ബാലണ്‍ ഡി ഓര്‍ നേടുകയോ ലോക ചാമ്പ്യനാവുകയോ അല്ല; ഏറ്റവും വലിയ സ്വപ്‌നമെന്തെന്ന് തുറന്നുപറഞ്ഞ് എര്‍ലിങ് ഹാലണ്ട്
Football
ബാലണ്‍ ഡി ഓര്‍ നേടുകയോ ലോക ചാമ്പ്യനാവുകയോ അല്ല; ഏറ്റവും വലിയ സ്വപ്‌നമെന്തെന്ന് തുറന്നുപറഞ്ഞ് എര്‍ലിങ് ഹാലണ്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 29th May 2023, 11:32 am

ഈ സീസണില്‍ ഏറ്റവും കൂടുതല്‍ സ്‌കോര്‍ ചെയ്യുന്ന താരമാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ സൂപ്പര്‍താരം എര്‍ലിങ് ഹാലണ്ട്. ജര്‍മന്‍ ബുണ്ടസ് ലിഗ ഫുട്‌ബോള്‍ ക്ലബ്ബായ ബൊറൂസിയ ഡോര്‍ട്ട്മുണ്ടില്‍ നിന്ന് കഴിഞ്ഞ സമ്മര്‍ സീസണിലാണ് താരം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കെത്തിയത്. തുടര്‍ന്ന് മിന്നുന്ന പ്രകടനമാണ് താരം ക്ലബ്ബിനായി കാഴ്ചവെക്കുന്നത്.

പ്രകടന മികവ് കൊണ്ടും ഗോള്‍ സ്‌കോറിങ്ങിലുള്ള വൈദഗ്ധ്യം കൊണ്ടും പ്രതിഭ തെളിയിച്ച ഹാലണ്ട് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നം തുറന്നുപറഞ്ഞിരിക്കുകയാണ് ഇപ്പോള്‍.

ലോക ചാമ്പ്യനാവുന്നതിനോ ബാലണ്‍ ഡി ഓര്‍ നേടുന്നതിനോ അല്ല മാന്‍ സിറ്റിയുടെ ഗോളടിയന്ത്രം പ്രാധാന്യം നല്‍കുന്നത്. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ക്ലബ്ബിനായി കിരീടമുയര്‍ത്തുകയാണ് ഹാലണ്ടിന്റെ ഏറ്റവും വലിയ സ്വപ്നം. ഒരു ലോക്കല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ഹാലണ്ട് ഇക്കാര്യം പങ്കുവെച്ചത്.

അതേസമയം, ഏഴ് തവണ ബാലണ്‍ ഡി ഓര്‍ ജേതാവായ അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ ഇത്തവണ കരിയറിലെ എട്ടാമത്തെ പുരസ്‌കാരവും സ്വന്തമാക്കുമെന്നാണ് ആരാധകരുടെ കണക്കുകൂട്ടല്‍. എന്നാല്‍, ബാലണ്‍ ഡി ഓര്‍ നേടുന്നതിന് ഇത്തവണ ഹാലണ്ട് മെസിക്ക് വെല്ലുവിളിയായിരിക്കുമെന്നാണ് വെയ്ന്‍ റൂണി അഭിപ്രായപ്പെട്ടിരിക്കുന്നത്.

ഹാലണ്ടാണ് നിലവില്‍ ഏറ്റവും മികച്ച താരമെന്നും പുരസ്‌കാരം അദ്ദേഹം തന്നെ നേടുമെന്നും റൂണി പറഞ്ഞു. ‘ദ ടൈംസി’ന് നല്‍കിയ അഭിമുഖത്തിലാണ് റൂണി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ഈ സീസണില്‍ 52 ഗോളുകളാണ് മാന്‍ സിറ്റിയുടെ ജേഴ്സിയില്‍ ഹാലണ്ടിന്റെ സമ്പാദ്യം. പ്രീമിയര്‍ ലീഗ് ടൈറ്റില്‍ പേരിലാക്കിയ മാന്‍ സിറ്റി യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചിരിക്കുകയാണ്. ജൂണ്‍ 11ന് ഇന്റര്‍ മിലാനെതിരെയാണ് അവസാന മത്സരം. എഫ്.എ കപ്പ് ഫൈനലില്‍ ഹാലണ്ടും സംഘവും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെയാണ് നേരിടുക.

Content Highlights: Erling Haaland shares his dream in Football