വീട്ടു ജോലി എന്നതിനോടൊത്ത് പെണ്ണിനെ മാത്രം ചേര്‍ത്ത് വെക്കുന്ന ഒരു സമൂഹമാണിത്. കുടുംബം എന്ന സ്ഥാപനത്തെയും വീട് എന്ന കെട്ടിടത്തെയും നിലനിര്‍ത്തുന്ന, ചലിപ്പിക്കുന്ന, അതിന്റെ ചിട്ടവട്ടങ്ങളെയും ശീലങ്ങളെയും ക്രമത്തേയും പരിപാലിക്കാന്‍ ആവശ്യമായ ഊര്‍ജ്ജവും അധ്വാനവും പ്രതീക്ഷിക്കുന്നതും പെണ്ണില്‍ നിന്ന് മാത്രം. വീട്ട് ജോലികള്‍ പങ്കിടുകയോ ഏറ്റെടുക്കുകയോ ചെയ്യുന്ന പുരുഷന്‍ ചുണയില്ലാത്തവനും പെണ്‍കോന്തനും കൂടിയാകും.പുറത്ത് പോയി തൊഴില്‍ ചെയ്ത് ധനസമ്പാദനം നടത്തുന്ന പ്രക്രിയയില്‍ പങ്കാളിയായാലും വീടിനകത്ത് നല്‍കേണ്ട ധനമൂല്യമില്ലാത്ത അധ്വാനം സ്ത്രീയുടെ ചുമലില്‍ തന്നെയാണ്.
മധ്യവര്‍ഗ്ഗ ഉപരിവര്‍ഗ്ഗ കുടുംബങ്ങളിലെ സ്ത്രീകളുടെ വീട്ടധ്വാനത്തെ പങ്ക് വെക്കാനായാണ് പുറത്ത് നിന്നുള്ള ഒരാളുടെ സേവനം കൂടിയെടുക്കാന്‍ ആരംഭിക്കുന്നത്. മുഖ്യമായും അണുകുടുംബത്തിലെ ഗാര്‍ഹിക വേലകള്‍ പങ്കിടുന്ന ഈ ആളും പെണ്ണാകുന്നത് തന്നെയാണ് പഥ്യം. വീടിനകത്ത് വീട്ടിലെ സ്ത്രീയോട് ഇടപഴകി ജോലികള്‍ ചെയ്യേണ്ടതിനാലും, വീട്ട് ജോലികള്‍ ചെയ്യാനുള്ള പ്രാവീണ്യം സ്ത്രീകള്‍ക്കാണ് കൂടുതലെന്ന നാട്ടുനടപ്പ് ചിന്തക്ക് ബലമേറെയുള്ളതിനാലും പുരുഷന്‍മാര്‍ ഈ തൊഴിലില്‍ ഏര്‍പ്പെടാന്‍ തയ്യാറാകുന്നതും അവരെ ജോലിക്കെടുക്കുന്നതും വിരളമാണ്.
ലിംഗപരമായി മാത്രമല്ല വര്‍ഗ്ഗപരമായും ജാതിപരമായും ഗാര്‍ഹിക തൊഴിലില്‍ ഏര്‍പ്പെടാന്‍ മാറ്റിവെക്കപ്പെട്ട വിഭാഗങ്ങളുണ്ട്. ചില മലയാള സിനിമകളില്‍ കാണുന്ന മോഡേണ്‍ ഡ്രസ്സിട്ട് മേക്കപ്പുലയാതെ വീട്ടുകാരോട് ആജ്ഞാപൂര്‍വ്വം പെരുമാറുന്ന വെളുത്ത കഥാപാത്രങ്ങളെയൊന്നും ഇന്നും ഗാര്‍ഹിക തൊഴിലാളിയായി കണ്ട് കിട്ടാന്‍ ഇടയില്ല. ദളിതരും ആദിവാസികളും പിന്നോക്കക്കാരുമായ സ്ത്രീകളാണ് ഇന്ത്യയില്‍ വീട്ടുവേലക്കാരാകുന്നതില്‍ സിംഹഭാഗവും.
