ആദ്യ ഗോൾ തന്നെ ചരിത്രത്തിലേക്ക്; റയലിൽ സ്വപ്നനേട്ടവുമായി എൻഡ്രിക്
Football
ആദ്യ ഗോൾ തന്നെ ചരിത്രത്തിലേക്ക്; റയലിൽ സ്വപ്നനേട്ടവുമായി എൻഡ്രിക്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 26th August 2024, 8:00 am

ലാ ലിഗയില്‍ റയല്‍ മാഡ്രിഡിന് ഈ സീസണിലെ ആദ്യ ജയം. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ വല്ലാഡോലിഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് കാര്‍ലോ ആന്‍സലോട്ടിയും കൂട്ടരും തകര്‍ത്തു വിട്ടത്. സീസണിലെ ആദ്യ മത്സരത്തിൽ സമനിലയില്‍ കുടുങ്ങിയ റയല്‍ ഈ മത്സരത്തില്‍ പൂര്‍വാധികം ശക്തിയോടെ തിരിച്ചുവരികയായിരുന്നു.

മത്സരത്തില്‍ ബ്രസീലിയന്‍ യുവതാരം എന്‍ഡ്രിക് ഗോള്‍ നേടി മിന്നും പ്രകടനമാണ് നടത്തിയത്. റയല്‍ ജേഴ്‌സിയില്‍ ബ്രസീല്‍ താരത്തിന്റെ ആദ്യ ഗോളായിരുന്നു ഇത്. രണ്ടാം പകുതിയില്‍ പകരക്കാരനായിറങ്ങി ഇഞ്ചുറി ടൈമിലാണ് താരം ഗോള്‍ നേടിയത്. എതിര്‍ ടീമിന്റെ പെനാല്‍ട്ടി ബോക്‌സില്‍ നിന്നും എന്‍ഡ്രിക് ഒരു തകര്‍പ്പന്‍ ഷോട്ടിലൂടെ പന്ത് വലയിലെത്തിക്കുകയായിരുന്നു.

ഈ ഗോള്‍ നേടിയതിന് പിന്നാലെ ഒരു ചരിത്രനേട്ടമാണ് ബ്രസീലിയന്‍ വണ്ടര്‍ കിഡിനെ തേടിയെത്തിയത്. ലാ ലിഗയുടെ ചരിത്രത്തില്‍ റയല്‍ മാഡ്രിഡിന് വേണ്ടി ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വിദേശ താരമെന്ന നേട്ടമാണ് എന്‍ഡ്രിക് സ്വന്തമാക്കിയത്. താരത്തിന് നിലവില്‍ 18 വയസാണ് പ്രായം.

അതേസമയം മത്സരത്തില്‍ ആദ്യപകുതിയില്‍ ഇരുടീമുകള്‍ക്കും ലക്ഷ്യം കാണാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ രണ്ടാം പകുതിയില്‍ റയല്‍ തങ്ങളുടെ സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ തനിസ്വരൂപം പുറത്തെടുക്കുകയായിരുന്നു.

രണ്ടാം പകുതി തുടങ്ങി 50ാം മിനിട്ടില്‍ സൂപ്പര്‍താരം ഫെഡറികോ വാല്‍വെര്‍ദെയാണ് റയലിനായി ആദ്യ ഗോള്‍ നേടിയത്. റയലിന് അനുകൂലമായി ലഭിച്ച ഫ്രീകിക്ക് വളരെ തന്ത്രപരമായി ബ്രസീലിയന്‍ സൂപ്പര്‍താരം റോഡ്രി വാല്‍വെര്‍ദെക്ക് കൈമാറുകയായിരുന്നു. വാല്‍വെര്‍ദെ ഒരു തകര്‍പ്പന്‍ ഷോട്ടിലൂടെ റയലിന് ലീഡ് നേടികൊടുക്കുകയായിരുന്നു.

മത്സരത്തിന്റെ 88ാം മിനിട്ടില്‍ ബ്രഹിം ഡയസിലൂടെ റയലിനായി രണ്ടാം ഗോളും നേടി. വല്ലാഡോലിഡിന്റെ പ്രതിരോധനിരയെ കാഴ്ചക്കാരായി നിര്‍ത്തികൊണ്ട് താരം ലക്ഷ്യം കാണുകയായിരുന്നു.

മത്സരത്തില്‍ എതിരാളികള്‍ക്ക് ഒരു അവസരവും നല്‍കാതെയാണ് റയല്‍ കളിച്ചത്. 64 ശതമാനം ബോള് പൊസഷന്‍ സ്വന്തമാക്കിയ റയല്‍ 17 ഷോട്ടുകളാണ് സന്ദര്‍ശകരുടെ പോസ്റ്റിലേക്ക് ഉതിര്‍ത്തത്. ഇതില്‍ ഒമ്പതെണ്ണവും ലക്ഷ്യത്തിലേക്കായിരുന്നു.

വല്ലാഡോലിഡ് റയലിന്റെ പോസ്റ്റിലേക്ക് എട്ട് ഷോട്ടുകളാണ് അടിച്ചത്. എന്നാല്‍ ഇതില്‍ ഒരു ഷോട്ട് പോലും ഓണ്‍ ടാര്‍ഗെറ്റിലേക്കെത്തിക്കാന്‍ വല്ലാഡോലിഡിന് സാധിച്ചില്ല.

നിലവില്‍ രണ്ട് മത്സരങ്ങളില്‍ നിന്നും ഒരു ജയവും ഒരു സമനിലയുമായി നാല് പോയിന്റോടെ നാലാം സ്ഥാനത്താണ് സ്പാനിഷ് വമ്പന്മാര്‍. ഓഗസ്റ്റ് 30നാണ് അന്‍സലോട്ടിയും കൂട്ടരും സ്പാനിഷ് ലീഗിലെ തങ്ങളുടെ രണ്ടാം മത്സരത്തിനിറങ്ങുന്നത്. ലാസ് പാല്‍മാസാണ് ലോസ് ബ്ലാങ്കോസിന്റെ എതിരാളികള്‍. പാല്‍മാസിന്റെ തട്ടകമായ ഗ്രാന്‍ കാനറിയ സ്റ്റേഡിയമാണ് വേദി.

 

Content Highlight: Endrick Create A New Record in Real Madrid