| മൊഴിമാറ്റം: ഷഫീക്ക് സുബൈദ ഹക്കീം |
ആന്ധ്ര-ഒഡീഷ അതിര്‍ത്തിയില്‍ ഒക്ടോബര്‍ 24നാണ് സേനയുമായുള്ള ഏറ്റമുട്ടലില്‍ 24 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നത്.
സംഭവം പോലീസ് ആസൂത്രണം ചെയ്തതാണെന്നും നേരത്തെ തന്നെ തന്നെ പിടികൂടിയ മാവോയിസ്റ്റുകളെ പോലീസ് വെടിവെച്ച് കൊല്ലുകയായിരുന്നുവെന്നും വരവര റാവുവിനെ പോലുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ നിയമവിരുദ്ദമായി പോലീസ് ക്യാമ്പില്‍ വെച്ച് തന്നെ പോസ്റ്റ്‌മോര്‍ട്ടം ചെയ്തതും റിപ്പോര്‍ട്ട് പരസ്യമാക്കരാതിരുന്നതും വ്യാജ ഏറ്റുമുട്ടലാണെന്നതിന്റെ തെളിവായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.
മുഖ്യധാരാ മാധ്യമങ്ങളടക്കം പോലീസ് ഭാഷ്യത്തെ വളരെ വിശ്വാസ്യതയോടെ പ്രസിദ്ധീകരിക്കുകയാണുണ്ടായത്. എന്നാല്‍ ഇതിനെയെല്ലാം ചോദ്യം ചെയ്ത് കൊണ്ടുള്ളതാണ് 2016 നവംബര്‍ 5ന് ഇറങ്ങിയ ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലിയുടെ മുഖപ്രസംഗം.
കമ്മ്യൂണിസ്റ്റ് പാര്‍ട്ട് ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) അഥവാ സി.പി.ഐ. മാവോയിസ്റ്റ് പാര്‍ട്ടിയുടെ കേഡര്‍മാരും നേതാക്കളും ആദിവാസി അനുഭാവികളുമടങ്ങുന്ന 39 പേര്‍ക്കെതിരെ ആന്ധ്രാപ്രദേശിലെ ഗ്രേഹണ്ട് ടീമും ഒഡിഷാ പോലീസിന്റെ പാരാമിലിറ്ററി ഓപ്പറേഷന്‍ ഗ്രൂപ്പും സംയുക്തമായി കഴിഞ്ഞ ഒക്ടോബര്‍ 24ന് ഒഡിഷയിലെ മാല്‍ക്കന്‍ഗിരി ജില്ലയിലെ ബാലിമേള അണക്കെട്ടിനടുത്ത് വെച്ച് നടത്തിയ ആസൂത്രിതമായ എക്‌സ്ട്രാ ജുഡീഷ്യല്‍ കൊലപാതകങ്ങളെ, “ശിക്ഷിക്കപ്പെടുകയില്ലെന്നുള്ള ധൈര്യം ഉണ്ടാവുമ്പോള്‍ ആളുകള്‍ നിയമത്തെ മാനിക്കില്ല” എന്ന പഴയകാല തത്വത്തിന്റെ അടിസ്ഥാനത്തില്‍ ഒരു പക്ഷെ മനസിലാക്കാന്‍ സാധിക്കുമായിരിക്കും.
ഇപ്പോള്‍, കൊല്ലപ്പെട്ട വ്യക്തികള്‍ക്കെതിരെ പോലീസ് വെര്‍ഷന്‍ മാത്രം കുത്തി നിറച്ച് ആവര്‍ത്തിച്ചിട്ടുള്ള എഫ്.ഐ.ആറിനെ മുറപോലെ വളരെ വിശ്വാസ്യതയോടെയെന്നവണ്ണം വമ്പന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ടാകും.
ഞങ്ങള്‍ പ്രസ്സിലേയ്ക്ക് പോകുമ്പോള്‍ ജനാധിപത്യ അവകാശ സംഘടനാ സംയുക്തസമിതി (സി.ഡി.ആര്‍.ഒ) ആ കൂട്ടക്കുരുതി നടന്ന പ്രദേശത്തേക്ക് പോവുകയായിരുന്നു; അവിടെ എന്താണ് നടന്നതെന്നറിയാന്‍. എന്നാല്‍ നിയമതത്വങ്ങളോടുള്ള പുച്ഛമനോഭാവം സ്വതന്ത്ര ഇന്ത്യയുടെ മര്‍ദ്ദക രാഷ്ട്രീയാധികാരത്തിന്റെ നടത്തിപ്പുകാരുടെ രക്തത്തില്‍ ആഴത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന ഒന്നാണ്.
