Exclusive Interview: 'സൂപ്പര്‍ സ്റ്റാര്‍ എന്ന് കേള്‍ക്കാനല്ല നല്ല ഒരു നടിയെന്ന് കേള്‍ക്കാനാണ് താല്‍പര്യം'; ഉര്‍വശി മനസുതുറക്കുന്നു
Film Interview
Exclusive Interview: 'സൂപ്പര്‍ സ്റ്റാര്‍ എന്ന് കേള്‍ക്കാനല്ല നല്ല ഒരു നടിയെന്ന് കേള്‍ക്കാനാണ് താല്‍പര്യം'; ഉര്‍വശി മനസുതുറക്കുന്നു
അശ്വിന്‍ രാജ്
Wednesday, 18th November 2020, 11:23 am

2020ല്‍ ഏറ്റവും കൈയ്യടി നേടിയ താരം ആരാണെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേ ഉള്ളു, ഉര്‍വശി. വര്‍ഷത്തിന്റെ തുടക്കത്തില്‍ ‘വരനെ ആവശ്യമുണ്ട്, പുത്തംപുതുകാലൈ, സൂരരൈ പോട്ര്, ഏറ്റവും അവസാനം മൂക്കുത്തി അമ്മന്‍, ഈ ചിത്രങ്ങളില്‍ എല്ലാം തന്നെ മികച്ച പ്രകടനമാണ് ഉര്‍വശി നടത്തിയത്.

കോമഡിയും ഇമോഷണല്‍ രംഗങ്ങളും തന്മയത്തോടെ അവതരിപ്പിച്ച ഉര്‍വശിയെ പ്രശംസിച്ച് സോഷ്യല്‍ മീഡിയയും രംഗത്ത് എത്തിയിരിക്കുകയാണ്. ദി റിയല്‍ സൂപ്പര്‍ സ്റ്റാര്‍ എന്നാണ് ഉര്‍വശിയെ സോഷ്യല്‍ മീഡിയ വിശേഷിപ്പിക്കുന്നത്.

തന്റെ പുതിയ ചിത്രങ്ങളെ കുറിച്ചും സിനിമാ ജീവിതത്തെ കുറിച്ചും ഡൂള്‍ന്യൂസിന് ഉര്‍വശി നല്‍കിയ പ്രത്യേക അഭിമുഖം

സോഷ്യല്‍ മീഡിയ മുഴുവന്‍ ഉര്‍വശിയാണ്, വരനെ ആവശ്യമുണ്ട്, പുത്തംപുതുകാലൈ, സൂരരൈ പോട്ര്, മൂക്കുത്തി അമ്മന്‍ ഒരോ സിനിമയിലെയും പ്രകടനങ്ങളെ കുറിച്ച് കിടിലന്‍ അഭിപ്രായങ്ങളാണ്, ഇതൊക്കെ ശ്രദ്ധിച്ചിരുന്നോ ?

സോഷ്യല്‍ മീഡിയയിലും ഫോണിലും അത്ര യൂസ്ഡ് അല്ല ഞാന്‍. ഈ ലോക്ക്ഡൗണ്‍ കാലത്താണ് ഞാന്‍ അതിനോട് യൂസ്ഡ് ആവുന്നത്. കഴിഞ്ഞ ഒന്ന് രണ്ട് ദിവസമായി ഞാന്‍ ഇരുന്ന് ഒരോന്നും വായിക്കുന്നുണ്ട്. നമ്മളെ കുറിച്ച് ആളുകള്‍ ഇരുന്ന് എഴുതുന്നതും പറയുന്നതും നമ്മള്‍ വായിച്ചിരിക്കണമല്ലോ. സത്യം പറഞ്ഞാല്‍ വലിയ അതിശയമാണിത്. ഒരോ ചിത്രവും റിലീസായി അധികം ദിവസം ആവുന്നതിന് മുമ്പ് കാണുകയും അഭിപ്രായം പറയുകയും ചെയ്യുന്നത്.

തിയേറ്റര്‍ റിലീസിനേക്കാള്‍ കൂടുതല്‍ ആളുകള്‍ക്ക് ഇപ്പോള്‍ സിനിമ കാണാന്‍ പറ്റിയിട്ടുണ്ട്. തിയേറ്റര്‍ റിലീസിന്റെ സമയത്ത്, ഒരോ ദിവസം ഒരോ ദിവസമായിരുന്നല്ലോ അഭിപ്രായങ്ങള്‍ വന്നിരുന്നത്. ഇത് സിനിമ വന്ന് ഒന്ന് രണ്ട് ദിവസത്തിനുള്ളില്‍ തന്നെ ഇത്രയും റിയാക്ഷന്‍ വരുന്നത് എനിക്ക് ആദ്യ അനുഭവമാണ്.

നാല് സിനിമകളിലും നാല് വ്യത്യസ്ത കഥാപാത്രങ്ങളായിരുന്നു, ഇതില്‍ തന്നെ സുരരൈ പോട്രിലെ അമ്മയെ കണ്ട് മൂക്കുത്തി അമ്മനിലെ അമ്മയെ കാണുമ്പോ തികച്ചും വ്യത്യസ്തമാണ്…

ഒത്തിരി സന്തോഷം ഉണ്ട് ഇത് കേള്‍ക്കുമ്പോള്‍. പക്ഷേ നമ്മള്‍ അഭിനയിക്കുമ്പോള്‍ ഇത്തരം കാര്യങ്ങളൊന്നും നമ്മടെ ഉള്ളിലേക്ക് വരാറില്ല. നമ്മുടെ മുന്നിലുള്ള ഡയറകടര്‍ ഒ.കെ പറയണം അത്രയേ ഉള്ളു. ഒരോ സംവിധായകര്‍ക്കും ഒരോ ആറ്റിറ്റിയൂഡ് ആയിരിക്കും. ഇപ്പോള്‍ സുരരൈ പോട്രിന്റെ സംവിധായിക സുധാ കൊങ്കാരയുടെ ആറ്റിറ്റിയൂഡ് അല്ല മൂക്കുത്തി അമ്മന്റെ സംവിധായകന്‍ ആര്‍.ജെ ബാലാജിക്ക് ഉള്ളത്.

ബാലാജിക്ക് അദ്ദേഹത്തിന്റെതായ ഒരു സ്റ്റെല്‍ ഉണ്ട്. അതുപോലെ വേണം അഭിനയിക്കാന്‍, ഡയലോഗ് ഡെലിവറിയില്‍ ഹ്യൂമര്‍ വേണം. പക്ഷേ സുധയുടെത് വേറെ ഒരു രീതിയാണ്. നമ്മളെ സംബന്ധിച്ചിടത്തോളം ഈ സിനിമകള്‍ ഒക്കെ ചെയ്യുമ്പോ ലോക്ക്ഡൗണോ ഒ.ടി.ടി റിലീസോ ഒന്നും മനസിലുണ്ടായിരുന്നില്ല. സാധാരണ എല്ലാ സിനിമകളും ചെയ്യുന്ന പോലെ ചെയ്തു.

