നീയൊക്കെ ആദ്യം മര്യാദക്ക് കളിക്ക് എന്നിട്ട് ബാക്കി കാര്യങ്ങള്‍; യുണൈറ്റഡില്‍ പരിഷ്‌കാരങ്ങളുമായി എറിക് ടെന്‍ ഹാഗ്
Football
നീയൊക്കെ ആദ്യം മര്യാദക്ക് കളിക്ക് എന്നിട്ട് ബാക്കി കാര്യങ്ങള്‍; യുണൈറ്റഡില്‍ പരിഷ്‌കാരങ്ങളുമായി എറിക് ടെന്‍ ഹാഗ്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 14th August 2022, 11:33 pm

കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിന് ശേഷം ഇത്തവണ തിരിച്ചുവരാനൊരുങ്ങുകയാണ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. എന്നാല്‍ നല്ല തുടക്കമല്ല യുണൈറ്റഡിന് ലഭിച്ചിരിക്കുന്നത്. ആദ്യ രണ്ട് മത്സരത്തിലും വളരെ പരിതാപകരമായി തോറ്റുകൊണ്ടാണ് യുണൈറ്റഡ് സീസണ്‍ ആരംഭിച്ചിരിക്കുന്നത്.

കഴിഞ്ഞ സീസണിലെ കോച്ചിനെ മാറ്റി എറിക് ടെന്‍ ഹാഗിനെ യുണൈറ്റഡ് ടീമിലെത്തിച്ചിരുന്നു. എന്നാല്‍ പുതിയ കോച്ചിന്റെ കീഴിലും ടീം നിലവാരം പുലര്‍ത്തിയില്ല.

എന്നാല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരങ്ങളെ കളി പഠിപ്പിച്ചിട്ടേ കാര്യമുള്ളൂ എന്ന നിലപാടിലാണ് എറിക് ടെന്‍ ഹാഗ് ഇപ്പോള്‍. ലീഗിലെ രണ്ടാം മത്സരത്തില്‍ യുണൈറ്റഡ് ബ്രെന്റ്‌ഫോര്‍ഡിനോട് നാല് ഗോളിന്റെ വലിയ പരാജയം നേരിട്ടിരുന്നു. അതുകൊണ്ട് തന്നെ ഞായറാഴ്ച തീരുമാനിച്ചിരുന്ന അവധി റദ്ദാക്കിക്കൊണ്ട് യുണൈറ്റഡ് താരങ്ങളെ എല്ലാം എറിക് ടെന്‍ ഹാഗ് പരിശീലന ഗ്രൗണ്ടിലേക്ക് തിരികെയെത്തിച്ചു. ടീമിനെ തന്റെ ടാക്ടിക്‌സിലേക്ക് എത്തിക്കാന്‍ യുണൈറ്റഡ് കോച്ച് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

ഇപ്പോള്‍ ലീഗില്‍ ഏറ്റവും അവസാന സ്ഥാനത്താണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡുള്ളത്. അവര്‍ക്ക് അടുത്ത മത്സരത്തില്‍ സൂപ്പര്‍ ക്ലബ്ബായ ലിവര്‍പൂളിനെ ആണ് നേരിടേണ്ടത്. അതുകൊണ്ട് തന്നെ അവധി എടുക്കാന്‍ സമയമില്ലെന്ന് ടെന്‍ ഹാഗ് കരുതുന്നു. അവസാന മുപ്പത് വര്‍ഷത്തിനിടയില്‍ ആദ്യമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലീഗിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ പരാജയപ്പെടുന്നത്.

 

കഴിഞ്ഞ ദിവസം ബ്രെന്റ്ഫോര്‍ഡിനെതിരെയായിരുന്നു യുണൈറ്റഡ് തോല്‍വി ഏറ്റുവാങ്ങിയത്. യുണൈറ്റഡ് ഗോള്‍ പോസ്റ്റില്‍ ആദ്യ പകുതിയില്‍ തന്നെ എണ്ണം പറഞ്ഞ നാല് ഗോള്‍ അടിച്ചുക്കൂട്ടാന്‍ ബ്രെന്റ്ഫോര്‍ഡിന് സാധിച്ചിരുന്നു.

മത്സരത്തില്‍ ഒരു അവസരത്തില്‍ പോലും യുണൈറ്റഡിന് മികച്ചുനില്‍ക്കാന്‍ സാധിച്ചില്ല. ഒരുപാട് മികച്ച ടാലെന്റഡായിട്ടുള്ള താരങ്ങളുള്ള ക്ലബ്ബിനെ മികച്ച നിലയിലേക്ക് തിരിച്ചുകൊണ്ടുപാകാന്‍ സാധിക്കുമെന്നാണ് ടെന്‍ ഹാഗ് കരുതുന്നത്. ടീമിന് എറിക് യുഗമുണ്ടാകുമെന്ന് ആരാധകരും കരുതുന്നു.

Content Highlights: Erik Ten Hag imposed new restrictions for Manchester United Players