ഈ സമ്മറോടെ പാരീസ് സെന്റ് ഷെര്‍മാങ്ങുമായി കരാര്‍ അവസാനിക്കുന്ന ലയണല്‍ മെസിയെ സ്വന്തമാക്കാന്‍ പുതിയൊരു ക്ലബ്ബ് രംഗത്തുള്ളതായി ട്രാന്‍സ്ഫര്‍ വിദഗ്ദനും ഫുട്‌ബോള്‍ ജേണലിസ്റ്റുമായ ഫാബ്രീസിയോ റൊമോനോ. പുതിയ ക്ലബ്ബ് മെസിയെ സ്വന്തമാക്കാനുള്ള സാധ്യതകള്‍ പരിശോധിക്കുന്നുണ്ടെന്നും എന്നാല്‍ അതേത് ക്ലബ്ബാണെന്ന് വെളിപ്പെടുത്തില്ല എന്നുമാണ് റൊമാനോ പറയുന്നത്.
‘മറ്റൊരു ക്ലബ്ബ് കൂടി മെസിയെ സ്വന്തമാക്കാനുള്ള സാധ്യതകള്‍ പരിശോധിക്കുന്നുണ്ട്. ആ ക്ലബ്ബിന്റെ പേരോ? അവരത് രഹസ്യമാക്കി വെക്കാന്‍ ആഗ്രഹിക്കുന്നു’ റെഷാദ് റെഹ്‌മാനുമായുള്ള സംഭാഷണത്തിനിടെ റൊമാനോ പറഞ്ഞു.
ഈ സമ്മറോടെ പി.എസ്.ജി വിടുന്ന മെസിയുടെ ഭാവിയെ കുറിച്ചുള്ള ചര്‍ച്ചകളാണ് ഫുട്‌ബോള്‍ ലോകത്ത് സജീവമാകുന്നത്. മെസി തിരികെ ബാഴ്‌സയിലേക്കെത്തുമോ അതോ മറ്റേതെങ്കിലും ടീമുമായി കരാറിലെത്തുമോ എന്നാണ് ഫുട്‌ബോള്‍ ലോകം ഉറ്റുനോക്കുന്നത്.
ബാഴ്‌സലോണക്ക് പുറമെ സൗദി ക്ലബ്ബായ അല്‍ ഹിലാലാണ് മെസിയെ സ്വന്തമാക്കാനുള്ള ഓട്ടത്തില്‍ മുമ്പിലുള്ളത്. മെസിക്കായി വമ്പന്‍ ഓഫറാണ് അല്‍ ഹിലാല്‍ വെച്ചുനീട്ടിയതെന്നാണ് റിപ്പോര്‍ട്ട്.
ഫുട്‌ബോള്‍ ഇതിഹാസ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ അല്‍ നസറിലെത്തിയതോടെ അവരുടെ ചിരവൈരികളായ അല്‍ ഹിലാല്‍ മെസിയെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നു എന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. റൊണാള്‍ഡോയുടെ സൗദി പ്രവേശത്തിന് പിന്നാലെ മെസിയുടെ പേരിലുള്ള ജേഴ്‌സിയും മെര്‍ച്ചെന്‍ഡൈസുകളും അല്‍ ഹിലാല്‍ പുറത്തിറക്കിയിരുന്നു.
റൊണാള്‍ഡോക്ക് പിന്നാലെ മെസിയും സൗദിയിലെത്തുകയാണെങ്കില്‍ പുതിയ എല്‍ ക്ലാസിക്കോക്ക് തുടക്കമാകുമെന്നാണ് ആരാധകര്‍ പറയുന്നത്.
ലയണല്‍ മെസിയെ തങ്ങളുടെ ലീഗില്‍ കൊണ്ടുവരാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് എം.എല്‍.എസ് കമ്മീഷണറായ ഡോണ്‍ ഗാര്‍ബര്‍ ഇതിനോടകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മെസിയെ ടീമിലെത്തിക്കാന്‍ ലീഗ് നിയമങ്ങളില്‍ വിട്ടുവീഴ്ച വരുത്തിക്കൊണ്ട് മിയാമിയെ സഹായിക്കാനും ലീഗ് ഒരുക്കമാണ്.
Content highlight: Fabrizio Romano says another club is interested in signing Lionel Messi