അതുകൊണ്ട് തന്നെ പോലീസ് മാല്‍ക്കന്‍ഗിരി “എന്‍കൗണ്ടറി”നെ പറ്റി നിര്‍മ്മിച്ചെടുത്തിട്ടുള്ള തങ്ങളുടെ വെര്‍ഷനെ പൊതുവിടത്തില്‍ നേരിടാന്‍ സിവില്‍സ്വാതന്ത്ര്യ/ ജനാധിപത്യാവകാശ സംരക്ഷണ സംഘടനകള്‍ക്കുപോലും ബുദ്ധിമുട്ടായിരിക്കുന്നു എന്നതാണ് സത്യം.
ആദിവാസി മാവോയിസ്റ്റ് അനുഭാവികളെ ഒരുപക്ഷെ അവര്‍ വെറും സാക്ഷികളായിരിക്കാം. വധിക്കുകയായിരുന്നു എന്ന് ആരോപിക്കപ്പെടുന്നു. ഇതിലൂടെ രക്ഷപ്പെടുന്നത് വാസ്തവത്തില്‍ സ്ഥിരം കുറ്റവാളികളാണ്. ഒരു സ്വതന്ത്രാന്വേഷണത്തിന് കോടതി ഉത്തരവിടുകയും വിചാരണ സമയത്ത് മാത്രം തങ്ങളുടെ സെല്‍ഫ്ഡിഫന്‍സ് വാദങ്ങള്‍ മുന്നോട്ട് വെയ്ക്കാന്‍ പോലീസിനെ അനുവദിക്കുകയും ചെയ്യുകയാണെങ്കില്‍ മാത്രമേ ഇതില്‍ ഒരു നീതി സാധ്യതയെങ്കിലും തെളിഞ്ഞു കാണുന്നുള്ളു എന്നത് സംശയരഹിതമാണ്.
ആന്ധ്രാപ്രദേശ് പോലീസ് കസ്റ്റഡിയിലുള്ള രാമകൃഷ്ണ അഥവാ ആര്‍.കെ എന്നറിയപ്പെടുന്ന മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റി അംഗം അക്കിരാജു ഹരഗോപാല്‍, ഗജര്‍ള രവി ഒപ്പം മറ്റ് ഒന്‍പതുപേരെ അവരുടെ സുരക്ഷയും ക്ഷേമവും ജീവിതാവകാശങ്ങളും ഉറപ്പുവരുത്തുന്നതിനായി കോടതിക്കുമുമ്പാകെ ഹാജരാക്കണമെന്ന് ആന്ധ്രാപ്രദേശ് ഹൈക്കോടതി ഒക്ടോബര്‍ 31ന് ഉത്തരവുകളിറക്കി കഴിഞ്ഞതാണ്.
സുരക്ഷാ സൈനികോദ്യോഗസ്ഥരുടെയും ഇവരുടെ പിന്തുണയുള്ള തദ്ദേശീയ സൈനികഗുണ്ടകളുടെയും ഭീഷണികള്‍ക്കു മുമ്പില്‍ വളരെ ആപത്കരമായ ജോലിയാണ് സിവില്‍ സ്വാതന്ത്ര്യ, ജനാധിപത്യാവകാശ സംരക്ഷണ സംഘടനകളുടെയും സ്വതന്ത്ര പത്രപ്രവര്‍ത്തകരുടെയും സംയുക്താഭിമുഖ്യത്തിലുള്ള ഫാക്ട് ഫൈന്‍ഡിംങ് ടീം ഏറ്റെടുത്തിരിക്കുന്നത്.
എന്തിനേറെ പറയണം, 2011 മാര്‍ച്ച് 11നും 16നും ഛത്തിസ്ഗഢിലെ ദന്തേവാഡയില്‍ സാധാരണ ആദിവാസികള്‍ക്ക് നേരെ നടന്ന പോലീസ് എസ്.പി.ഒ അതിക്രമങ്ങള്‍ക്കെതിരെ സുപ്രീംകോടതി വിധിയാല്‍ അന്വേഷണം നടത്തിവരുന്ന സി.ബി.ഐ ടീമിനുപോലും 2012 ഫെബ്രുവരിയില്‍ ദോര്‍ണപാലിനടുത്ത് അതുപോലൊരു അന്വേഷണത്തിന് വന്നപ്പോള്‍ ഒരാക്രമണം നേരിടേണ്ടിവന്നിട്ടുണ്ട്.