 

ചില സിനിമകള്‍ കുറച്ച് ഡീപ് ആയി ചെയ്യേണ്ട സിനിമയാണെങ്കില്‍, പ്രത്യേകിച്ച് സ്‌ക്രിപ്റ്റ് ഒക്കെ ആദ്യം കിട്ടുന്ന സിനിമയാണെങ്കില്‍, അങ്ങനെ ചെയ്യും. സുരരൈ പോട്രിന്റെ സ്‌ക്രിപ്റ്റ് എനിക്ക് കിട്ടിയിട്ട് ഒരുപാട് കാലമായി. ഏകദേശം ഒന്നര രണ്ട് കൊല്ലമായി ഈ സ്‌ക്രിപ്റ്റ് എനിക്ക് ലഭിച്ചിട്ട്. ചിത്രം തുടങ്ങുന്നതിന് മുമ്പ് തന്നെ പല പ്രാവശ്യം ഡിസ്‌കഷന്‍ നടന്നിരുന്നു. അങ്ങനെ ഒക്കെ ഉള്ള ഒരു പാറ്റേണ്‍ ആണ് സുധയുടേത്.

ലൈവ് ആയിട്ട് തന്നെ സിങ്ക് സൗണ്ട് എടുക്കുന്നതാണോ ഡബ്ബിംഗാണോ നല്ലത് എന്നൊക്കെ അന്വേഷിച്ചിരുന്നു. കാരണം ഈ കരയുന്ന സീനൊക്കെ ചിലപ്പോള്‍ ഡബ്ബ് ചെയ്യുമ്പോ വേറെ ഒരു മൂഡാണ് ലഭിക്കുക. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം അഭിനയിക്കുമ്പോള്‍ ഉള്ള അതേ മൂവ് ഒക്കെ കൊടുത്താണ് ഞാന്‍ ഡബ്ബ് ചെയ്യാറുള്ളത്.

ബാലാജിക്ക് അങ്ങനെ അല്ല. അപ്പപ്പോള്‍ പ്ലാന്‍ ചെയ്യുന്നതാണ്. ആ സിനിമ ഒരു എന്റര്‍ടൈനര്‍ ആണ്. ആ തരത്തില്‍ ഒരു ഇംപ്രവൈസേഷന്‍ ഒക്കെ നടത്തി. വരനെ ആവശ്യമുണ്ട് എന്ന ചിത്രമാണെങ്കില്‍ സത്യേട്ടന്റെ മകന്റെ ചിത്രമാണ്. ഈ തരത്തില്‍ ഉള്ള ഗസ്റ്റ് റോള്‍ ചെയ്താല്‍ ഇതേ പോലെ ഒരുപാട് വേഷങ്ങള്‍ വേറെ ചെയ്യേണ്ടിവരുമെന്ന് പറഞ്ഞ് ഒഴിവാക്കാനിരുന്നതാണ് ആ ചിത്രം.

പക്ഷേ നിര്‍ബന്ധമായും ചേച്ചി ഇത് ചെയ്യുകയാണെങ്കിലേ ഈ ക്യാരക്ടര്‍ ചെയ്യുന്നതിന് അര്‍ത്ഥമുള്ളു എന്നു പറഞ്ഞു. കാരണം ‘ആ പയ്യനെ ഞാന്‍ മിസ് ചെയ്യുന്നില്ല ആ അമ്മയെ ആണ് മിസ് ചെയ്യുന്നത്’ എന്ന് പറയുമ്പോള്‍ പ്രേക്ഷകര്‍ക്ക് കണക്ട് ആവണമെങ്കില്‍ അവര്‍ക്ക് ഇഷ്ടപ്പെട്ട ഒരാളായിരിക്കണം അഭിനയിക്കേണ്ടതെന്ന് അനൂപ് ആവര്‍ത്തിച്ച് പറഞ്ഞാണ് ഞാന്‍ ആ റോള്‍ ചെയ്യുന്നത്. എന്നെ കൊണ്ട് കഴിയുന്ന രീതിയില്‍ ചെയ്തു എന്നെ ഉള്ളു, അത് ഇങ്ങനെ ഏറ്റെടുക്കുമെന്ന് കരുതിയില്ല.

ദ റിയല്‍ സൂപ്പര്‍ സ്റ്റാര്‍ എന്നാണ് സോഷ്യല്‍ മീഡിയയില്‍ വരുന്ന വിശേഷണങ്ങള്‍

അയ്യോ, അങ്ങനെ ഒരു വിശേഷണം എന്നെ ഒട്ടും ഇംപ്രസ് ചെയ്യിപ്പിക്കുന്നില്ല. കാരണം എന്തെങ്കിലും ഒരു പേര് മുന്നിലിട്ടിട്ട് സൂപ്പര്‍ സ്റ്റാര്‍ മെഗാസ്റ്റാര്‍ എന്നിങ്ങനെ, അതൊക്കെ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ട് ഇടുന്നതായിരിക്കാം, പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം എക്കാലത്തെയും നല്ല ഒരു നടി എന്ന് അറിയപ്പെടുന്നതാണ് ഏറ്റവും വലിയ കിരീടമായി ഞാന്‍ കണക്കാക്കുന്നത്.

ചേച്ചിക്ക് ഏറ്റവും മികച്ച കഥാപാത്രങ്ങളെ തന്നിട്ടുള്ള സംവിധായകനാണ് സത്യന്‍ അന്തിക്കാട്. അതേപോലെ ചേച്ചിയുടെ കൂടെ ഏറ്റവും കൂടുതല്‍ നായകനായി അഭിനയിച്ച ആളാണ് ജയറാം. ഈ വര്‍ഷം സത്യന്‍ അന്തിക്കാടിന്റെ മകന്റെ സിനിമയില്‍ മികച്ച വേഷം, കൂടെ ജയറാമേട്ടന്റെ കൂടെ പുത്തംപുതുകാലൈ, ഇങ്ങനെ രണ്ട് സന്തോഷമായിരുന്നു പ്രേക്ഷകര്‍ക്ക്. ആ ഒരു അനുഭവം എങ്ങിനെയുണ്ടായിരുന്നു ?

സത്യേട്ടന്റെ മകന്റെ സിനിമ എന്ന് പറയുമ്പോള്‍ അദ്ദേഹത്തിന്റെ അതേ പാറ്റേണ്‍ ആണെങ്കിലും ആര്‍ട്ടിസ്റ്റിന്റെ കൈയ്യില്‍ നിന്ന് തനിക്ക് ആവശ്യമുള്ളത് അതേ രീതിയില്‍ എടുക്കാന്‍ കഴിയുന്ന ആളാണ് അനൂപ്. ഒരു പ്രത്യേകത എന്താണെന്ന് വെച്ചാല്‍ ഒരു ആര്‍ട്ടിസ്റ്റ് എന്താണ് ചെയ്യുന്നതെന്ന് മുന്‍കൂട്ടി കണ്ട് ‘ചേച്ചി ഇതാണ് കണ്ടന്റ്, ഇതാണ് വേണ്ടത് ഇതിന് അനുസരിച്ച് അങ്ങ് പെര്‍ഫോം ചെയ്യുക, ഇങ്ങനെ ചെയ്യണമെന്ന് ഞാന്‍ പറയില്ല, ചേച്ചിക്ക് ആപ്റ്റ് ആയ വാക്കുകള്‍ ഒക്കെ ചേര്‍ക്കാം എന്നൊക്കെ പറയും.

