മികച്ച താരങ്ങളെ തെരഞ്ഞെടുത്ത് ഹാലണ്ട്; പട്ടികയില്‍ മെസിയില്ല
Football
മികച്ച താരങ്ങളെ തെരഞ്ഞെടുത്ത് ഹാലണ്ട്; പട്ടികയില്‍ മെസിയില്ല
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 4th June 2023, 11:30 pm

ആധുനിക ഫുട്ബോളിലെ ഗോളടി യന്ത്രമെന്നറിയപ്പെടുന്ന നോര്‍വീജന്‍ സൂപ്പര്‍താരം എര്‍ലിങ് ഹാലണ്ട് മികച്ച ഏഴ് താരങ്ങളുടെ പേര് തെരഞ്ഞെടുത്തിരുന്നു. താരം ബൊറൂസിയ ഡോര്‍ട്മുണ്ടിന് വേണ്ടി കളിക്കുമ്പോള്‍ തന്നെക്കാള്‍ മികച്ച താരങ്ങളുടെ പേര് പറഞ്ഞത് ഒരിക്കല്‍ കൂടി തരംഗമാവുകയാണിപ്പോള്‍.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പേരാണ് താരം ആദ്യം പറഞ്ഞത്. ടോട്ടന്‍ഹാം ഹോടസ്പറിന്റെ ഹാരി കെയ്ന്‍, സെര്‍ജിയോ അഗ്വേറോ, റോബര്‍ട്ട് ലെവന്‍ഡോസ്‌കി, പിയറി എമറിക്ക് ഒബെമെയാങ്, റോബര്‍ട്ടോ ഫിര്‍മിനോ, ടിമോ വെര്‍ണര്‍ എന്നിവരാണ് ഹാലണ്ടിന്റെ പട്ടികയിലുള്ള മറ്റ് താരങ്ങള്‍. ‘വെര്‍ഡന്‍സ് ഗാങ്’ എന്ന നോര്‍വീജന്‍ ഔട്ലെറ്റിന് നല്‍കിയ അഭിമുഖത്തിലാണ് ഹാലണ്ട് തന്നെക്കാള്‍ മികച്ച ഏഴ് താരങ്ങളുടെ പേരുകള്‍ വെളിപ്പെടുത്തിയത്.

ഹാലണ്ട് മെസിയുടെയും നെയ്മറിന്റെയും പേരുകള്‍ തെരഞ്ഞെടുത്തിരുന്നില്ല. ഫിനിഷിങ്ങില്‍ മികച്ച് നില്‍ക്കുന്ന താരങ്ങളുടെ പേരുകളാണ് താന്‍ പറഞ്ഞതെന്നായിരുന്നു ഹാലണ്ട് അതിന് കാരണമായി ചൂണ്ടിക്കാട്ടിയത്. മാത്രവുമല്ല, താരം കിലിയന്‍ എംബാപ്പെ, റൊമേലോ ലുകാകു, കരിം ബെന്‍സെമ എന്നിവരുടെ പേരുകള്‍ പരാമര്‍ശിക്കാതിരുന്നതും ശ്രദ്ധേയമാണ്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മികച്ച ഫോമില്‍ കളിച്ച് മുന്നേറുന്ന താരമാണ് എര്‍ലിങ് ഹാലണ്ട്. മാഞ്ചസ്റ്റര്‍ സിറ്റിക്കായി മിന്നും പ്രകടനം കാഴ്ചവെച്ച് മുന്നേറുന്ന ഹാലണ്ട് ക്ലബ്ബിലെത്തിയ ആദ്യ സീസണില്‍ തന്നെ നിരവധി റെക്കോഡുകളും സ്വന്തം പേരിലാക്കിയിരുന്നു.

ജര്‍മന്‍ ക്ലബ്ബായ ബൊറൂസിയ ഡോര്‍ട്മുണ്ടില്‍ നിന്നുമാണ് ഹാലണ്ട് മാന്‍ സിറ്റിയിലേക്കെത്തിയത്. 2027 വരെ സിറ്റിയില്‍ കരാറുള്ള ഹാലണ്ട് 26 പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ നിന്നും 28 ഗോളുകളാണ് സ്‌കോര്‍ ചെയ്തിരിക്കുന്നത്.

അതേസമയം, ശനിയാഴ്ചയാണ് മെസി പി.എസ്.ജി ജേഴ്‌സിയില്‍ അവസാനമായി കളത്തിലിറങ്ങിയത്. താരം ഇനി ഏത് ക്ലബ്ബിലേക്ക് പോകുമെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. പി.എസ്.ജിയുമായുള്ള കരാര്‍ അവസാനിച്ചതിന് ശേഷം മാത്രമെ ക്ലബ്ബ് ട്രാന്‍സ്ഫര്‍ വിഷയത്തില്‍ അന്തിമ തീരുമാനം അറിയിക്കുകയുള്ളൂ എന്നും ഈ സീസണില്‍ പാരീസിയന്‍ ക്ലബ്ബിനായി ലീഗ് വണ്‍ ടൈറ്റില്‍ നേടുക എന്നതാണ് മെസിയുടെ ലക്ഷ്യമെന്നും മെസിയുടെ പിതാവും ഏജന്റുമായ ജോര്‍ജ് മെസി നേരത്തെ അറിയിച്ചിരുന്നു.

Content Highlights: Erling Haaland chooses best players in football, Messi is not there in his list