D' Election 2019
പ്രധാനമന്ത്രിപദം തീരുമാനിക്കാനുള്ള യോഗം വീണ്ടും മാറ്റി; മായാവതി ഇപ്പോള്‍ രാഹുലിനെ കാണില്ല; എക്‌സിറ്റ് പോളുകള്‍ പ്രതിപക്ഷത്തിന് ആശങ്കയാവുന്നു
ന്യൂദല്‍ഹി: എന്‍.ഡി.എയ്ക്ക് അനുകൂലമായി എക്‌സിറ്റ് പോളുകള്‍ പുറത്തുവന്നതിനെത്തുടര്‍ന്നു പ്രതിപക്ഷ കക്ഷികള്‍ക്കിടയിലെ ആശങ്ക മറനീക്കി പുറത്തുവരുന്നു. ഇന്നു ദല്‍ഹിയില്‍ വെച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയെയും കാണാനിരുന്ന മായാവതി അതു റദ്ദാക്കിയാണ് അതിനു തുടക്കമിട്ടത്.
വോട്ടെണ്ണല്‍ നടക്കുന്ന മെയ് 23-നുശേഷം കൂടിക്കാഴ്ച നടത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് ഇപ്പോള്‍ മായാവതി പറയുന്നത്. ഫലം വരുന്നതിന് മുന്‍പ് യാതൊരു കൂടികാഴ്ച്ചകള്‍ക്കും മായാവതി തയ്യാറല്ലെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നെങ്കിലും സോണിയയും രാഹുലുമായുള്ള കൂടികാഴ്ച നടക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. പലപ്പോഴും മായാവതി കോണ്‍ഗ്രസിനെ കടന്നാക്രമിക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും അത് ഗാന്ധി കുടുംബത്തിനെതിരെയുള്ള നേരിട്ടുള്ള ആക്രമമായിരുന്നില്ല എന്നതിനാല്‍ കൂടിക്കാഴ്ചയ്ക്കുള്ള സാധ്യതകള്‍ സജീവമായി നിലനിന്നിരുന്നു.
അതേസമയം പ്രതിപക്ഷകക്ഷികള്‍ അധികാരത്തിലെത്തിയാല്‍ ആരാകണം പ്രധാനമന്ത്രി എന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നതിനുള്ള യോഗം നാളെയായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീടത് 22-ലേക്കു മാറ്റി. അതിനുശേഷം വോട്ടെണ്ണല്‍ നടക്കുന്ന മെയ് 23-നായി മാറ്റിനിശ്ചയിച്ചു. എന്നാല്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വന്നതോടെ അത് മെയ് 24-ലേക്കു മാറ്റിയിട്ടുമുണ്ട്. മെയ് 23-ലെ യോഗത്തില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ഥിച്ച് ബി.ജെ.ഡി, വൈ.എസ്.ആര്‍.സി.പി, ടി.ഡി.പി, ടി.ആര്‍.എസ് തുടങ്ങിയ പാര്‍ട്ടികള്‍ക്ക് യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി കത്തയച്ചിരുന്നു.
രണ്ടുദിവസം മുന്‍പ് ടി.ഡി.പി നേതാവ് എന്‍. ചന്ദ്രബാബു നായിഡു പ്രതിപക്ഷകക്ഷി നേതാക്കളുമായി തകൃതിയായി ചര്‍ച്ച നടത്തിയിരുന്നു. രാഹുലുമായി ദല്‍ഹിയില്‍ ചര്‍ച്ച നടത്തിയശേഷം ഉടന്‍ തന്നെ ലഖ്‌നൗവിലേക്കു തിരിച്ച നായിഡു അവിടെവെച്ച് എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവിനെയും മായാവതിയെയും പ്രത്യേകം കണ്ടു. അതിനിടെ എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറുമായും ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിനെയും അദ്ദേഹം കണ്ടു. സോണിയയുമായും കൂടിക്കാഴ്ച നടത്തി. ഇത്രയധികം ചര്‍ച്ചകളും കൂടിക്കാഴ്ചകളും അതിവേഗം നടന്നുകൊണ്ടിരുന്ന സാഹചര്യത്തില്‍ നിന്നാണ് എക്‌സിറ്റ് പോളിനുശേഷം കാര്യങ്ങള്‍ മന്ദഗതിയിലായത്.
