World
'ഇത് ജിഹാദല്ല, ഭീകരവാദമാണ്' ആരാധനാലയങ്ങള്‍ക്കെതിരായ ആക്രമണത്തിനെതിരെ എര്‍ദോഗന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 May 04, 05:58 am
Saturday, 4th May 2019, 11:28 am

 

ഇസ്താംബുള്‍: തുര്‍ക്കിയിലെ ഏറ്റവും വലിയ പള്ളി പ്രസിഡന്റ് രജപ് തയ്യിപ് എര്‍ദോഗന്‍ ഉദ്ഘാടനം ചെയ്തു. വെള്ളിയാഴ്ചയായിരുന്നു ചടങ്ങ്. 2013ലാണ് കാംലിക് പള്ളി കോംപ്ലക്‌സിന്റെ പണി ആരംഭിച്ചത്. 63000 വിശ്വാസികള്‍ക്ക് ഒരേസമയം പ്രാര്‍ത്ഥിക്കാനുള്ള സൗകര്യം പള്ളിയിലുണ്ട്.

തെക്കന്‍ പ്രവിശ്യയായ അദാനയിലെ പള്ളിയായിരുന്നു തുര്‍ക്കിയിലെ ഏറ്റവും വലിയ പള്ളി. 1998ല്‍ തുറന്ന ഈ പള്ളിയില്‍ 28,500 വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥനയ്ക്കുള്ള സൗകര്യമാണുണ്ടായിരുന്നത്.

ഓട്ടോമാന്‍, സെല്‍ജുക് ആര്‍ക്കിടെക്ചറല്‍ രീതിയിലാണ് കാംലിക പള്ളി നിര്‍മ്മിച്ചിരിക്കുന്നത്.

പള്ളി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കവേ ആരാധനാലായങ്ങള്‍ക്കുനേരെ അടുത്തിടെ നടന്ന ആക്രമണങ്ങളെ എര്‍ദോഗന്‍ അപലപിച്ചു. ‘ആരാധനാലയങ്ങളിലും നിരപരാധികളായ പൗരന്മാര്‍ക്കുനേരെയും മതത്തിന്റെ പേരില്‍ നടത്തുന്ന ആക്രമണങ്ങള്‍ ഭീകരവാദമാണ്, ജിഹാദല്ല’ എന്നാണ് എര്‍ദോഗന്‍ പറഞ്ഞത്.

‘ മസ്ജിദുകളെ ആക്രമിക്കുന്നവരും ക്രിസ്ത്യന്‍ പള്ളികളെ ലക്ഷ്യമിടുന്നവരും ഒരേ ഇരുണ്ട മാനസികാവസ്ഥ പിന്തുടരുന്നവരാണ്. അവരെല്ലാം മനുഷ്യത്വത്തിന്റെ പൊതു ശത്രുക്കളാണ്.’ എന്നും അദ്ദേഹം പറഞ്ഞു.

അടുത്തിടെ ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ചില്‍ മുസ്‌ലിം പള്ളിയ്ക്കുനേരെ വലതുപക്ഷ ഭീകരന്‍ നടത്തിയ വെടുപ്പില്‍ 51 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെ ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ക്കുനേരെ ആക്രമണം നടന്നിരുന്നു.