ഇതേ പാറ്റേണ്‍ തന്നെയാണ് സത്യേട്ടനും. ഇതാണ് കണ്ടന്റ് ഇത് എങ്ങനെ നിങ്ങള്‍ ബിഹേവ് ചെയ്യുന്നു എന്നറിഞ്ഞതിന് ശേഷമേ സത്യേട്ടന്‍ ക്യാമറ വെക്കാറുള്ളായിരുന്നു. ഞാന്‍ ഒരു സ്ഥലത്ത് നിന്ന് വന്നിട്ട് ഇങ്ങനെയായിരിക്കും ചെയ്യുക എന്നാണ് പറയുന്നതെങ്കില്‍, ഉര്‍വശി അവിടെ നിന്ന് വന്ന് ഇങ്ങനെയാണ് ചെയ്യുക അങ്ങിനെയാണെങ്കില്‍ ക്യാമറ ഇവിടെ വെയ്ക്കാം എന്ന് തീരുമാനിക്കുന്ന തരത്തിലായിരുന്നു സത്യേട്ടന്റെ വര്‍ക്ക്. അതുകൊണ്ടാണ് സത്യേട്ടന്റെ സിനിമകളില്‍ അഭിനയിക്കുമ്പോള്‍ എല്ലാ ആര്‍ട്ടിസ്റ്റും അത്രയും ഫ്രീ ആയി അഭിനയിച്ചിരുന്നത്.

അനൂപും ഏറെകുറെ അതുപോലെയാണെങ്കിലും പുതിയ ടെക്‌നോളജിയുമായി ഫ്രണ്ട്‌ലി ആണ്. ഇത്രയും ടെക്‌നോളജി വളര്‍ന്ന ശേഷം സത്യേട്ടന്റെ കൂടെ ഞാന്‍ വര്‍ക്ക് ചെയ്തിട്ടില്ല. അതുകൊണ്ട് ഇപ്പോഴത്തെ കാര്യം പറയാന്‍ എനിക്ക് അറിയില്ല. സത്യേട്ടനെ പോലെ ഷൂട്ടിംഗ് സ്‌പോട്ട് എപ്പോഴും ഹാപ്പിയായിരിക്കണമെന്ന് നിര്‍ബന്ധമുള്ളയാളാണ് അനൂപ്.

പിന്നെ ജയറാമിന്റേത്, ഒരു പത്ത് വര്‍ഷം കഴിഞ്ഞ് കണ്ടാലും ഇന്നലെ കണ്ട ഒരു ക്ലാസ്‌മേറ്റിന്റെ ഫീലാണ്. ഒരു ഈക്വല്‍ ആയിട്ട് സംസാരിക്കാന്‍ കഴിയുന്ന സഹപാഠിയെ പോലെ സംസാരിക്കാന്‍ പറ്റിയത് ജയറാമിന്റെ ഒക്കെ കൂടെ അഭിനയിച്ചു തുടങ്ങിയപ്പോള്‍ ആണ്. ഞാന്‍ ഏറ്റവും കൂടുതല്‍ നായികയായിട്ട് അഭിനയിക്കുന്നതും ജയറാമിന്റെ കൂടെയാണ്. ആ ഒരു ഫ്രീഡം എപ്പോഴും ഉണ്ട്. ഇടയ്ക്ക് ചില ഒടക്ക് ഒക്കെ നടക്കും പിന്നെ അതൊക്കെ മാറും.

അടുത്ത് നില്‍ക്കുന്ന ആര്‍ട്ടിസ്റ്റ് ഡോമിനേറ്റ് ചെയ്യുമോ എന്നുള്ള കോംപ്ലെക്‌സ് ഇല്ലാത്ത താരമാണ് ജയറാം. ഒരു സീനില്‍ ചിലപ്പോള്‍ ഞാന്‍ ആയിരിക്കും ഏറ്റവും ഇംപ്രവൈസ് ചെയ്ത് ചെയ്യുന്നത്. അത് ആസ്വദിച്ച് ഇങ്ങനെ കൂടി ചെയ്യാന്‍ പറഞ്ഞു തരും, അല്ലാതെ ഞാന്‍ ഹീറോ ആണ്, ഞാന്‍ ഇങ്ങനെ ഈ സീനില്‍ ഡമ്മിയായി നിന്ന് പോകുമെന്ന് ജയറാം ഒരിക്കലും ഫീല്‍ ചെയ്തതായി എനിക്ക് അറിയില്ല. എനിക്ക് ഇപ്പോള്‍ പുത്തംപുതുകാലൈയില്‍ കാണുമ്പോഴും രണ്ട് ദിവസം മുമ്പ് ഞങ്ങള്‍ വര്‍ക്ക് ചെയ്ത് പിരിഞ്ഞ പോലുള്ള ഫീലേ അനുഭവപ്പെടുന്നുള്ളു.

ഡയലോഗ് ഇംപ്രവൈസ് ചെയ്യുക, സംസാരിക്കുക ഇതൊക്കെയായിരുന്നു ഷൂട്ടിംഗ് സെറ്റില്‍ പ്രധാനമായും ചെയ്തിരുന്നത്. ഞങ്ങള്‍ക്ക് മെച്ച്വറായ മക്കളൊക്കെ ഉണ്ട് എന്നൊക്കെ മറന്നുപോകുകയായിരുന്നു. ഞങ്ങളെ കാണുമ്പോള്‍ ഡയറക്ടര്‍ക്ക് അതിശയമായിരുന്നു. നല്ല രസകരമായ ഒരു അനുഭവം ആയിരുന്നു അത്.

ഉര്‍വശി എന്ന അഭിനയത്രിയുടെ ഒരോ കഥാപാത്രങ്ങളെ എടുത്ത് നോക്കിയാലും ഒരോ തരത്തിലാണ്. സ്ത്രീധനം എന്ന സിനിമയിലെ ഉര്‍വശിയല്ല, യോദ്ധയിലെ, ഇതില്‍ നിന്ന് വ്യത്യസ്തമാണ് സൂരരൈ പോട്രിലെ കഥാപാത്രം, അവിടെ നിന്ന് അച്ചുവിന്റെ അമ്മയില്‍ എത്തുമ്പോള്‍ അതിലും വ്യത്യസ്തം. ഇത്തരം കഥാപാത്രങ്ങള്‍ക്കായി എന്തെങ്കിലും തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നോ ?