ഇന്നലെ പുറത്തു വന്ന വിവിധ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രകാരം കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ തന്നെ വീണ്ടും അധികാരത്തില്‍ എത്തുമെന്നും കേരളത്തില്‍ യു.ഡി.എഫിന് വിജയം എന്നുമായിരുന്നു പ്രവചനം. കഴിഞ്ഞ തവണ ബി.ജെ.പി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയതിന് സമാനമായ ഫലമാണ് ഇപ്പോള്‍ എക്സിറ്റ് പോള്‍ ഫലങ്ങളെല്ലാം പ്രവചിക്കുന്നത്.
ഇന്ത്യാ ടുഡെയാണ് ഏറ്റവുമധികം സീറ്റുകളില്‍ ബിജെപിക്കും എന്‍ഡിഎയ്ക്കും വിജയം പ്രവചിക്കുന്നത്. 365 സീറ്റ് വരെ എന്‍.ഡി.എ നേടിയേക്കാമെന്ന് അവര്‍ പറയുന്നു. 108 സീറ്റില്‍ യു.പി.എയും 69 സീറ്റില്‍ മറ്റുള്ളവരും വിജയിക്കുമെന്നാണ് ഇന്ത്യ ടുഡെ പുറത്തുവിട്ട ഫലം.
സി.എന്‍.എന്‍ ന്യൂസ് 18 എന്‍.ഡി.എക്ക് 336 സീറ്റുകളും യു.പി.എക്ക് 82 സീറ്റും മറ്റുള്ളവര്‍ക്ക് 124 സീറ്റുമാണ് പ്രവചിച്ചത്.
ടൈംസ് നൗ പുറത്തുവിട്ട എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രകാരം 306 സീറ്റുകളാണ് എന്‍.ഡി.എക്ക് ലഭിക്കുക. 132 സീറ്റ് കോണ്‍ഗ്രസിന് പ്രവചിക്കുമ്പോള്‍ 104 സീറ്റുകളാണ് മറ്റ് പാര്‍ട്ടികള്‍ക്ക് പ്രവചിക്കുന്നത്.
റിപ്പബ്ലിക് ചാനലിന്റെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രകാരം 287 സീറ്റിലാണ് എന്‍.ഡി.എ വിജയിക്കാന്‍ സാധ്യതയുള്ളത്. യു.പി.എക്ക് 128 സീറ്റ് വരെ കിട്ടാം. മറ്റ് പാര്‍ട്ടികളും 127 സീറ്റ് വരെ വിജയിക്കാമെന്നും അവര്‍ പറയുന്നു.
ന്യൂസ് എക്സ് 298 സീറ്റില്‍ എന്‍.ഡി.എയ്ക്കും 118 സീറ്റില്‍ യു.പി.എയക്കും 126 സീറ്റില്‍ മറ്റ് പാര്‍ട്ടികള്‍ക്കും വിജയം പ്രവചിക്കുന്നു.
എബിപി ന്യൂസാണ് ഇന്ത്യയില്‍ ഒരു മുന്നണിക്കും ഭൂരിപക്ഷം ലഭിക്കില്ലെന്ന് പ്രവചിച്ചിരിക്കുന്നത്. എന്‍.ഡി.എക്ക് 267 സീറ്റ് മാത്രമേ ലഭിക്കൂവെന്നും യു.പി.എയ്ക്ക് 127 സീറ്റ് വരെ മാത്രമേ ലഭിക്കൂവെന്നും മറ്റുള്ളവര്‍ 148 സീറ്റിലും വിജയിക്കുമെന്നും ഇവര്‍ പ്രവചിക്കുന്നു.