോട് അനുഭാവം കാണിക്കുകയാണെന്ന ആരോപണങ്ങള്‍ പുകയുന്നതിനിടെ കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ഇന്ത്യാ മേധാവിയോട് ഐ.ടി സമിതി ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കം.

‘ഫേസ്ബുക്കില്‍ ആക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതും അതില്‍ ഏര്‍പ്പെടുന്നതും ഞങ്ങളുടെ നയം ലംഘിക്കുന്ന നടപടിയായതിനാല്‍ ഞങ്ങള്‍ ടി. രാജാ സിംഗിനെ ഫേസ്ബുക്കില്‍ നിന്നും വിലക്കുന്നു,’ ഫേസ്ബുക്ക് വക്താവ് അറിയിച്ചു.

നിയമം ലംഘിച്ചവരെ കണ്ടെത്തുന്നതിനും വിലയിരുത്തുന്നതിനുമുള്ള പ്രക്രിയ വിപുലമാണെന്നും അത്തരം വിലയിരുത്തലിലൂടെയാണ് ടി. രാജാസിംഗിനെ നീക്കം ചെയ്യാനുള്ള തീരുമാനത്തിലെത്തിയതെന്നും വക്താവ് ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

ബി.ജെ.പി നേതാവ് ടി. രാജാ സിംഗിന്റെ വിദ്വേഷ പോസ്റ്റിനെതിരായ നടപടി ഒഴിവാക്കിയത് സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഫേസ്ബുക്ക് തങ്ങളുടെ മാനദണ്ഡങ്ങള്‍ തിരുത്തുന്നതായി കണ്ടെത്തിയത്.

റോഹിങ്ക്യകളും ബംഗ്ലാദേശികളുമായ അനധികൃത കുടിയേറ്റക്കാര്‍ രാജ്യം വിട്ട് പോയില്ലെങ്കില്‍ അവരെ വെടിവെച്ച് കൊല്ലണമെന്നായിരുന്നു രാജാസിംഗിന്റെ പ്രസ്താവന. അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ അവസാന കരട് പുറപ്പെടുവിച്ചതിന്റെ അടുത്ത ദിവസമായിരുന്നു രാജാസിംഗിന്റെ പ്രതികരണം.

അതേസമയം തനിക്ക് സ്വന്തമായി ഫേസ്ബുക്ക് അക്കൗണ്ട് ഇല്ല. നിരവധി പേര്‍ തന്റെ പേരില്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതിനാല്‍ ഫേസ്ബുക്കില്‍ തന്റെ പേരില്‍ വരുന്ന പോസ്റ്റുകള്‍ക്ക് താന്‍ ഉത്തരവാദിയല്ലെന്ന് രാജാ സിംഗ് പറഞ്ഞിരുന്നു.

ഫേസ്ബുക്ക് ഇന്ത്യക്കെതിരെയുള്ള റിപ്പോര്‍ട്ട് പുറത്തുവന്നതിനുപിന്നാലെ വാട്സ് ആപ്പിനെതിരേയും ആരോപണം ഉയര്‍ന്നുവന്നിരുന്നു. ബി.ജെ.പി വാട്സ് ആപ്പ് ബന്ധത്തെക്കുറിച്ച് ടൈം മാഗസിന്റെ റിപ്പോര്‍ട്ടാണ് പുറത്തുവന്നത്.

വാള്‍സ്ട്രീറ്റ് ജേര്‍ണലാണ് വിദ്വേഷ പ്രചരണ പോസ്റ്റുകളില്‍ നടപടിയെടുക്കാനുള്ള മാനദണ്ഡങ്ങള്‍ ബി.ജെ.പി നേതാക്കള്‍ക്കു വേണ്ടി ഫേസ്ബുക്ക് ഇന്ത്യ മാറ്റുന്നെന്ന് റിപ്പോര്‍ട്ട് പുറത്തു വിട്ടത്.

ഇതിന് പിന്നാലെ ഫേസ്ബുക്കിനേയും വാട് ആപ്പിനെയും വിമര്‍ശിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തുവന്നിരുന്നു. ജനാധിപത്യത്തിന് നേരെയുള്ള നാണംകെട്ട ആക്രമണമാണ് ഫേസ്ബുക്കും വാട്സ് ആപ്പും നടത്തുന്നതെന്നാണ് രാഹുല്‍ പറഞ്ഞത്.

ഒരു വിദേശ കമ്പിനി പോയിട്ട് പുറത്തുനിന്നുള്ള ഒരാളെപ്പോലും രാജ്യത്തിന്റെ വിഷയങ്ങളില്‍ ഇടപെടാന്‍ അനുവദിക്കാന്‍ പാടുള്ളതല്ലെന്നും സംഭവത്തെക്കുറിച്ച് ഉടനടി അന്വേഷിക്കുകയും കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ ശിക്ഷിക്കുകയും വേണമെന്നും രാഹുല്‍ ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യയിലെ ഫേസ്ബുക്ക് പക്ഷപാതിത്വത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും വിദ്വേഷ പ്രസംഗത്തിനെതിരെയുള്ള ഫേസ്ബുക്കിന്റെ നയങ്ങളെ അവഗണിച്ച് കൊണ്ട് മുസ്ലിം വിരുദ്ധത പറയാന്‍ ഫേസ്ബുക്കില്‍ അനുവദിക്കുന്നുണ്ടെന്നുമുള്ള
വാള്‍സ്ട്രീറ്റ് ജേര്‍ണലിന്റെ റിപ്പോര്‍ട്ടിന് പിന്നാലെ വന്ന ടൈംസ് മാഗസിന്റെ റിപ്പോര്‍ട്ട് ഫേസ്ബുക്കിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Facebook bans the bjp MLA over rising issue of hate speech