ഇല്ല, അങ്ങനെ ഒരിക്കലും തയ്യാറെടുപ്പുകള്‍ ഒന്നും എടുത്തിരുന്നില്ല. പ്രത്യേകിച്ച് മലയാളത്തില്‍ ഞാന്‍ വര്‍ക്ക് ചെയ്യുന്ന സമയത്ത് ഇത്തരത്തില്‍ തയ്യാറെടുപ്പുകള്‍ എടുക്കാനൊന്നും സമയമുണ്ടായിരുന്നില്ല. സിനിമകളെല്ലാം വളരെ കുറച്ച് ദിവസത്തിനുള്ളില്‍ ഷൂട്ട് ചെയ്ത് ആ സിനിമയുടെ ലൊക്കേഷനില്‍ നിന്ന് അടുത്ത സിനിമയുടെ ലൊക്കേഷനിലേക്കാണ് നമ്മള്‍ പോയിരുന്നത്. അതു കഴിഞ്ഞ് വേറെ ഒരു ലൊക്കേഷനിലേക്ക്. അങ്ങനെ തയ്യാറെടുപ്പുകള്‍ ഒന്നും നടത്താന്‍ കഴിഞ്ഞിരുന്നില്ല.

അന്നത്തെ സംവിധായകരൊക്കെ അധ്യാപകരുടെ രീതിയിലായിരുന്നു. വളരെയധികം സപ്പോര്‍ട്ട് ചെയ്യുകയും പല കഥാപാത്രങ്ങളും എന്നെ മനസില്‍ കണ്ട് എഴുതുകയും ഒക്കെ ചെയ്തിരുന്ന രീതിയായിരുന്നു. സ്‌പോട്ടില്‍ ചെല്ലുമ്പോള്‍ ഫുള്‍ സ്‌ക്രിപ്റ്റ് പറഞ്ഞു തരും.

വളരെ അപൂര്‍വ്വമായി കാക്കത്തൊള്ളായിരം പോലുള്ള ചില സിനിമകളിലെ റോളുകള്‍ മാത്രം നമ്മള്‍ ആദ്യം മുതല്‍ അവസാനം വരെ അതേ മൂഡ് പിടിക്കേണ്ടി വരും. വളരെ അപൂര്‍വ്വം ചില കഥാപാത്രങ്ങള്‍ക്ക് മാത്രമേ ഞാന്‍ ഇതുപോലെ തയ്യാറെടുപ്പുകള്‍ ചെയ്തിട്ടുള്ളു. അത്തരം സിനിമകളൊഴിച്ചാല്‍ മറ്റുള്ള സിനിമകളിലെല്ലാം സംവിധായകരുടെയും തിരക്കഥാകൃത്തുക്കളുടെയും സഹായം കൊണ്ടാണ് എന്റെ കഥാപാത്രങ്ങള്‍ നല്ലതായത്.

ഇത്രയും വര്‍ഷത്തെ കഥാപാത്രങ്ങളില്‍ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം ഏതാണ് ?

അങ്ങനെ ഒരു കഥാപാത്രമായി മാത്രം പറയാന്‍ പറ്റില്ല. കാരണം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലെ ഒരുപാട് സിനിമകളില്‍ ഞാന്‍ റോളുകള്‍ ചെയ്തിട്ടുണ്ട്. ഇതിലൊക്കെ പ്രിയപ്പെട്ട ഒത്തിരി കഥാപാത്രങ്ങളുണ്ട്. ഒരോ കാലഘട്ടത്തിലും നമ്മള്‍ മെച്ച്വര്‍ഡ് ആവുന്നതിന് അനുസരിച്ച് കഥാപാത്രങ്ങളിലും മാറ്റം വരും.

അഞ്ചുവയസില്‍ നമുക്ക് ഒരു കളിപ്പാട്ടം കിട്ടിയാല്‍ സന്തോഷമകും. പതിനഞ്ച് വയസില്‍ നമ്മള്‍ ആഗ്രഹിക്കുന്നത് മറ്റൊരു കാര്യമായിരിക്കും. ഇങ്ങനെ പ്രായം കൂടുന്നതിന് അനുസരിച്ച് ഇഷ്ടാനിഷടങ്ങള്‍ക്കും അഭിരുചികള്‍ക്കും മാറ്റം ഉണ്ടാകുന്ന പോലെ ഒരോ കാലഘട്ടത്തിലും ഒരോ സിനിമകളെ സ്‌നേഹിക്കും.

ആദ്യകാലത്ത് കിട്ടിയ കഥാപാത്രങ്ങളൊക്കെ എനിക്ക് അത്ഭുതങ്ങളാണ്. കാരണം എനിക്ക് അന്ന് പ്രായം വളരെ കുറവാണ്. രണ്ട് കുട്ടികളുടെ അമ്മയായിട്ടൊക്കെ ചെയ്യുമ്പോ എനിക്ക് 15 -16 വയസേ ഉള്ളു്. അതെന്ന് പറഞ്ഞാല്‍ എന്റെ അമ്മയെയോ എന്റെ കുടുംബത്തില്‍ ഞാന്‍ കണ്ടിട്ടുള്ള ആളുകളെ വെച്ചോ ഞാന്‍ ചെയ്യുന്നതാണ്.

പക്ഷേ ഞാന്‍ ഒരു അമ്മയായതിന് ശേഷം ചെയ്ത അച്ചുവിന്റെ അമ്മ എന്ന സിനിമ ഒരു അനുഭവമാണെനിക്ക്. ഒരു മകള്‍, ആ മകളെ പ്രസവിക്കാത്ത ഒരു അമ്മ, അവര്‍ തമ്മിലുള്ള ഒരു അറ്റാച്ച്‌മെന്റ്, എന്റെ കുഞ്ഞിനോട് എനിക്കുള്ള അറ്റാച്ച്‌മെന്റ് പോലെ പ്രിയപ്പെട്ടതായിരുന്നു അത്. അങ്ങനെ ആ സിനിമ എനിക്ക് പ്രിയപ്പെട്ടതാണ്.

പിന്നെ കഴകം എന്ന സിനിമ, ഞാന്‍ പൊതുവെ ചെയ്യുന്ന കുറച്ച് കുശുമ്പും തമാശയും ബഹളവും ഒക്കെ ഉള്ള കഥാപാത്രത്തില്‍ നിന്ന് വ്യത്യസ്തമായി വളരെ നിശബ്ദമായി ത്യാഗം ചെയ്ത പോകുന്ന ഒരു കഥാപാത്രം. അങ്ങനെ ഒരു റോള്‍ എന്ന് പറയുമ്പോ ആദ്യം മുതല്‍ അവസാനം വരെ എനിക്ക് പുതിയ ഒരു അനുഭവമായിരുന്നു. അതിന് എനിക്ക് അവാര്‍ഡ് ഒക്കെ കിട്ടി.