അടുത്ത പേജില്‍ തുടരുന്നു
ഫേക്ക് എന്‍കൗണ്ടറിനെ കുറിച്ചാകട്ടെ, സ്വതന്ത്രാന്വേഷണത്തെ കുറിച്ചാകട്ടെ ഞങ്ങള്‍ ബന്ധപ്പെടുത്തുന്ന കാര്യങ്ങളൊന്നും തന്നെയും തീര്‍ച്ചയായും പുതിയ കാര്യങ്ങളല്ല. 1960കളുടെ അവസാനങ്ങളില്‍ ശ്രീകാക്കുളത്ത് നടന്ന നക്‌സലൈറ്റ്/മാവോയിസ്റ്റ് പ്രസ്ഥാനങ്ങളുടെ ആദ്യഘട്ടത്തില്‍, ഗിരിജന്‍ കര്‍ഷക പോരാട്ടങ്ങളുടെ മൊത്തം പ്രാദേശിക നേതൃത്വത്തെയും തീര്‍ത്തുകളഞ്ഞത് ഫേക്ക് എന്‍കൗണ്ടറുകളിലൂടെയായിരുന്നല്ലോ; അതും കോള്‍ഡ് ബ്ലഡഡ് കൊലപാതകങ്ങളിലൂടെ.
ഏറ്റുമുട്ടല്‍ കൊലപാതകത്തിനെതിരെ പ്രതിഷേധിച്ച കവി വരവര റാവുവിനെ അറസ്റ്റ് ചെയ്യുന്നു.
സ്‌കൂള്‍ അദ്ധ്യാപകനായിരകുന്ന വെമ്പറ്റപു സത്യനാരായണ, ആദിബത്‌ല കൈലാസം, അവരുടെ സഖാക്കളായ പഞ്ചാടി കൃഷ്ണമൂര്‍ത്തി, അദ്ദേഹത്തിന്റെ ഭാര്യ നിര്‍മല കൃഷ്ണമൂര്‍ത്തി, ഗറില്ല കവികളായ സുബ്ബറാവു പാണിഗ്രാഹി എന്നിവരാണ് പെട്ടെന്ന് തന്നെ മനസിലേയ്ക്ക് ഓടിയെത്തുന്നത്.
1999 ഡിസംബറിലെ കുപ്രസിദ്ധ “കോയ്യൂര്‍ എന്‍കൗണ്ടര്‍” കേസും ഓര്‍ക്കാവുന്നതാണ്. സി.പി.ഐ. മാവോയിസ്റ്റിന്റെ പ്രാക് സംഘടനയായിരുന്ന സി.പി.ഐ.എം.എല്‍ (പീപ്പിള്‍സ് വാര്‍)ന്റെ മൂന്ന് കേന്ദ്ര കമ്മിറ്റി നേതാക്കള്‍, നല്ല ആദി റെഡ്ഡി (ഷ്യാം), അറാംറെഡ്ഡി സന്തോഷ് റെഡ്ഡി (മഹേഷ്), സീലം നാരേഷ് (മുരളി) എന്നിവരെ ബാംഗ്ലൂരില്‍ നിന്നും പിടിച്ച് ഹൈദരാബാദില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയും കൊല്ലുകയുമായിരുന്നു. തുടര്‍ന്ന് കരിംനഗര്‍ വനത്തില്‍ അവരുടെ മൃതദേഹങ്ങള്‍ വലിച്ചെറിഞ്ഞു. യഥാര്‍ത്ഥ എന്‍കൗണ്ടറില്‍ കൊല്ലപ്പെടുകയായിരുന്നു എന്ന് വിശ്വസിപ്പിക്കാനാണ് ഇത് ചെയ്തത്. അടുത്തുള്ള ഗ്രാമത്തില്‍ ഉള്ള ഒരു സായുധധാരിയെയും അവിടെ കൊന്നിട്ടു; ഈ സംഭവം കൂടുതല്‍ വിശ്വാസ്യയോഗ്യമാക്കാന്‍.
മാല്‍ക്കന്‍ഗിരിയിലേയ്ക്ക് തിരികെ വരാം. മാല്‍ക്കം ഗിരി “എന്‍കൗണ്ടര്‍” സംഭവത്തില്‍ വ്യക്തമായും സത്യവം നീതിയും നിലനില്‍ക്കണമെങ്കില്‍ പ്രാഥമികമായി സുപ്രീം കോടതിയിലെയോ ഹൈക്കോടതിയിലെയോ സിറ്റിങ് ജഡ്ജിയെ കൊണ്ട് ഒരു ജുഡീഷ്യല്‍ അന്വേഷണം നടത്തുക എന്നതാണ്. ഈ അന്വേഷണത്തിലൂടെ ഈ ക്രൂരകൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള പോലീസ് ഉദ്യോഗസ്ഥരെ കണ്ടെത്താനും ഇത് യഥാര്‍ത്ഥത്തില്‍ ഒരു എന്‍കൗണ്ടര്‍ ആണെങ്കില്‍ അവര്‍ക്കും അവരുടെ ഉന്നത ഉദ്യോഗസ്ഥര്‍ക്കുമെതിരെ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യാനും തുടര്‍ന്ന് അവരെ വിചാരണയ്ക്ക് വിധേയരാക്കാനും സാധിക്കും.
