ശ്രീലങ്കയ്‌ക്കെതിരെയുള്ള ടെസ്റ്റില്‍ ഇംഗ്ലണ്ടിന് തിരിച്ചടി; സൂപ്പര്‍ താരം പുറത്ത്!
Sports News
ശ്രീലങ്കയ്‌ക്കെതിരെയുള്ള ടെസ്റ്റില്‍ ഇംഗ്ലണ്ടിന് തിരിച്ചടി; സൂപ്പര്‍ താരം പുറത്ത്!
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 24th August 2024, 4:19 pm

ശ്രീലങ്കയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്ന് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം ഓള്‍ഡ് ട്രാഫോഡ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ആദ്യ ഇന്നിങ്‌സില്‍ 74 ഓവര്‍ കളിച്ചു 236 റണ്‍സിന് ഔട്ട് ആവുകയായിരുന്നു ലങ്ക. തുടര്‍ ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് 358 റണ്‍സ് നേടി ഓള്‍ ഔട്ട് ആവുകയായിരുന്നു.

നിലവില്‍ രണ്ടാം ഇന്നിങ്സില്‍ നാലാം ദിവസം ബാറ്റ് ചെയ്യുന്ന ലങ്ക ആറ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സാണ് നേടിയത്. ആദ്യ ഓവറിലെ മൂന്നാം പന്തില്‍ ഓപ്പണര്‍ നിഷാന്‍ മധുശങ്കയെ പൂജ്യത്തിന് പറഞ്ഞയച്ചായിരുന്നു ഇംഗ്ലണ്ട് തുടങ്ങിയത്. ക്രിസ് വോക്സാണ് ലങ്കയുടെ ആദ്യ ചോര വീഴ്ത്തിയത്.

പിന്നീട് പൂജ്യം റണ്‍സിന് കുശാല്‍ മെന്‍ഡിസിനെ ഗസ് ആറ്റ് കിങ്സനും പറഞ്ഞയച്ചതോടെ 27 റണ്‍സ് നേടിയ ദിമുത്ത് കരുണരത്‌നയ്ക്കും പിടിച്ചു നില്‍ക്കാനായില്ല. മാര്‍ക്ക് വുഡാണ് ദിമുത്തിന്റെ വിക്കറ്റ് നേടിയത്.

എന്നാല്‍ മത്സരത്തില്‍ സ്റ്റാര്‍ പേസ് ബൗളര്‍ മാര്‍ക്ക് വുഡ് മസില്‍ ഇഞ്ചുറിയെത്തുടര്‍ന്ന് ഫീല്‍ഡില്‍ നിന്ന് പുറത്തായിരിക്കുകയാണ്. ഒരു മെയ്ഡന്‍ അടക്കം 10.2 ഓവര്‍ എറിഞ്ഞ വുഡ് 36 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് നേടിയാണ് കളത്തില്‍ നിന്നും മടങ്ങിയത്. 3.48 എന്ന എക്കണോമിയിലാണ് താരം പന്ത് എറിഞ്ഞത്.

മത്സരത്തില്‍ ലങ്കന്‍ വിക്കറ്റ് കീപ്പര്‍ ദിനേഷ് ചണ്ടിമല്‍ റിട്ടയേഡ് ഔട്ടായതിന് പിറകെ ക്യാപ്റ്റന്‍ ധനഞ്ജയ സില്‍വയെ മാത്യൂ പോട്ട് 11 റണ്‍സിന് കൂടാരം കയറ്റി. ടീമിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത ആഞ്ചലോ മാത്യൂസ് 145 പന്തില്‍ നിന്ന് 65 റണ്‍സ് നേടി മിന്നും പ്രകടനം കാഴചവെച്ചാണ് പുറത്തായത്.

ക്രിസ് വോക്‌സിനാണ് താരത്തിന്റെ വിക്കറ്റ്. നിലവില്‍ മത്സരം പുരോഗമിക്കുമ്പോള്‍ വിക്കറ്റ് കീപ്പര്‍ ചണ്ടിമല്‍ 32 റണ്‍സും കമിന്ദു മെന്‍ഡിസ് 122 പന്തില്‍ 62 റണ്‍സും നേടിയാണ് ക്രീസില്‍ തുടരുന്നത്.

 

Content Highlight: England Have Big Setback In First Test Match Against Sri Lanka