 രണ്ട് സിനിമകള്‍ക്ക്  ഉര്‍വശി കഥയും തിരക്കഥയും  എഴുതിയിട്ടുണ്ട്, അതില്‍ ഒന്ന് നിര്‍മ്മിച്ചിട്ടുമുണ്ട്, പക്ഷേ പിന്നീട് അങ്ങിനെയൊന്നും കണ്ടില്ല, അത് എന്തുകൊണ്ടാണ് ?

ആ തിരക്കഥകളൊന്നും ഞാന്‍ എഴുതിയത് അല്ല. നമ്മള്‍ കൂട്ടായിട്ട് ഇരുന്ന് ആലോചിച്ച കഥകള്‍ സിനിമയാക്കുകയായിരുന്നു. ഒരു തിരക്കഥ എന്ന് പറയുന്നത് വലിയ പ്രോസസാണ്. എല്ലാ ആര്‍ട്ടിസ്റ്റുകളുടെ മനസ്സിലും ഒരു ഭാവനയുണ്ടാകും, കഥകളുണ്ടാകും.

അത് പരസ്പരം  സംസാരിക്കുമ്പോഴാണ് ഒരു സിനിമക്കുള്ള ത്രെഡ് അതിലുണ്ടെന്നത് മനസ്സിലാകുന്നത്. അങ്ങനെ എന്റെ മനസ്സില്‍ തോന്നിയ ഒരു കഥയായിരുന്നു പിടക്കോഴി കൂവുന്ന നൂറ്റാണ്ട്. അതിന്റെ തിരക്കഥ ശശിധരന്‍ ആറാട്ടുവഴി ആയിരുന്നു.

ഉത്സവമേളത്തിന്റെ കഥ ഒരു ചെറിയ രൂപത്തില്‍ ഞാന്‍ സംസാരിക്കുകയും അത് കൗമുദിയുടെ ഭാസുരേന്ദ്രന്‍ സര്‍ സ്‌ക്രിപ്റ്റ് ആക്കുകയും ചെയ്തു. പിന്നീട് ലൊക്കേഷനില്‍ എത്തിയപ്പോഴാണ് ഞാന്‍ അതിന്റെ പൂര്‍ണ രൂപം അറിയുന്നത്.

സിനിമ നിര്‍മ്മിക്കാനുള്ള ഒരു ചിന്തയും എനിക്കോ എന്റെ കുടുംബത്തിനോ ഉണ്ടായിരുന്നില്ല. പിന്നീട് എന്റെ ചില ബന്ധുക്കള്‍ക്ക് സിനിമ നിര്‍മ്മിക്കാനുള്ള താല്പര്യം വരികയും എന്നെ നിര്‍ബന്ധിച്ച്  അതിന്റെ ഭാഗമാക്കുകയും ചെയ്യുകയായിരുന്നു.

അഭിനയിച്ചുകൊണ്ട് നില്‍ക്കുമ്പോള്‍ തന്നെ കഥ എഴുതുകയും സംവിധാനം ചെയ്യുകയുമൊന്നും എന്നെ കൊണ്ട് സാധിക്കില്ല. കഥ മനസ്സില്‍ വന്നാല്‍ അത് എന്റെ ഡയറിയില്‍ കുത്തികുറിക്കുക എന്നല്ലാതെ തിരക്കഥയാക്കുക എന്നുള്ളത് എന്നെ സംബന്ധിച്ച് വലിയ പാടാണ്.

കവിതാ രഞ്ജിനി എന്നുള്ള പേര്  എങ്ങനെയാണ്  ഉര്‍വശിയാകുന്നത്?

ഭാഗ്യരാജ് സാറിന്റെ ‘മുന്താണി മുടിച്ച്’ എന്ന എന്റെ ആദ്യ സിനിമയ്ക്കൊപ്പം ഞാന്‍ വേറൊരു പടവും  ചെയ്തിരുന്നു. അതിന്റെ നിര്‍മാതാവ് ജീവ എന്ന് പേരുള്ള വളരെ പ്രായമുള്ള ഒരാളായിരുന്നു. ഡയറക്ടര്‍ പുതിയ ഒരാളായിരുന്നു. ബാലാജി സാറിന്റെ യൂണിറ്റ് ആയിരുന്നു ആ സിനിമ ചെയ്തിരുന്നത്.

മുമ്പ് കവിത എന്നൊരു നായിക തമിഴ് സിനിമയില്‍ ഉണ്ടായിരുന്നു. അവര് കുറച്ച് കൗബോയ് സിനിമകളൊക്കെയായിരുന്നു ചെയ്തിരുന്നത്. ആ സാഹചര്യത്തില്‍ അതേ പേര് വേണ്ട എന്ന ചര്‍ച്ചയുടെ പുറത്താണ് പേര് മാറ്റുന്നത്.

അഭിനയത്തിനുള്ള ഏറ്റവും വലിയ അംഗീകാരം ഉര്‍വശി അവാര്‍ഡ് ആണെന്നും അതുകൊണ്ട് ഈ കുട്ടിയുടെ പേര് ഉര്‍വശി എന്നിരിക്കട്ടെയെന്നും പറഞ്ഞത് ആ സിനിമയുടെ നിര്‍മാതാവ് ആണ്.

നാളെ ഈ കുട്ടിക്ക് ഉര്‍വശി അവാര്‍ഡ് കിട്ടുമായിരിക്കും അങ്ങിനെ ഒരു പ്രതീക്ഷ എനിക്കുണ്ട് എന്നും പറഞ്ഞാണ് ഈ പേരിടുന്നത്. അന്ന്  ഞാന്‍ വളരെ ചെറുതായിരുന്നു. എന്തോ അദ്ദേഹത്തിന്റെ മനസ്സില്‍ അങ്ങനൊരു തോന്നല്‍ വന്നു.

ഉര്‍വശിക്ക് ഉര്‍വശി അവാര്‍ഡ് ലഭിച്ചാല്‍ എന്ത് പറയും?, ഉര്‍വശി ഉര്‍വശി എന്നൊക്കെ അദ്ദേഹം പറഞ്ഞിരുന്നു.  ആ പേര് ഉള്‍കൊള്ളാന്‍ എനിക്ക് കുറെ കാലമെടുത്തു.

സൂര്യയുടെ അമ്മയായിട്ടാണ് സുരരൈ പോട്രില്‍ അഭിനയിച്ചിരിക്കുന്നത്, എങ്ങനെയുണ്ടായിരുന്നു സൂര്യയുമായിട്ടുള്ള ഒരു കോമ്പിനേഷന്‍ ?

സൂര്യയുടെ കുടുംബവുമായി നേരത്തെ അടുപ്പമുണ്ടായിരുന്നു. പിന്നെയും കാര്‍ത്തിയുമായാണ് വലിയ ബന്ധമില്ലാത്തത്. സൂര്യയുടെ ആദ്യത്തെ പടം മുതല്‍ എനിക്ക് പരിചയമുണ്ട്. അവര്‍ നിര്‍മിച്ച ‘മഗിളര്‍ മട്രും’ എന്ന ചിത്രത്തില്‍ ഞാനും ജ്യോതികയും ഒരുമിച്ച് അഭിനയിക്കുകയും ചെയ്തിരുന്നു.