ഉദാരവല്‍ക്കരണാനന്തര ഇന്ത്യയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണത്തില്‍ 120 ശതമാനത്തോളം വര്‍ധനവ് ഉണ്ടായിട്ടുണ്ട്. അന്താരാഷ്ട്ര തൊഴിലാളി സംഘടനയുടെ കണക്കനുസരിച്ച് ഇന്ത്യയില്‍ നാല്‍പത് ലക്ഷത്തോളം പേരാണ് ഈ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. നിയതമായ തൊഴില്‍ സമയമോ, സ്ഥിരമായ തൊഴില്‍ ധാതാവോ ഇല്ലാത്ത, വീട് തന്നെ തൊഴിലിടമായി മാറുന്ന സവിശേഷതകളാണ് ഈ ജോലിക്കുള്ളത്. അസംഘടിത മേഖലയായത് കൊണ്ട് തന്നെ കൃത്യമായ മേല്‍നോട്ടമോ നിയമപരിരക്ഷയോ ഇല്ല.അത് കൊണ്ട് തന്നെ തൊഴില്‍ ചൂഷണവും ശാരീരിക മാനസിക ചൂഷണങ്ങളും എല്ലാം ഇഷ്ടം പോലെ നടക്കുന്നുണ്ട്. മിനിമം വേതനമോ, ക്ഷേമ പദ്ധതികളോ, ഇന്‍ഷുറന്‍സ് സൗകര്യങ്ങളോ ഒന്നും ബാധകമല്ല എന്ന അവസ്ഥ കൂടിയുണ്ട്.
അമ്പത് രുപ മുതല്‍ ദിവസക്കുലിക്ക് വീടുകളില്‍ ജോലി ചെയ്യുന്നവരെ കേരളത്തില്‍ കാണാം. നഗരങ്ങളില്‍ പുറത്ത് പോയി തൊഴില്‍ ചെയ്യുന്ന സ്ത്രീകളുടെ എണ്ണം കൂടുകയും ഗാര്‍ഹിക ജോലികള്‍ക്കായി ലഭിക്കുന്ന സഹായികളെ കണ്ടെത്തല്‍ ദുര്‍ഘടമാകുകയും ചെയ്യുന്നത് കൊണ്ട് മെച്ചപ്പെട്ട വിലപേശല്‍ ശേഷിയുണ്ട്. ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലും സ്ഥിതി മോശമാണ്.
ദിവസം മുഴുവനോ മണിക്കൂര്‍ കണക്കിനോ ആണ് പലരും സേവനം നല്‍കുന്നത്. രണ്ട് മണിക്കൂര്‍ കൊണ്ട് ശ്വാസം വിടാതെ ഒരു വീട്ടിലെ സകല ജോലിയും തീര്‍ക്കുക എന്നതൊരു ഹെര്‍ക്കുലിയന്‍ ടാസ്‌ക്കിനെ പറ്റി ഓര്‍ത്ത് നോക്കു. രണ്ട് മണിക്കൂര്‍ ജോലിക്ക് നൂറോ നൂറ്റമ്പതോ രുപയാകും ഒരു വീട്ടില്‍ നിന്ന് ലഭിക്കുക. എന്നാല്‍ ഈ സമയം കൊണ്ട് വിശ്രമമില്ലാതെ ചെയ്ത് തീര്‍ക്കേണ്ട ജോലിയുടെ ഭാരം വളരെ കൂടുതലാണ്.
പല വീടുകളിലും ഒന്നിടവിട്ട ദിവസങ്ങളിലേക്കായും സഹായിയെ എടുക്കും. അതായത് രണ്ട് ദിവസത്തെ മുഴുവന്‍ തുണി അലക്കുക, പാത്രം കഴുകുക, അന്നത്തേക്കും പിറ്റേ ദിവസത്തേക്കും ആവശ്യമായ ഭക്ഷണ സാധനങ്ങള്‍ ഒരുക്കി വെക്കുക, തറ വൃത്തിയാക്കുക തുടങ്ങിയവയൊക്കെ. രണ്ട് ദിവസത്തെ ജോലി ചെയ്യിപ്പിച്ച് ഒരു ദിവസത്തെ കൂലി കൊടുക്കാം. എങ്ങനെ നോക്കിയാലും വീട്ടുടമക്ക് ലാഭമാണ്.
വീടിനകത്ത് ചെയ്യേണ്ട ജോലികള്‍ സ്‌കില്‍ ആവശ്യമുള്ള ഒന്നായി നമ്മളിതു വരെ കണ്ടിട്ടില്ല. തലച്ചോറും ശരീരവും പ്രവൃത്തിക്കാതെ ആയാസ രഹിതമായി ജന്മനാ കിട്ടുന്ന ഏതോ ശേഷി കൊണ്ട് പെണ്ണുങ്ങള്‍ക്ക് ചെയ്ത് പോകാവുന്ന ഒന്നായാണ് ഈ പ്രവൃത്തികളെ പരിഗണിക്കുന്നത്. സ്വന്തം വീട്ടില്‍ ചെയ്യുമ്പോള്‍ കിട്ടുന്ന അവഗണനയും ലാഘവത്വവും തന്നെയാണ് ഗാര്‍ഹിക തൊഴിലാളി എന്ന സ്വത്വത്തില്‍ നില്‍ക്കുമ്പോഴും ഈ ജോലിയോടുള്ളത്.
