മദ്യപാനം നിര്‍ത്താന്‍ കഞ്ചാവ് ഉപയോഗിക്കൂ; വിവാദ പരാമര്‍ശവുമായി ബി.ജെ.പി എം.എല്‍.എ
national news
മദ്യപാനം നിര്‍ത്താന്‍ കഞ്ചാവ് ഉപയോഗിക്കൂ; വിവാദ പരാമര്‍ശവുമായി ബി.ജെ.പി എം.എല്‍.എ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 25th July 2022, 2:36 pm

റായ്പൂര്‍: മദ്യപാനാസക്തി കുറക്കാന്‍ യുവാക്കള്‍ കഞ്ചാവും ഭാംഗും ഉപയോഗിച്ചാല്‍ മതിയെന്ന് ഛത്തീസ്ഗഢിലെ മസ്തൂരി നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ ഡോ. കൃഷ്ണമൂര്‍ത്തി ബന്ദി. കഞ്ചാവ് ഉപയോഗിക്കുന്നവര്‍ താരതമ്യേന മദ്യം ഉപയോഗിക്കുന്നവരേപ്പോലെ ബലാത്സംഗം, കൊലപാതകം, മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നില്ലെന്നും എം.എല്‍.എ വ്യക്തമാക്കി.

ഛത്തീസ്ഗഡിലെ ഗൗരേല-പേന്ദ്ര-മര്‍വാഹി ജില്ലയില്‍ ഒരു പരിപാടിക്കിടെയാണ് എം.എല്‍.എ ഡോ. കൃഷ്ണമൂര്‍ത്തി ബന്ദി മാധ്യമപ്രവര്‍ത്തകരോട് ഇത്തരം ഒരു അഭിപ്രായം പറഞ്ഞത്.

എന്നാല്‍, എം.എല്‍.എയുടെ പ്രസ്താവന വന്നയുടന്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ് ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് രംഗത്തെത്തി. തങ്ങളുടെ ഒരു ജനപ്രതിനിധിക്ക് എങ്ങനെ മയക്കുമരുന്ന് പ്രോത്സാഹിപ്പിക്കാന്‍ കഴിയുമെന്ന് ബി.ജെ.പി ഉത്തരം പറയേണ്ടിവരുമെന്നും കോണ്‍ഗ്രസ് പറഞ്ഞു.

‘എം.എല്‍.എക്ക് സംസ്ഥാനത്ത് കഞ്ചാവ് നിയമവിധേയം ആക്കണം എന്നുണ്ടെങ്കില്‍ അത് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാരിന് മുന്നില്‍ ഡിമാന്‍ഡ് ആയി അവതരിപ്പിച്ചാല്‍ മതിയാവും’ എന്നാണ് പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ട് ചത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗല്‍ പ്രതികരിച്ചത്.

പ്രസ്താവന വിവാദമായതോടെ ഇത് എന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും ഒരിക്കല്‍ ഞാന്‍ നിയമസഭയിലും ഇത് ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും ഡോ. കൃഷ്ണമൂര്‍ത്തി ബന്ധി പറഞ്ഞു.

കഞ്ചാവിന്റെ ഉപയോഗം സംസ്ഥാനത്ത് നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് ആക്ട് പ്രകാരം നിയമവിരുദ്ധമാണെങ്കിലും കാഞ്ചാവിന്റെ ഇലകൊണ്ട് നിര്‍മിക്കുന്ന പാനീയമായ ഭാംഗ് ചത്തീസ്ഗഢില്‍ നിയമവിധേയമാണ്.

മൂന്ന് തവണ എം.എല്‍.എയും മുന്‍ സംസ്ഥാന ആരോഗ്യ മന്ത്രിയുമായ ബന്ദി സമൂഹത്തെ സ്വതന്ത്രമാക്കാനുള്ള വഴികള്‍ നിര്‍ദ്ദേശിക്കുന്നതിന് പകരം മയക്കുമരുന്ന് പ്രോത്സാഹിപ്പിക്കുകയാണെന്ന് എം.എല്‍.എയുടെ വിവാദ പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ട് കോണ്‍ഗ്രസ് ബിലാസ്പൂര്‍ ജില്ലാ ഘടകം വക്താവ് അഭയ് നാരായണ്‍ റായ് പറഞ്ഞു.

ഒരു ലഹരിയുടെ ഉപയോഗം നിര്‍ത്താനുള്ള മാര്‍ഗം മറ്റൊരു ലഹരിയുടെ ഉപയോഗമല്ല. ഇത്തരം അപക്വമായ ആശയങ്ങള്‍ പരിഷ്‌കൃത സമൂഹത്തില്‍ അംഗീകരിക്കാനാവില്ലെന്നും റായ് കൂട്ടിച്ചേര്‍ത്തു.

 

Content Highlight:  Encourage use of bhang, cannabis as alternatives to liquor to prevent crime: Chhattisgarh BJP MLA