ഒരു ആക്ടര്‍ എന്ന നിലയില്‍ എനിക്ക് വളരെ ഇഷ്ടമുള്ള നടനാണ് അദ്ദേഹം. ഒരു കഥാപാത്രത്തിനു വേണ്ടി കഠിനമായി അധ്വാനിക്കും. ഈ സിനിമയില്‍ തന്നെ അദ്ദേഹത്തിന്റെ ഓരോ വയസ്സും ഓരോ സ്റ്റേജുകളും കാണിക്കുന്നുണ്ട്. ലൊക്കേഷനില്‍ സൂര്യ വെറുതെ ഇരിക്കുന്നത് കണ്ടിട്ടേയില്ല.

സിനിമ കഴിയുന്നത് വരെ ഭയങ്കരമായ വര്‍ക്ക് ഔട്ടും കഠിനമായ ഡയറ്റും അദ്ദേഹം ചെയ്തിട്ടുണ്ട്. ഓരോ സീനും അതിലെ ഡയലോഗ് അവതരിപ്പിക്കുന്ന രീതിയും വളരെ വേഗത്തിലാണ്. സീനിയര്‍ ആര്‍ട്ടിസ്റ്റുകളോടുള്ള അദ്ദേഹത്തിന്റെ ബഹുമാനവും പെരുമാറ്റവുമൊക്കെ കാണുമ്പോള്‍ സൂര്യക്ക് പകരം സൂര്യയെ ഉള്ളു എന്ന് പറയണം.

സ്റ്റാര്‍ഡം ഒരിക്കലും തലയില്‍ കേറാത്തൊരു നടനാണ് സൂര്യ. എനിക്ക് തോന്നുന്നു ഞാന്‍ കണ്ടതില്‍ വെച്ച സൂര്യയുടെ എക്കാലത്തെയും മികച്ച പെര്‍ഫോമെന്‍സ് ആണ് സുരരൈ പോട്ര്.

ചിത്രത്തിന്റെ സംവിധായിക സുധാ സിനിമ ആരംഭിക്കുന്നതിന് മുമ്പ് ചില നിര്‍ദ്ദേശങ്ങള്‍ തന്നിരുന്നെന്ന് കേട്ടിരുന്നു, അത് എന്തൊക്കെയായിരുന്നു ?

ഇതുവരെ ചെയ്ത തമിഴ് സിനിമകള്‍ പോലെയല്ല ഇതെന്നായിരുന്നു സുധ ആദ്യമേ പറഞ്ഞിരുന്നത്. ‘ഹ്യൂമര്‍ എലെമെന്റ്‌സ് വരുന്ന കഥാപാത്രമല്ല ഇത്. ഹ്യൂമര്‍ പ്രകടനങ്ങളില്‍ എന്താണെന്നുള്ളത് നിങ്ങള്‍ തെളിയിച്ച് കഴിഞ്ഞതാണ്. അതെനിക്ക് വേണ്ട. മലയാളത്തില്‍ എത്ര ലാഘവത്തോടെയാണോ അഭിനയിക്കാറുള്ളത് ആ ഇമോഷന്‍സ്  ആണെനിക്ക്  വേണ്ടത്. ഇതും നിങ്ങള്‍ പ്രൂവ് ചെയ്തതാണ് എന്നാലും അത്  ബ്രേക്ക് ചെയ്യുന്ന  ഒരു മാറ്റം എനിക്ക് വേണം’, എന്നായിരുന്നു സുധ എന്നോട് പറഞ്ഞിരുന്നത്.

ചിത്രത്തില്‍ 5 വയസുള്ള കുട്ടിയുടെ അമ്മ മുതല്‍ 27 കാരന്റേയും 48 കാരന്റേയും അമ്മയായി അഭിനയിക്കുമ്പോഴും ആളുകള്‍ക്ക്  സ്വീകാര്യമായി തോന്നുകയും വേണം.

ചിത്രത്തിലെ നായികാ കഥാപാത്രം ബൊമ്മിയെ അവതരിപ്പിച്ചത്  അപര്‍ണ ബാലമുരളിയാണ്, പുതിയ തലമുറയിലെ നായിക എന്ന നിലയില്‍ അപര്‍ണയെ എങ്ങിനെ വിലയിരുത്തുന്നു ?

അപര്‍ണ ബാലമുരളി നന്നായി അഭിനയിച്ചിട്ടുണ്ട്. വളരെ കഷ്ടപ്പെട്ട് ആ കുട്ടി ഡയലോഗ് മുഴുവന്‍ പഠിച്ചെടുത്ത് സ്വയം ഡബ് ചെയ്യുകയായിരുന്നു. നമുക്ക് വലിയൊരു അഭിമാനമല്ലേ ഇത്.

ഇപ്പോഴത്തെ എല്ലാ കുട്ടികളും അപര്‍ണയാവട്ടെ രജിഷ വിജയന്‍, ഐശ്വര്യ ലക്ഷ്മി തുടങ്ങിയവരുടേയൊക്കെ സിനിമകള്‍ ഞാന്‍ കാണാറുണ്ട്. എല്ലാവര്‍ക്കും എന്തുചെയ്യണമെന്ന് കൃത്യമായ ധാരണയുണ്ട്.

അപര്‍ണയുമായുള്ള എന്റെ ആദ്യത്തെ കോമ്പിനേഷന്‍ സീന്‍ ഒരു പെണ്ണുകാണല്‍ ചടങ്ങായിരുന്നു. അത്രയും സീനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ മുമ്പില്‍ എത്ര നിസാരമായാണ് ആ കുട്ടി അഭിനയിച്ചിട്ടുള്ളത്. അതില്‍ തന്നെ ആ കുട്ടിയുടെ അളവ് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും.

നമ്മുടെ കുട്ടികള്‍ ഇവിടെ വന്ന് ചാലഞ്ചിങ് ആയുള്ള കഥാപാത്രങ്ങള്‍ ചെയ്യുമ്പോള്‍ ഒത്തിരി സന്തോഷം തോന്നാറുണ്ട്. ഒരുപാട് കാലത്തേ പരിചയം ഉള്ളവരെ പോലെയാണ് ഞങ്ങള്‍ സംസാരിക്കാറ്.

മുമ്പ് നമ്മള്‍ ജയറാമേട്ടന്റെ കാര്യം പറഞ്ഞതുപോലെ തന്നെ, ഉര്‍വശി – മോഹന്‍ലാല്‍ കോംമ്പോ ഏറെ ആഘോഷിക്കപ്പെട്ട ഒന്നാണ്, ഉര്‍വശിയുടെയും മോഹന്‍ലാലിന്റെയും അഭിനയം താരതമ്യം ചെയ്യുക അടക്കം ചെയ്യുന്നുണ്ട്. ലാലേട്ടനുമായിട്ടുള്ള എക്സ്പീരിയന്‍സ് എങ്ങിനെയായിരുന്നു ?