ഒരു തൊഴിലിടത്തില്‍ ബുദ്ധിയും കായിക ശേഷിയം ഉപയോഗപ്പെടുത്തി തക്കതായ പ്രതിഫലം വാങ്ങി നാം ചെയ്യുന്ന ജോലികളോളം തന്നെ കഴിവും ഊര്‍ജ്ജവും ശേഷിയും ആവശ്യമുള്ളതാണ് വീടിനകത്ത് ചെയ്യുന്ന കാര്യങ്ങളും. സാമ്പാറുണ്ടാക്കലും, തുണി ഇസ്തിരിയിടലും, നിലം വൃത്തിയാക്കലുമൊക്കെ അവയില്‍ യാതൊരു മുന്‍പരിചയോമോ അറിവോ ഇല്ലാത് ഒരാളെ കൊണ്ട് ചെയ്യിപ്പിച്ച് നോക്കൂ. വീട്ടിലെ പുരുഷന്മാരെ കൊണ്ട് തന്നെയാകട്ടെ. വ്യത്യാസം അറിയാം.
ഗാര്‍ഹിക തൊഴില്‍ മേഖലയിലെ ഒരു തൊഴിലാളി നേരിടുന്ന ഏറ്റവും വലിയ ഭീഷണി അസ്ഥിരമായ തൊഴിലാണ്. ഏത് നിമിഷവും പിരിച്ചു വിട്ടേക്കാവുന്ന തൊഴിലിടം. ചെറിയ തോതിലുള്ള അസംതൃപ്തി തന്നെ തൊഴില്‍ നഷ്ടത്തിലേക്ക് നയിക്കാമെന്നത് കൊണ്ട് തന്നെ കൂലി കൂട്ടി ചോദിക്കലോ ജോലിഭാരം കുറക്കാനുള്ള അഭ്യര്‍ത്ഥനയോ ഒക്കെ ആ ഭീഷണിയില്‍
നിശബ്ദമായേക്കും. ഒരാള്‍ പോകുന്ന മാത്രയില്‍ അതിലും കുറഞ്ഞ വേതനത്തില്‍ മറ്റൊരാളെ ലഭിക്കുന്ന തരത്തില്‍ അസംഘടിതരാണ് തൊഴിലാളികള്‍ എന്നതും ചൂഷണത്തിന് ആക്കം കൂട്ടുന്നു.
ഏതെങ്കിലും തരത്തില്‍ സംഘടിക്കാനുള്ള ശ്രമങ്ങളെല്ലാം മുളയിലേ നുള്ളാന്‍ പാകത്തില്‍ സംഘടിതരാണ് തൊഴില്‍ ധാതാക്കള്‍ അഥവാ വീട്ടുടമകള്‍ എന്നതാണ് വസ്തുത. റസിഡന്റ്‌സ് അസോസിയേഷനുകളുടെ കൂട്ടായ തീരുമാനങ്ങളാണ് പലയിടത്തും ഗാര്‍ഹിക തൊഴിലാളികളുടെ വേതനത്തെ നിശ്ചയിക്കുന്നത്. ഒരു നിശ്ചിത തുകക്ക് മേലെ വേതനം ഒരു പ്രദേശത്ത് എവിടേയും ലഭിക്കാതിരിക്കുകയും അത് വഴി കുറഞ്ഞ കൂലിക്ക് ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുകയും ചെയ്യുന്നു.