ഇന്ത്യന്‍ ഭരണകൂടത്തിന് എതെങ്കിലും വിധത്തില്‍ ഒരു മാന്യമായ ജനാധിപത്യ പ്രോട്ടോകോള്‍ ഉണ്ട് എങ്കില്‍ ക്യാബിനറ്റിന്റെ മിനിസ്റ്റീരിയല്‍ ഉത്തരവാദിത്വം (ministerial responsibility) കൂട്ടുത്തരവാദിത്വം (collective responsibility) എന്നീ തത്വങ്ങള്‍ നടപ്പാക്കപ്പെടണം. ഇത് തീര്‍ച്ചയായും ആവശ്യപ്പെടേണ്ടതാണ്. കൂടാതെ, രാമകൃഷ്ണ, രവി, ഒന്‍പത് മറ്റ് തടവുകാര്‍ എന്നിവരെ ഒക്ടോബര്‍ 31ന്റെ ഉത്തരവു പ്രകാരം ആന്ധ്രാപ്രദേശ് ഹൈക്കോടതിക്ക് മുമ്പാകെ ഹാജരാക്കിയില്ലെങ്കില്‍ തീര്‍ച്ചയായും സുപ്രീം കോടതിയില്‍ ഒരു ഹേബിയസ് കോര്‍പ്പസ് പെറ്റീഷന്‍ ഫയല്‍ ചെയ്യേണ്ടതുമാണ്.
വിശാലമായ കോണ്ടക്സ്റ്റില്‍, മുതലാളിത്ത അധികാരത്തില്‍ ഒരാള്‍ എന്താണ് ആവശ്യപ്പെടേണ്ടത്? ദക്ഷിണ ഒഡീഷ മുതല്‍ ഉത്തര ആന്ധ്രാപ്രദേശ് വരെ നീണ്ടുകിടക്കുന്ന രായഗാഡ, കലഹന്ദി, കോരാപുത് എന്നീ ജില്ലകളിലെ വിശാല പ്രദേശത്ത് കണ്ടെത്തിയിട്ടുള്ള ഹൈഗ്രേഡ് ബോക്‌സൈറ്റ് സാന്നിദ്ധ്യവുമായി ഇതിനെ ബന്ധപ്പെടുത്താതിരിക്കരുത്. ഇപ്പോഴും ഇതിന്റെ വളരെ ചെറിയൊരു ഭാഗത്ത് മാത്രമേ മുതലാളിത്തത്തിന് കൈവെക്കാനും കഴിഞ്ഞിട്ടുള്ളു.
ഇതിന് എറ്റവും വലിയ തടസ്സമായി നില്‍ക്കുന്നത് മാവോയിസ്റ്റുകളാല്‍ നയിക്കപ്പെടുന്ന ആദിവാസികളാണ്. തങ്ങളുടെ ജലം-വനം-മണ്ണ് (“ജല്‍-ജങ്കല്‍-സമീന്‍”) എന്നിവ പിടിച്ചെടുക്കുന്നതിനെതിരെ ശക്തമായ വിശ്രമരഹിതമായ പ്രതിരോധമാണ് ഇവര്‍ അവിടെ തീര്‍ത്തുക്കൊണ്ടിരിക്കുന്നത്. ജനകീയമുന്നേറ്റങ്ങളുടെയും സായുദ്ധ സമരത്തിന്റെയും സംയുക്തമായ സഹായത്തോടെയാണിത് നടക്കുന്നതും.
അതുകൊണ്ടാണ് മാവോയിസ്റ്റുകളാല്‍ നയിക്കപ്പെടുന്ന ആദിവാസി പ്രസ്ഥാനത്തെയും ഗറില്ലാ സൈന്യത്തെയും ഉന്മൂലനം ചെയ്യാന്‍ ഭരണാധികാര സ്ഥാപനങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. നവകൊള്ള-പ്രഭൂ മുതലാളിത്ത വികസനത്തിന്റെ ഏറ്റവും മുഖ്യമായ തടസ്സമാണ് ഇവര്‍. അതുകൊണ്ട് മേല്‍ചൊന്ന പ്രദേശങ്ങളിലെ ആദിവാസി പ്രതിരോധത്തിന്റെ മാവോയിസ്റ്റ് നേതൃത്വത്തെ തകര്‍ക്കാനും ബോക്‌സൈറ്റ് ഖനിപ്രദേശങ്ങള്‍ പിടിച്ചെടുക്കാനുമുള്ള പ്രതികലാപമായാണ് മാല്‍ക്കന്‍ഗിരി “എന്‍കൗണ്ടറി”നെ കാണേണ്ടത്.