മോദി പറഞ്ഞത് കോണ്‍ഗ്രസ് പ്രകടന പത്രികയിലുള്ള കാര്യങ്ങള്‍; പ്രധാനമന്ത്രിയുടെ വിദ്വേഷ പരാമര്‍ശത്തെ ന്യായീകരിച്ച് അമിത് ഷാ
national news
മോദി പറഞ്ഞത് കോണ്‍ഗ്രസ് പ്രകടന പത്രികയിലുള്ള കാര്യങ്ങള്‍; പ്രധാനമന്ത്രിയുടെ വിദ്വേഷ പരാമര്‍ശത്തെ ന്യായീകരിച്ച് അമിത് ഷാ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 22nd April 2024, 3:41 pm

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷ പരാമര്‍ശത്തില്‍ ന്യായീകരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോണ്‍ഗ്രസിന്റെ പ്രകടന പത്രികയിലുള്ള കാര്യങ്ങള്‍ തന്നെയാണ് നരേന്ദ്ര മോദി പറഞ്ഞതെന്നാണ് അമിത് ഷാ പറഞ്ഞത്.

ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പരിപാടിയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.’ മോദി പറഞ്ഞത് കോണ്‍ഗ്രസിന്റെ പ്രകടന പത്രികയിലുള്ള കാര്യങ്ങളാണ്. എല്ലാ വിഭാഗങ്ങളിലെയും പാവപ്പെട്ടവര്‍ക്ക് തുല്യ പരിഗണന നല്‍കുമെന്നാണ് ബി.ജെ.പിയുടെ നയം,’ അമിത് ഷാ പറ‍ഞ്ഞു.

രാജസ്ഥാനിലെ ബന്‍സ്വാരയില്‍ നടന്ന ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് യോഗത്തിലാണ് മോദിയുടെ വിദ്വേഷ പ്രസംഗം. രാജ്യത്തെ സമ്പത്തിന്റെ അവകാശികള്‍ മുസ്‌ലിങ്ങള്‍ ആണെന്നാണ് കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോള്‍ പറഞ്ഞതെന്നാണ് മോദിയുടെ പ്രസംഗം.

കൂടുതല്‍ കുട്ടികളെ പ്രസവിക്കുന്നവര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കും രാജ്യത്തിന്റെ സമ്പത്ത് കോണ്‍ഗ്രസ് വീതിച്ച് നല്‍കുമെന്നും മോദി പ്രസംഗത്തില്‍ പറഞ്ഞു. മോദിയുടെ പ്രസംഗം പെട്ടന്ന് തന്നെ വിവാദമാകുകയും ചെയ്തു.

സ്വതന്ത്ര ഇന്ത്യയിലെ ഒരു പ്രധാനമന്ത്രിയും ഇരിക്കുന്ന പദവി ഇത്രയും ഇടിച്ച് താഴ്ത്തിയിട്ടില്ലെന്നാണ് മോദിയുടെ വിദ്വേഷ പ്രസംഗത്തോട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതികരിച്ചത്.

പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാന്‍ ഒരുങ്ങിയിരിക്കുകയാണ് കോണ്‍ഗ്രസും സി.പി.ഐ.എമ്മും. ഒരു വിഭാഗത്തെ ആക്ഷേപിക്കുകയും ജനങ്ങള്‍ക്കിടയില്‍ വേര്‍തിരിവ് ഉണ്ടാക്കുന്നതുമാണ് പ്രസംഗമെന്ന് പ്രതിപക്ഷം ആരോപിച്ചു. ഒന്നാംഘട്ട വോട്ടെടുപ്പില്‍ തിരിച്ചടി നേരിടുമെന്നാണ് ഭയന്നാണ് വിദ്വേഷ പ്രസ്താവനയുമായി മോദി രംഗത്തെത്തിയതെന്ന് രാഷ്ട്രീയ നിരീക്ഷകരും ആരോപിച്ചു.

Content Highlight: What Modi said was in the Congress Manifesto; Amit Shah defends PM’s hate speech