സൂര്യയുടെ കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ ഞാനോര്‍ത്തത് ലാലേട്ടന്റെ കൂടെ അഭിനയിച്ചിരുന്ന ആ കാലത്തെക്കുറിച്ചാണ്. വളരെ നിസാരമായിട്ടാണ് അദ്ദേഹം അഭിനയിച്ച് പോകുന്നത്. പിന്നീട് സ്‌ക്രീനില്‍ കാണുമ്പോള്‍ ഇതായിരുന്നോ അദ്ദേഹം ചെയ്തത് എന്നാലോചിച്ച് ഞെട്ടിപോകാറുണ്ട്.

ഒരു സംഭവമായിട്ട് നമുക്ക്  തോന്നുകയില്ല. അത്രെയും നാച്ചുറല്‍ ആയിട്ടാണ് അതിസൂക്ഷ്മമായ ഭാവങ്ങള്‍പോലും അദ്ദേഹം പ്രതിഫലിപ്പിക്കുക. തൊട്ടടുത്ത് നില്‍ക്കുന്നവര്‍ക്ക് പോലും മനസ്സിലാക്കാന്‍ പറ്റാത്ത എക്‌സ്പ്രഷന്‍സ് ക്യാമറയ്ക്ക് മുമ്പില്‍ കൊടുക്കുന്നത് പറ്റുന്ന ഒരു അത്ഭുത കലാകാരന് അദ്ദേഹം.

കൂടെനില്‍ക്കുന്നവരെ വിഷമിപ്പിക്കാതെയും ഈഗോ തോന്നിപ്പിക്കാതെയും കാര്യങ്ങള്‍ മനസ്സിലാക്കികൊടുക്കുകയും അവരുടെ കൂടെ കംഫാര്‍ട്ടബിള്‍ ആയ രീതിയില്‍ മാത്രമേ പെരുമാറുകയുള്ളു. അവരൊക്കെ വലിയ യൂണിവേഴ്‌സിറ്റികളാണ്.

അവരുടെ കൂടെയൊക്കെ അഭിനയിക്കാന്‍ പറ്റി എന്നുള്ളത് തന്നെ വലിയൊരു കാര്യമാണ്. എന്നെയും ലാലേട്ടനെയും ഒരുമിച്ച് കാണാന്‍ ആളുകള്‍ക്കു വളരെ ഇഷ്ടമായിരുന്നു. പാദമുദ്ര എന്ന സിനിമയില്‍ ലാലേട്ടന്‍ എന്റെ സഹോദരനായിട്ടും എന്റെ അച്ഛനായിട്ടും അഭിനയിച്ചിട്ടുണ്ട്.

സുകുമാരന്‍ സര്‍ നന്നായി വരയ്ക്കും. ഞങ്ങളുടെ രണ്ടുപേരുടെയും ചിത്രം കാരിക്കേച്ചര്‍ പോലെ വരയ്ക്കുകയും ചെയ്തു. അന്നദ്ദേഹം പറഞ്ഞത് സഹോദരിയായിട്ടും മകളായിട്ടും താന്‍ ഉര്‍വശി തിരഞ്ഞെടുക്കാന്‍ കാരണം നിങ്ങളുടെ മുഖത്തിനും മാനറിസത്തിലുമൊക്കെ സാമ്യതയുണ്ട് എന്നായിരുന്നു.

മുഴുനീള കഥാപാത്രമൊന്നുമല്ല തരക്കേടില്ലാത്ത ഒരു റോള്‍ നിങ്ങള്‍ ചെയ്താല്‍ നന്നായിരിക്കും അത്രേയൊള്ളൂ. ഇത് ഒരു മോഹന്‍ലാല്‍ സിനിമയാണ്. ചിലപ്പോള്‍ ലാലേട്ടന്റെ കൂടെ അഭിനയിച്ച് അദ്ദേഹത്തില്‍ നിന്ന് കിട്ടിയതാവും ഈ മാനറിസങ്ങളൊക്കെ.

കാരണം കഴിവുള്ള ഒരുപാട് പേരുടെ കൂടെ അഭിനയിക്കുമ്പോള്‍ നമ്മളറിയാതെ അവര്‍ നമ്മളെ സ്വാധീനിക്കും  നെടുമുടി വേണു, ജഗതി ശ്രീകുമാര്‍ എന്നിവരൊക്കെ ഒരു ഡയലോഗ് പത്തു ഡൈമന്‍ഷനില്‍ പറയും.

ജഗതി ചേട്ടനെ കുറിച്ച് പറഞ്ഞപ്പോഴാണ് ഓർത്തത്, യോദ്ധയിലെ ദമയന്തിയും അപ്പുകുട്ടനും എവർഗ്രീന്‍ ജോഡിയാണ്, ജഗതി ചേട്ടനൊടൊപ്പമുള്ള ഓര്‍മ്മകള്‍ എന്തൊക്കെയാണ് ?
ജഗതി ചേട്ടന്‍ എന്റെ കുടുംബത്തിലെ ഒരു അംഗത്തെ പോലെയാണ്. എന്റെ അച്ഛന്റെ കൂടെ നാടകത്തിലൊക്കെ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഞാന്‍ കുഞ്ഞായിരിക്കുമ്പോള്‍ മുതലേ വീട്ടിലും റിഹേര്‍സല്‍ ക്യാമ്പിലൊക്കെ വരാറുണ്ട്.

ഒരു നടനായിട്ടല്ല ഞാനദ്ദേഹത്തെ പരിചയപ്പെടുന്നത്, ഒരു അയല്‍വാസിയായിട്ടിരുന്നു. എന്നും രാവിലെ വീട്ടില്‍ വന്ന് പേപ്പര്‍ വായിച്ച് ചായയൊക്കെ കുടിച്ച അച്ഛനോട് സംസാരിച്ച പോകും. വൈകുന്നേരം ഷൂട്ടിങ് കഴിഞ്ഞ മതിലിനപ്പുറത്ത് നിന്ന് സംസാരിക്കും.

ഒരുമിച്ചഭിനയിക്കുമ്പോള്‍ കോമഡി പറയുന്ന ഒരു പ്രത്യേക ടൈമിംഗ് ഉണ്ട്. ഏത് റിയാക്ഷനാണ് കൊടുക്കേണ്ടത് എന്നൊക്കെ അദ്ദേഹം പറഞ്ഞുതരും. അതൊക്കെ വലിയൊരു എക്‌സ്പീരിയന്‍സ് ആണ്. ഞാന്‍ കോമഡി ചെയ്തിട്ടുണ്ടെങ്കില്‍ ഇതുപോലുള്ള ഒരുപാട് പേരുടെ കൂടെയുള്ള എക്‌സ്പീരിയന്‍സ് കൊണ്ടുമാത്രമാണ്.