കേന്ദ്രീകൃതവും സ്ഥിരവുമായ ഒരു തൊഴിലിടം അല്ലാതിരിക്കുകയും അത് തന്നെ മറ്റൊരാളുടെ വീട് ആകുകയും ചെയ്യുന്ന സവിശേഷ സാഹചര്യം സംഘടിതമായി അവകാശ മുന്നേറ്റങ്ങള്‍ നടത്തുന്നതില്‍ നിന്നും തടയുന്ന ഘടകമാണ്. തൊഴില്‍ സമയത്തിന്റെ വ്യത്യസ്തതകളും വീട്ടുടമകളുടെ നിരീക്ഷണവും മൂലം അടുത്ത വീട്ടില്‍ ജോലി ചെയ്യുന്ന ആളെ കാണാനോ ഇടപഴകാനോ തൊഴിലാളികള്‍ക്ക് സാധ്യമാകാറില്ല. സ്ത്രീകളുടെ രാഷ്ട്രീയമായ ഇടപെടലുകളെയും സംഘടിക്കലിനേയും പ്രോത്സാഹിപ്പിക്കാത്ത തരം കുടുംബ വ്യവസ്ഥയില്‍ നിന്നാണ് വരുന്നത് എന്ന് കൂടിയിരിക്കെ ഗാര്‍ഹിക തൊഴില്‍ മേഖലയിലെ ചൂഷണങ്ങള്‍ നിര്‍ഭാതം തുടരുന്നു.
തൊഴില്‍ നിയമങ്ങളുടെ സംരക്ഷണത്തിന് കീഴിലാക്കാനോ ലംഘനങ്ങളെ തടയാനോ
സംഘടിതമായ മുന്നേറ്റങ്ങള്‍ ആവശ്യമാണ്. മിനിമം കൂലി, അധിക സമയത്തിന് കൂലി, മറ്റ് ആനുകൂല്യങ്ങള്‍, പിരിച്ചു വിടുന്നതിലെ നിബന്ധനകള്‍ തുടങ്ങിയവയൊക്കെ ഒരു പ്രത്യേക നിയമത്തിന്റെ കീഴിലാക്കേണ്ടിയിരിക്കുന്നു. നിലവില്‍ ഗാര്‍ഹിക തൊഴിലാളി സംരക്ഷണ ബില്‍ നിയമമായി പാസ്സായിട്ടില്ല. ഭൂരിഭാഗവും സ്ത്രീകള്‍ ആണെന്നിരിക്കെ തൊഴിലിടത്തെ ലിംഗപരമായ അതിക്രമങ്ങള്‍ കൈകാര്യം ചെയ്യുന്ന നിയമത്തിന്റെ ഗുണം ലഭിക്കും വിധം അവബോധം സൃഷ്ടിക്കുകയും വേണം. നിലവില്‍ കേരളത്തില്‍ സാമൂഹ്യ ക്ഷേമ വകുപ്പിന്റെ കീഴില്‍ ക്ഷേമനിധികള്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്കായുണ്ട്. പെന്‍ഷന്‍, പ്രസവത്തിനും മക്കളുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനും സാമ്പത്തിക സഹായം തുടങ്ങിയ ആനുകൂല്യങ്ങള്‍ ഇത് വഴി ലഭിക്കുന്നുണ്ട്. എന്നാല്‍ രാഷ്ട്രീയമായ ഒരു മുന്നേറ്റം വഴിയേ ദീര്‍ഘ കാലാടിസ്ഥാനത്തില്‍ മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങളും വേതനവും നേടാനാകൂ.
ഇത്രയധികം മുഴുവന്‍ സമയ തൊഴിലാളികള്‍ ഉള്ള മേഖലയായിരുന്നിട്ട് കൂടി മുഖ്യധാര തൊഴിലാളി പ്രസ്ഥാനങ്ങള്‍ ഇവരുടെ ട്രേഡ് യൂണിയനുകള്‍ സ്ഥാപിച്ചിട്ടില്ല. അഖിലേന്ത്യാ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സെല്‍ഫ് എംപ്‌ളോയ്ഡ് വിമന്‍സ് ഓര്‍ഗനൈസേഷനാണ് ഈ മേഖലയില്‍ ഏതെങ്കിലും തരത്തിലുള്ള ഇടപെടലുകള്‍ നടത്തി വരുന്നത്.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന, ജാതിശ്രേണിയില്‍ താഴെയുള്ളവരും മറ്റ് ന്യൂനപക്ഷങ്ങളുമാണ് കുടിയേറ്റക്കാരുമാണ് ഗാര്‍ഹിക തൊഴില്‍ തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കപ്പെടുന്നത് എന്നിരിക്കെ വിവേചനങ്ങളും അവഗണനകളും വര്‍ധിക്കുന്നു. അത് കൊണ്ടാണ് വീടുകളില്‍ മോഷണം നടന്നാല്‍ ആദ്യത്തെ സംശയം സഹായത്തിനെത്തുന്ന സ്ത്രീയിലേക്ക് നീളുന്നത്. എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലൂം ഭക്ഷണം പാകം ചെയ്യുന്നത് മാത്രം വീട്ടിലെ സ്ത്രീ തന്നെ ചെയ്താല്‍ മതിയെന്ന് തീരുമാനിക്കുന്നത്. സാമൂഹികമായി അംഗീകാരം കുറവുള്ള, രണ്ടാം തരമായി കരുതുന്ന മിക്ക ജോലികളും എന്ന പോലെ “വൃത്തിയും വിശ്വാസ്യതയും” തികഞ്ഞതെന്ന് പൊതുബോധം സമ്മതിക്കുന്ന സവര്‍ണ്ണ സ്ത്രീകള്‍ ഈ തൊഴില്‍ മേഖലയില്‍ വളരേ ചെറിയ ശതമാനം ആണ്.
