കൊച്ചി: മദ്യം വാങ്ങാനുള്ള വെര്‍ച്വല്‍ ക്യൂവിനായുള്ള ബെവ് ക്യൂ മൊബൈല്‍ ആപ്ലിക്കേഷന്‍ വൈകുന്നത് പ്ലേസ്‌റ്റോറില്‍ നിന്നും മറുപടി ലഭിക്കാത്തത് കൊണ്ടെന്ന് ആപ്പ് നിര്‍മ്മിക്കുന്ന ഫെയര്‍കോഡ് ടെക്‌നോളജീസ്. പ്ലേസ്‌റ്റോറില്‍ അപ്ലോഡ് ചെയ്ത ശേഷമുള്ള സ്വാഭാവിക കാലത്താമസമാണ് ഇതെന്നും കമ്പനി അറിയിച്ചു.
പരമാവധി ഏഴ് ദിവസം വരെയാണ് സമയമെടുക്കാറുള്ളത്. എങ്കിലും ഈ ദിവസങ്ങളില്‍ത്തന്നെ ആപ്പ് പ്ലേസ്റ്റോറില്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കമ്പനിയുടെ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ഗൂഗിള്‍ ഇന്ത്യയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് നടപടികള്‍ വേഗത്തിലാത്താന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.
അതേസമയം, ബെവ്‌കോയുടെ ആപ്പിന് ഇന്ന് മുതല്‍ അനുമതി ലഭിച്ചേക്കുമെന്ന് സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ ബെവ്‌കോയെ അറിയിച്ചിട്ടുണ്ട്. അനുമതി ലഭിച്ചാല്‍ നാളെ മദ്യ വിതരണത്തിനുള്ള നടപടികള്‍ ആരംഭിക്കാനാവുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
കഴിഞ്ഞ ശനിയാഴ്ചയാണ് പ്ലേസ്റ്റോറില്‍ ആപ്പ് അംഗീകാരത്തിനായി നല്‍കിയത്. കഴിഞ്ഞ തിങ്കളാഴ്ച ആപ്പ് പബ്ലിഷ് ചെയ്യുന്ന വിവരം സര്‍ക്കാര്‍ ഗൂഗിളിനെ അറിയിക്കുകയും കാലതാമസമില്ലാതെ പബ്ലിഷ് ചെയ്യുന്നതിന് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. ഇതിനോട് അനുകൂലമായ പ്രതികരണമാണ് ലഭിച്ചതെന്നാണ് വിവരം.
ഇന്ത്യയില്‍ നിന്നുള്ള അപേക്ഷകള്‍ ഇവിടുത്തെ പ്ലേസ്റ്റോര്‍ വിഭാഗമായിരിക്കില്ല കൈകാര്യം ചെയ്യുന്നതെന്നും ലോക്ഡൗണ്‍ ബാധിച്ച ഏതെങ്കിലും രാജ്യത്തേയ്ക്കാണ് അയച്ചതെങ്കില്‍ വൈകുന്നതിന് കാരണമായേക്കാമെന്നുമാണ് ഫെയര്‍ ടെക്‌നോളജീസ് പറയുന്നത്.