പിന്നീട് അദ്ദേഹത്തിന് വയ്യാതായപ്പോഴും പോകുകയും കാണുകയും ഒരുമിച്ചിരുന്നു പാടുകയുമൊക്കെ ചെയ്യും. അദ്ദേഹത്തിന്റെ ശബ്ദം കേള്‍ക്കുമ്പോള്‍ വളരെ സന്തോഷം തോന്നും. പകരാകരില്ലാത്ത കലാകാരന്‍മരണല്ലോ അവരൊക്കെ.

ലോകത്ത് ഇതുവരെ അനുഭവിക്കാത്ത പ്രതിസന്ധിയാണ് കൊവിഡും ലോക്ക് ഡൗണും കാരണം ജനങ്ങള്‍ക്കുണ്ടായത്. എങ്ങനെയായിരുന്നു ലോക്ക് ഡൗണ്‍ ജീവിതം?

വീടൊരുപാട് ഇഷ്ടപെടുന്ന ആളായത് കൊണ്ട് സമാധാനവും സ്വസ്ഥതയുമൊക്കെ തോന്നിയത് ഇപ്പോഴാണ്. അല്ലാത്തപ്പോള്‍ സ്വസ്ഥതയില്ല എന്നല്ല. പക്ഷെ നമ്മുടെ കടമകളും ജോലിയുമൊക്കെ ചെയ്യണമെങ്കില്‍ പുറത്തിറങ്ങിയില്ല പറ്റുള്ളൂ.

എന്നെ സംബന്ധിച്ച് കരിയറിലാദ്യമായിട്ടാണ് ഇത്രയും കാലം തുടര്‍ച്ചയായി വീട്ടിലിരിക്കുന്നത്. കാരണം ഒരു ഭാഷ അല്ലെങ്കില്‍ മറ്റൊന്നില്‍ ഞാന്‍ അഭിനയിച്ചു കൊണ്ടേ ഇരിക്കുകയായിരുന്നു. പക്ഷെ ഈ ലോക്ക് ഡൗണ്‍ കാലത്ത് നമ്മുടെ വീടിനെ അറിയാനും ഒരുപാട് പേരുമായി കമ്മ്യൂണിക്കേറ്റ് ചെയ്യാനും സാധിച്ചു.

ഷൂട്ടിംഗിന് പോകുമ്പോള്‍ അതിന്റെ മാത്രം തിരക്കുകളെ ഉണ്ടാകുന്നുള്ളൂ.  അതുകഴിഞ്ഞ് ചെന്ന് കിടന്നുറങ്ങുക വീട്ടിലുള്ളവരെ ഫോണ്‍ ചെയ്യുക അതോടെ തീര്‍ന്നു. പക്ഷെ ഇത് മുഴുവന്‍ സമയവും വീട്ടില്‍ തന്നെ. ആഹാരമെല്ലാം വീട്ടില്‍ തന്നെ ഉണ്ടാക്കി കഴിക്കുമ്പോള്‍ ഒരു സുഖം, അസുഖമൊന്നുമില്ല ഇപ്പോള്‍.

ചുമ്മാ ഇരിക്കുമ്പോള്‍ നടുവേദന, കാലുവേദന എന്നൊക്കെ തോന്നും. ഇപ്പോള്‍ വലിയൊരു മഹാമാരി വന്നപ്പോള്‍ അതൊന്നും ഒന്നുമല്ലാതായി.

കുടുംബം ഒക്കെ എന്ത് പറയുന്നു ?

എല്ലാവരും സുഖമായിട്ടിരിക്കുന്നു. മകള്‍ ഹോസ്റ്റലിലാണ്. ഓണ്‍ലൈന്‍ ക്ലാസുള്ളത് കൊണ്ട് അതിന്റെ തിരക്കിലാണ് അവള്‍. മകന് സ്‌കൂള്‍ തുടങ്ങി. അവന്റെ കൂടെയിരുന്ന് ഞാനും പഠിക്കുകയാണ്.

പഴയ കാലം ഓര്‍മ്മ വരും. അവര്‍ ചോദിക്കുന്ന ചോദ്യത്തിന് നമുക്ക്  ഉത്തരമറിയാലോ. എന്റെ കൊച്ചിന് പറയാന്‍ സാധികുന്നില്ലല്ലോ എന്ന് പറയാന്‍ തോന്നും നമുക്ക്. പിന്നെ എനിക്ക് തന്നെ തോന്നും അവനു അഞ്ചു വയസ്സല്ലേ ആയിട്ടുള്ളു എന്ന്.

പക്ഷെ പുതിയ ടീച്ചര്‍മാരൊക്കെ വളരെ രസകരമായിട്ടാണ് ക്ലാസ് എടുക്കുന്നത്. എന്റെ ടീച്ചേഴ്‌സിനെ പോലൊന്നുമല്ല. അന്ന് അധ്യാപകര്‍ എന്നുപറയുന്നത് ഒരു 45 വയസിനും മേലെ ഉള്ളവരായിരുന്നില്ലേ. വളരെ ഗൗരവക്കാരായിരിക്കുമല്ലോ.

അതുകൊണ്ട് തന്നെയാണ് അധ്യാപികയായാല്‍ മതി എന്ന ആദ്യത്തെ സ്വപ്നവും തുടങ്ങിയത്. ടീച്ചര്‍ ആയിക്കഴിഞ്ഞാല്‍ ആരെയും തോല്‍പിക്കാം എന്നുള്ളതായിരുന്നു എന്റെ ആഗ്രഹം. ഇപ്പോഴാണെങ്കില്‍ വളരെ ഫ്രണ്ട്‌ലി ആണ്.

എന്താണ് ഭാവി പരിപാടികള്‍, പുതിയ പ്രോജക്ടുകള്‍ എന്തൊക്കെയാണ് ?

ഒരുപാട് സ്‌ക്രിപ്റ്റ് കേള്‍ക്കുന്നുണ്ട്. പക്ഷെ കണ്‍ഫോം ചെയ്ത് പറയാന്‍ ഇപ്പോള്‍ സാധ്യമല്ല. കാരണം ഷൂട്ടിംഗ് ഒക്കെ സജീവമായി കഴിയുമ്പോള്‍ ഏതൊക്കെ കാര്യങ്ങള്‍ എങ്ങോട്ടൊക്കെ മാറും എന്ന് അറിയില്ല. ഡിസംബര്‍ ഒക്കെയാവുമ്പോള്‍ തുടങ്ങുമെന്ന് വിചാരിക്കുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  Exclusive interview with  actress Urvashi after Soorarai Pottru, Putham Pudhu Kaalai, Mookuthi Amman, Varane Avashyamund,

അശ്വിന്‍ രാജ്
ഡൂള്‍ന്യൂസ് സീനിയര്‍ സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.