അംഗീകാരമുള്ള, ദൃശ്യതയുള്ള തൊഴിലാണെന്ന ബോധ്യപ്പെടലും അവകാശങ്ങളെ കുറിച്ചുളള്ള ഉത്കണ്ഠയും സാധ്യമാക്കും വിധം ഒരുമിച്ച് നില്‍ക്കുക എന്നതാണ് ഗാര്‍ഹിക തൊഴിലാളികളുടെ നിലവിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം. മിനിമം കൂലിയില്ലാതെ തൊഴില്‍ ചെയ്യാന്‍ തയ്യാറാകാതിരിക്കുകയും അധികം സമയത്തിന് കൃത്യമായ കൂലി ആവശ്യപ്പെടുകയും വേണം. ആഴ്ചയിലെ അവധിയും പ്രസവാവധിയും അസുഖാവധിയും ലഭ്യമാകണം. ലൈംഗികമായ ചൂഷണങ്ങളെയും ശാരീരിക പീഡനങ്ങളെയും നിയമപരമായി നേരിടണം. ഇതിനെല്ലാം ആവശ്യമായ നിയമനിര്‍മ്മാണം നടത്താനും അത് നടപ്പിലാക്കാനുമുള്ള സംഘടിത ശബ്ദമുയരണം.
പഴകിയ ഭക്ഷണം നല്‍കി യന്ത്രങ്ങളുടെയൊന്നും സഹായമില്ലാതെ കുറഞ്ഞ കൂലിക്ക് പണിയെടുപ്പിക്കുന്ന അടിമ സമ്പ്രദായം ഏതായാലും ഒരു പരിഷ്‌കൃത സമൂഹത്തില്‍ നിന്ന് തുടച്ചു മാറ്റേണ്ടതുണ്ട്. വേലക്കാരി ഉണ്ടെങ്കില്‍ അമ്മിയിലരക്കുന്നതിന്റെ ഗൃഹാതുരത്വവും കല്ലിലടിച്ച് അലക്കുന്നതിന്റെ വെണ്‍മയും വിറകടുപ്പില്‍ വേവുന്ന രുചിയും പെട്ടെന്ന് ഓര്‍മ വരുന്ന തരം ലാഭേച്ഛയുണ്ട് ചിലര്‍ക്ക്. കുടുംബത്തിലുള്ളവര്‍ എയര്‍കണ്ടീഷന്‍ ഉപയോഗിച്ചാലും ഉയരാത്ത ഇലക്ട്രിസിറ്റി ബില്‍ ജോലിക്കെത്തുന്ന സ്ത്രീ മിക്‌സിയോ ഗ്രൈന്‍ഡറോ ഉപയോഗിക്കുമ്പോള്‍ മാത്രം കുതിക്കുമെന്ന ആശങ്കയും. അടിക്കുന്നതിനും തുടയ്ക്കുന്നതിനുമാണോ ഈ കാണുന്ന പൈസ എല്ലാം കൊടുക്കേണ്ടത് എന്ന വേവലാതി ഒരു പാട് കൂടുന്നവര്‍ ഒന്ന് രണ്ട് ദിവസമൊക്കെ സ്വയം ചെയ്യാന്‍ ശ്രമിച്ചു നോക്കുന്നത് നന്നാകും. തീര്‍ച്ചയായും മറ്റേത് തൊഴിലും പോല് തന്റ് കഴിവനുസരിച്ച് നന്നായി ചെയ്യുന്ന അതിന് വേണ്ട പണം കൊടുക്കണ്ട ഒന്നാണ്
ഡൊമസ്‌ററിക് ഹെല്‍പ്പ്. അവിടെ തൊഴിലുടമ ആകുന്ന ഓരോരുത്തര്‍ക്കും ചൂഷകന്റെ വേഷം അണിയാതിരിക്കാനുള്ള ബാധ്യതയുണ്ട്.