റയലില്‍ പോകാനുള്ള കാരണം ക്രിസ്റ്റ്യാനോ: സൂപ്പര്‍താരം
Football
റയലില്‍ പോകാനുള്ള കാരണം ക്രിസ്റ്റ്യാനോ: സൂപ്പര്‍താരം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 30th December 2022, 8:14 pm

റയല്‍ മാഡ്രിഡില്‍ ഈയിടെ സൈനിങ് നടത്തിയ താരമാണ് ബ്രസീലിയന്‍ വണ്ടര്‍ കിഡ് എന്റിക് ഫിലിപ്പ്. ക്ലബ്ബുമായുള്ള സൈനിങ്ങിന് ശേഷം താന്‍ റയല്‍ തെരഞ്ഞെടുക്കാനുള്ള കാരണം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. മാര്‍ക്കക്ക് നല്‍കിയ അഭിമുഖത്തിലാണ് എന്റിക് ഇക്കാര്യം പറഞ്ഞത്.

ക്രിസ്റ്റ്യാനോയാണ് തന്റെ ഐഡോള്‍ എന്നും അദ്ദേഹത്തോടുള്ള ഇഷ്ടം കൊണ്ടാണ് റയല്‍ മാഡ്രിഡ് തെരഞ്ഞെടുത്തതെന്നുമാണ് എന്റിക് പറഞ്ഞത്. കൂടാതെ വിനീഷ്യസ് ജൂനിയറും തന്റെ ഇഷ്ട താരമാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

‘എനിക്ക് വളരെയധികം സന്തോഷമുണ്ട്. ഞാന്‍ ദൈവത്തോട് നന്ദി പറയുന്നു. ഞാനൊന്നും നേടിയിട്ടില്ല. 2024ലെ സീസണുകളില്‍ എനിക്ക് മികച്ച മുന്നേറ്റം നടത്താനാകുമെന്ന് പ്രതീക്ഷയുണ്ട്.

റയല്‍ മാഡ്രിഡ് ഒരു വലിയ ക്ലബ്ബാണ്. വിനി (വിനീഷ്യസ്) എനിക്ക് മെസേജ് അയക്കുകയും പ്രതീക്ഷ നല്‍കുകയും ചെയ്തിരുന്നു. ക്രിസ്റ്റിയാനോ റൊണാള്‍ഡോ ആണ് എന്റെ ഹീറോ. അദ്ദേഹം റയല്‍ മാഡ്രിഡിന് വേണ്ടി ദീര്‍ഘകാലം കളിച്ചിട്ടുണ്ട്,’ എന്റിക് വ്യക്തമാക്കി.

റയലില്‍ സൈന്‍ ചെയ്‌തെങ്കിലും 18 വയസ് തികയാത്ത താരം 2024 മാത്രമാണ് ക്ലബ്ബില്‍ ജോയിന്‍ ചെയ്യുക. ബ്രസീലിന് വലിയ പ്രതീക്ഷയുള്ള താരം കൂടിയാണ് എന്റിക്.

അതേസമയം, യുണൈറ്റഡ് വിട്ടതിന് ശേഷം ഫ്രീ ഏജന്റായ താരം ജനുവരി ആദ്യം സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നാസറുമായി കരാറില്‍ ഒപ്പുവെക്കുമെന്ന റിപ്പോര്‍ട്ടുണ്ട്.

2025 ജൂണ്‍ വരെ ക്രിസ്റ്റ്യാനോ ക്ലബില്‍ തുടരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യൂറോപ്യന്‍ ക്ലബുകളുടെയോ അല്ലെങ്കില്‍ അല്‍ നാസറിന്റെ തന്നെ ഓഫറോ റൊണാള്‍ഡോ പരിഗണിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

പ്രതിവര്‍ഷം 200 മില്യണ്‍ ഡോളര്‍ പ്രതിഫലം ലഭിക്കുന്ന ഓഫറാണ് താരത്തിന് അല്‍ നാസര്‍ നല്‍കിയിരിക്കുന്നത്. കളിക്കാരനെന്ന നിലയില്‍ കരാര്‍ അവസാനിച്ചാല്‍ ടീമിന്റെ പരിശീലകനാവാനും റൊണാള്‍ഡോക്ക് കഴിയും.

ഇതിന് പുറമെ സൗദി അറേബ്യയുടെ അംബാസിഡറായി റൊണാള്‍ഡോയെ നിയമിക്കാനും ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈജിപ്ത്, ഗ്രീസ് എന്നീ രാജ്യങ്ങളുടെ ഒപ്പം ചേര്‍ന്ന് 2030 ലോകകപ്പ് നടത്താന്‍ സൗദി ശ്രമം നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് താരത്തെ അംബാസിഡറാക്കാന്‍ ശ്രമിക്കുന്നത്.

സൗദി ക്ലബുമായി കരാര്‍ ഒപ്പിട്ടാല്‍ ലോകത്തിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന ഫുട്‌ബോള്‍ താരമായി റൊണാള്‍ഡോ മാറും. റിപ്പോര്‍ട്ടുകള്‍ പ്രകാരം വര്‍ഷത്തില്‍ എണ്‍പത് മില്യണ്‍ യൂറോയോളമാണ് താരത്തിനായി അല്‍ നാസര്‍ പ്രതിഫലമായി മാത്രം നല്‍കുക.

Content Highlights: Endrick on why he choose Real Madrid