പനാജി: ഗോവയില്‍ തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങളുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സെലിബ്രിറ്റികളെ പാര്‍ട്ടിയിലെത്തിച്ചതിന് പിന്നാലെ ബി.ജെ.പിയുടെ മുന്‍ സഖ്യകക്ഷിയുമായി മമത ശനിയാഴ്ച കൂടിക്കാഴ്ച നടത്തും.
ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി പ്രസിഡന്റ് വിജയ് സര്‍ദേശായിയുമായാണ് മമതയുടെ കൂടിക്കാഴ്ച. ഈ വര്‍ഷം ഏപ്രിലിലാണ് ജി.എഫ്.പി, എന്‍.ഡി.എ വിട്ടത്.
കഴിഞ്ഞ ബി.ജെ.പി സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായിരുന്നു സര്‍ദേശായി.
ഗോവ നിയമസഭയില്‍ 3 അംഗങ്ങളുള്ള ജി.എഫ്.പി, തൃണമൂലുമായി സഖ്യം ചേരുന്നത് നിര്‍ണായകമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
കഴിഞ്ഞ ദിവസം ടെന്നിസ് താരം ലിയാണ്ടര്‍ പേസും നടി നഫീസ അലിയും തൃണമൂലില്‍ അംഗത്വമെടുത്തിരുന്നു. 40 സീറ്റിലേക്കാണ് അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ്.
തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ മത്സരിക്കുമെന്ന് നേരത്തെ മമത പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ സംസ്ഥാനത്ത് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു.
ഒട്ടും സ്വാധീനമില്ലാത്ത ഗോവയില്‍ ബി.ജെ.പിയോട് നേരിട്ട് പോരാടാനാണ് മമതയുടെ നീക്കം. ബംഗാളില്‍ കനത്ത തിരിച്ചടിയേറ്റതിനാല്‍ ബി.ജെ.പിയും മമതയുടെ നീക്കത്തില്‍ ജാഗരൂകരാണ്.
40 അംഗ ഗോവ നിയമസഭയില്‍ 2017 ല്‍ കോണ്‍ഗ്രസിന് 17 ഉം ബി.ജെ.പിയ്ക്ക് 13 ഉം സീറ്റാണ് ലഭിച്ചിരുന്നത്. എന്നാല്‍ സീറ്റ് കച്ചവടത്തിലൂടെ ബി.ജെ.പി ഇവിടെ അധികാരമുറപ്പിക്കുകയായിരുന്നു.